വന്ദ്യ ഷേബാലി അച്ചൻറെ നാല്പതാം ചരമദിനം ഫിലഡൽഫിയയിൽ

ഫിലഡൽഫിയ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരിയും ആയിരുന്ന ഫാ. ബാബു വർഗീസിന്റെ (ഷേബാലി അച്ചൻ ) നാല്പതാം ചരമദിനം ഫെബ്രുവരി 25 ശനിയാഴ്ച മാതൃ ഇടവകയിൽ ആചരിച്ചു.

ഫാ. ഡോ. രാജു വർഗീസിൻറെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഭദ്രാസനത്തിലെ നിരവധി വൈദികർ സഹ കാർമ്മികരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഇടവക വികാരി ഫാ. ഡോ. വർഗീസ്‌ എം. ഡാനിയേൽ അദ്ധ്യക്ഷനായിരുന്നു. വന്ദ്യ ഷേബാലി അച്ചന് സ്മരണാഞ്ജലി അർപ്പിക്കാൻ നിരവധി വൈദികരും അല്മായരും ഒത്തുചേർന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

വർഷങ്ങളായി ഷേബാലി അച്ചനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധി ആളുകൾ അവരുടെ ഓർമ്മകൾ പങ്കു വച്ചു. വൈദിക സെമിനാരിയിൽ സഹപാഠി ആയിരുന്ന ഫാ. ഡോ. രാജു വർഗീസ് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്‌കൂളിനുവേണ്ടി ഷേബാലി അച്ചനോടോപ്പം ഒരുമിച്ച് പ്രവർത്തിക്കാനായത് സ്മരിച്ചു.

തുടർന്ന് പ്രസംഗിച്ച വെരി റവ. കെ. മത്തായി കോർ-എപ്പിസ്കോപ്പ, ഫാ. ഷിബു എം. ഡാനിയേൽ (വൈദിക സംഘം സെക്രട്ടറി), ഫാ. വി. എം. ഷിബു ( ഭദ്രാസന കൗൺസിൽ അംഗം), ഫാ. സിബി വർഗീസ്, ഫാ. എബി പൗലോസ്, ഫാ .ഡോ. ജോൺസൺ സി.ജോൺ, ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) എന്നിവർ ഫാ. ഷേബാലിയുടെ ഓർത്തഡോൿസ് വിശ്വാസത്തിലുള്ള തീഷ്ണതയും അറിവും സഭാസ്നേഹവും എടുത്തുപറഞ്ഞു. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായി
അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ സ്മരണീയമെന്ന് പ്രസംഗകർ ഓർമിപ്പിച്ചു.

ഇടവകയെ പ്രതിനിധീകരിച്ച് സംസാരിച്ച ബിസ്മി മറിയം വർഗീസ് ഫാ. ഷേബാലിയുടെ ഇടവകയോടുള്ള സ്‌നേഹവും സമർപ്പണവും തന്റെ അവസാന നാളുകൾ വരെ പുലർത്തിയിരുന്നത് നന്ദിയോടെ സ്മരിച്ചു. ഫാ. ഷേബാലിയുടെ കുടുംബത്തിനുവേണ്ടി ബോണി മാത്യു ബിനു മാത്യു, (മക്കൾ) ഇടവക അംഗങ്ങളുടെ നിസ്വാർത്ഥ സ്നേഹത്തിനും, അകമഴിഞ്ഞ പിന്തുണയ്ക്കും കടപ്പാട് അറിയിച്ചു. തങ്ങളുടെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ കുടുംബത്തിന് നൽകിയ പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും ഇടവകയോടും ഭദ്രാസന മെത്രാപ്പോലീത്തയോടും വൈദികരോടും അൽമായരോടും അവർ നന്ദി അറിയിച്ചു.

ഫാ. ഡോ. വർഗീസ്‌ എം. ഡാനിയേൽ തൻ്റെ സമാപന പ്രസംഗത്തിൽ ഫാ. ഷേബാലിയുടെ സേവനങ്ങൾക്ക് ഭദ്രാസനത്തിൻറെ കടപ്പാട് അറിയിച്ചു. നിലവിൽ ഇന്ത്യയിലുള്ള ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ പ്രാർത്ഥനയും പിന്തുണയും അറിയിച്ചുകൊണ്ടുള്ള സന്ദേശവും അദ്ദേഹം അറിയിച്ചു. കേരളത്തിലെ മാതൃ ഇടവകയിൽ ഫാ.
ഷേബാലിയുടെ മുപ്പതാം ചരമദിന അനുസ്മരണ ശുശ്രൂഷയ്ക്ക് മാർ നിക്കളാവോസ് നേതൃത്വം നൽകിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News