ഹണ്ടിങ്ടൺ‌വാലി സെൻറ് മേരീസ് കത്തീഡ്രലിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

ഹണ്ടിങ്ടൺ‌വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽ ആരംഭിച്ചു.

ഫെബ്രുവരി 26 ഞായറാഴ്ച, ഫാമിലി & യൂത്ത് കോൺഫറൻസ് ടീം ഇടവക സന്ദർശിച്ചു. വികാരി വെരി റവ. സി.ജെ. ജോൺസൺ കോർ-എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം, പരിശുദ്ധ ഗീവർഗീസ് മാർ ദിവന്നാസിയോസ് (വട്ടശ്ശേരിൽ) തിരുമേനിയുടെയും അമേരിക്കൻ ഭദ്രാസനത്തിന്റെ സ്ഥാപക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസിന്റെയും ഓർമ്മയോടനുബന്ധിച്ചു ധൂപ പ്രാർത്ഥനയും അനുസ്മരണവും ഉണ്ടായിരുന്നു.

തുടർന്ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് മീറ്റിങ്ങും നടന്നു. ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ഡോ. സാക്ക് സക്കറിയ (മുൻ ഭദ്രാസന കൗൺസിൽ അംഗം), ബിഷേൽ ബേബി & ഡാൻ തോമസ് (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ വികാരി പരിചയപ്പെടുത്തി സ്വാഗതം ചെയ്തു.

ഫാമിലി കോൺഫറൻസ്, യൂത്ത് മിനിസ്ട്രി എന്നിവയിലെ തന്റെ വർഷങ്ങളുടെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും
കോൺഫറൻസിനായി രജിസ്റ്റർ ചെയ്യാനും പിന്തുണയ്ക്കാനും വന്ദ്യ കോർ-എപ്പിസ്കോപ്പ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ഉദ്ദേശ്യം, നേതാക്കൾ, ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് ഉമ്മൻ കാപ്പിൽ വിശദീകരിച്ചു.

കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ്‌ സെന്ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. “യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ആധ്യാത്മിക, കായിക, കലാപരിപാടികൾസംഘാടകർ ആസൂത്രണം ചെയ്യുന്നുണ്ട് .

സമ്മേളന വേദി, റിട്രീറ്റ് സെന്റർ, യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി ഭദ്രാസനം സംഘടിപ്പിക്കുന്ന ദർശന പരിപാടികൾ എന്നിവയെ കുറിച്ച് ഡോ. സാക്ക് സക്കറിയ സംസാരിച്ചു. കോൺഫറൻസിനെ അനുസ്മരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ലേഖനങ്ങളും പരസ്യങ്ങളും അഭിനന്ദനങ്ങളും ചേർക്കാനുള്ള അവസരവും രജിസ്ട്രേഷൻ പ്രക്രിയയും ബിഷേൽ ബേബി വിവരിച്ചു. കഴിഞ്ഞ കോൺഫറൻസുകളിൽ കുടുംബത്തോടൊപ്പം പങ്കെടുത്തതിന്റെ സ്വന്തം അനുഭവം ബിഷേൽ
പങ്കുവെക്കുകയും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ബെന്നി ഉലഹന്നാൻ (ഇടവക ട്രഷറർ), തോമസ് കോര (ഇടവക സെക്രട്ടറി) എന്നിവർ സുവനീറിൽ ഇടവകയുടെ ആശംസ ഉൾപ്പെടുത്തുന്നതിനുള്ള സ്പോൺസർഷിപ്പ് ചെക്ക് കൈമാറി. സുവനീറിന് രജിസ്ട്രേഷനും അഭിനന്ദനങ്ങളും സമർപ്പിച്ചുകൊണ്ട് നിരവധി ഇടവക അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. റോയി വർഗീസ്, പ്രൊഫസർ ഫിലിപ്പോസ് ചെറിയാൻ, സാമുവൽ കുര്യാക്കോസ്, ഡാൻ തോമസ്, ഷൈല രാജൻ, തോമസ് നൈനാൻ, എൽദോസ് മാത്യു, ജോൺ ജോൺസൺ, ജെയ്സ് കെ. സ്കറിയ എന്നിവർ പിന്തുണ നൽകിയവരിൽ ഉൾപ്പെടുന്നു. ഇടവകയുടെ ആത്മാർത്ഥ സഹകരണത്തിന് വികാരിയോടും ഇടവക ജനങ്ങളോടും ഉമ്മൻ കാപ്പിൽ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News