കുപ്രസിദ്ധ കുറ്റവാളി ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയേയും കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലടച്ചു; ആറു മാസം കഴിഞ്ഞ് നാടു കടത്തും

കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റിലായ സ്വർണക്കടത്ത്-ക്വട്ടേഷന്‍ തലവൻ ആകാശ് തില്ലങ്കേരി ജയിലിലേക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചത്. ഇയ്യാളോടൊപ്പം കൂട്ടാളി ജിജോ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു.

ഇവരെ ആറ് മാസത്തേക്ക് ജയിലിൽ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. അതിനു ശേഷം നാടു കടത്തും. ആകാശും ജിജോയും സ്ഥിരം ക്രിമിനലുകളാണെന്ന പോലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ആകാശിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകക്കേസുകളടക്കം 14 ക്രിമിനൽ കേസുകളാണ് ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഷുഹൈബ് കൊലക്കേസിൽ ജാമ്യം ലഭിച്ച ആകാശ് തില്ലങ്കേരി അടുത്തിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചില നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതോടെയാണ് ആകാശിനെ പൂട്ടാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്. പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ വധിച്ചത് എന്നായിരുന്നു ആകാശ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഇത് വലിയ വിവാദമായതോടെ ആകാശിന് മേൽ കാപ്പ ചുമത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News