നേതൃത്വ മാറ്റം കാലഘട്ടത്തിന് അനിവാര്യം: മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേതൃത്വമാറ്റം അനിവാര്യമാണെന്ന് കരുതുന്നതായി മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഫെബ്രുവരി 24ന് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയും പെന്‍സ് നല്‍കി. വസന്തകാലത്തിന്റെ വരവോടെ ഇതില്‍ ഒരു അന്തിമ തീരുമാനമെടുക്കുമെന്നും പെന്‍സ് പറഞ്ഞു. വ്യക്തമായ തീരുമാനത്തിലെത്താന്‍ അല്പം കൂടി സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രമ്പ്-പെന്‍സ് ഭരണത്തില്‍ സ്വീകരിച്ച തന്ത്രപ്രധാന നയങ്ങളോടു അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണ യോജിപ്പാണെന്നും പെന്‍സ് പറഞ്ഞു. ട്രമ്പിനെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സങ്കീര്‍ണ്ണമാക്കും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കുവാനും പെന്‍സ് മറന്നില്ല.

2020 ജനുവരിയിലെ തിരഞ്ഞെടുപ്പു അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ സ്‌പെഷല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്ത് ഗ്രാന്റ് ജൂറിക്കു മുമ്പില്‍ വിചാരണക്ക് ഹാജരാക്കാന്‍ മൈക്ക് പെന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം ഫെഡറല്‍ ജഡ്ജിക്കുമുമ്പില്‍ ഉന്നയിച്ചതു ഭരണഘടനാ ലംഘനമാണെന്നും പെന്‍സ് പറഞ്ഞു.

ട്രമ്പിനും, മറ്റു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ തമ്മിലുള്ള നയപരമായ വ്യത്യാസങ്ങള്‍ വ്യക്തമാക്കാന്‍ പെന്‍സ് വിസമ്മതിച്ചു. 2020 ല്‍ തന്റെ കൂടെ മത്സരിച്ച സ്ഥാനാര്‍ത്ഥിയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായിരിക്കുമെന്നും പെന്‍സ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News