ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്‌ട്രോംഗ് റൂമിൽ എത്താൻ വൈകിയതില്‍ ദുരൂഹതയെന്ന്

പത്തനംതിട്ട: ശബരിമലയിൽ ലഭിച്ച സ്വർണം കൈകാര്യം ചെയ്തതില്‍ ദുരൂഹതയെന്ന് സൂചന. സ്‌ട്രോങ് റൂമിൽ സ്വർണം എത്തിക്കാൻ കാലതാമസം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തി. സ്ഥലം മാറിയ ദേവസ്വം ബോർഡ് ജീവനക്കാരൻ സ്‌ട്രോങ് റൂമിന്റെ താക്കോൽ കൈമാറാതെ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

400 പവൻ സ്വർണമാണ് ഇത്തവണ ശബരിമലയിൽ നടവരവായി ലഭിച്ചത്. ഇതിൽ 180 പവൻ സ്വർണം കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. മകരവിളക്ക് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട ശേഷമാണ് സ്വർണം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. ഇതുവഴി ലഭിച്ച സ്വർണവും വെള്ളിയും സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് ചെയർമാൻ തിരുവാഭരണം കമ്മീഷണർ ജി.ബൈജുവിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തിയിരുന്നു.

ആരോപണം ഉയർന്ന 180 പവൻ സ്വർണം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ് ശാന്തകുമാർ, അസി. എക്‌സിക്യൂട്ടവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.എസ് ശാന്തകുമാർ, എസി. എക്‌സിക്യൂട്ടീവ് ഓഫീസർ എം.രവികുമാർ എന്നിവരാണ് സന്നിധാനത്ത് നിന്നും സ്‌ട്രോങ് റൂമിൽ എത്തിച്ചത്. നട അടച്ച ഉടനെ ഈ സ്വർണം സ്‌ട്രോങ് റൂമിൽ എത്തിക്കാതിരുന്നത് ഇവരുടെ വീഴ്ചയാണെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

ഇതിനിടെ മകരവിളക്ക് തീർഥാടന കാലത്ത് സ്‌ട്രോങ് റൂമിന്റെ ചുമതലയുള്ള ക്ലർക്ക് കെഎസ്‌എഫ്‌ഇയിൽ ജോലി ലഭിച്ചു. അയാളുടെ കൈയ്യിലായിരുന്നു താക്കോൽ. സാധാരണയായി സ്‌ട്രോങ് റൂം പരിശോധിച്ച് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ശരിയാണോ എന്ന് ഉറപ്പാക്കണം. കൂടുതൽ ക്രമക്കേട് നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News