കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

കേരളത്തിന് സാമ്പത്തിക സമ്മർദം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി കോണോര്‍‌വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ സംഘടിപ്പിച്ച തലശ്ശേരി മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരിഞ്ചും മുന്നോട്ടു പോകാൻ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഫെഡറൽ വ്യവസ്ഥയിൽ സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് വേണ്ടത്. സംസ്ഥാനങ്ങളെ അതൃപ്തിയിലേക്ക് തള്ളിവിടുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലാത്തതാണ്. കേന്ദ്രം അനുവദിക്കേണ്ട സാധാരണ സാമ്പത്തിക വിഹിതവും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. ജി എസ് ടി വിഹിതം നിർത്തലാക്കിയതിനൊപ്പം സംയുക്ത പദ്ധതികൾക്ക് 75 ശതമാനം കേന്ദ്രം വഹിച്ചിരുന്നത് 60 ശതമാനമാക്കി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംയുക്ത പദ്ധതിയുടെ ഭാഗമായി വലിയ കുടിശ്ശികയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ ശബ്ദിക്കാനേ തയ്യാറല്ല. എല്ലാ പദ്ധതികളെയും വിവാദത്തിലാക്കാനാണ് ശ്രമമെന്നും ഏതു പരിപാടിയും ബഹിഷ്കരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവകേരള സദസ്സിനെ തെരുവിൽ നേരിടും എന്നാണ് പ്രതിപക്ഷം പറയുന്നത്. അതിൽനിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ജനങ്ങളെ വെല്ലുവിളിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവളം-ബേക്കൽ ജലപാതയുടെ കോഴിക്കോടിനപ്പുറം കോവളം വരെയുള്ള ഭാഗം അടുത്ത മാസങ്ങളിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്‌നം ഉള്ളതിനാൽ അല്പംകൂടി സമയം എടുക്കും. ആരെയും ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാർ നയം. ജലപാതയിലൂടെ ജലഗതാഗതം, ചരക്കുനീക്കം എന്നിവയ്‌ക്കൊപ്പം അനന്തമായ ടൂറിസം സാധ്യതകളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിനൊപ്പം നാടിന് വരുമാനം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികളും ഉണ്ടാവും. ജലപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയ്ക്കനുസരിച്ച് നല്ല നഷ്ടപരിഹാരം നൽകും. മറ്റൊരു ഭൂമി വാങ്ങാൻ കഴിയും വിധത്തിലാണ് ഭൂമിക്ക് വില നൽകുക. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രയാസം ലഘൂകരിക്കാനുള്ള സഹായങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭ സ്പീക്കർ എ എൻ ഷംസീർ പരിപാടിയിൽ അധ്യക്ഷനായി. മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, വീണാ ജോർജ് എന്നിവർ പ്രസംഗിച്ചു. മറ്റു മന്ത്രിമാർ, സംഘാടക സമിതി ജനറൽ കൺവീനർ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ, തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ജമുനാ റാണി ടീച്ചർ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, മുൻ എം പി കെ കെ രാഗേഷ്, പി ശശി തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കാനായി 16 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. 2264 പരാതികൾ ലഭിച്ചു.നവകേരള സദസിന്റെ ഭാഗമായി സിതാര കൃഷ്ണകുമാർ അവതരിപ്പിച്ച സിത്താരാസ് പ്രൊജക്ട് മലബാറിക്കസ് സംഗീത പരിപാടി, ആൽമരം മ്യൂസിക് ബാൻഡ് ഷോ എന്നിവയും അരങ്ങേറി.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

Print Friendly, PDF & Email

Leave a Comment

More News