നവകേരള സദസ് ലക്ഷ്വറി ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാം

തിരുവനന്തപുരം: 2023-ൽ നവകേരള സദസ് എന്ന ഒരു മാസത്തെ പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മറ്റു മന്ത്രിമാരുടേയും ജനസമ്പര്‍ക്ക യാത്രയ്‌ക്കായി വാങ്ങിയ ആഡംബര ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാം. അതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (കെഎസ്ആർടിസി) പതിവ് യാത്രാ വാഹനങ്ങളുടെ ഭാഗമാക്കാനുള്ള ജോലികള്‍ പൂര്‍ത്തിയായി.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലോ കോഴിക്കോട്-ബെംഗളൂരു റൂട്ടിലോ ബസ് സർവ്വീസ് ആരംഭിക്കാനാണ് സാധ്യത.

ബെൻസ് ലക്ഷ്വറി ബസ് പുറത്തിറക്കിയ കർണാടക ആസ്ഥാനമായുള്ള ഒരു ഓട്ടോമൊബൈൽ ബോഡി ബിൽഡിംഗ് ഔട്ട്‌ലെറ്റാണ് ബസിലെ സീറ്റുകൾ പുനഃക്രമീകരിക്കുന്നതിനുള്ള ജോലികൾ പൂർത്തിയാക്കിയത്. പേപ്പർ വർക്കുകൾ പൂർത്തിയായി, മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെൻ്റ് (എംവിഡി) സ്റ്റേജ് കാരിയർ പെർമിറ്റ് നൽകിക്കഴിഞ്ഞാൽ, “ഏറ്റവും സാമ്പത്തികമായി ലാഭകരമായ റൂട്ടിൽ” പ്രത്യേക നിരക്കിൽ ബസ് സർവീസ് ആരംഭിക്കുമെന്ന് പറയുന്നു.

സംസ്ഥാനവും പൊതുസമൂഹവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സമയത്ത് ആഡംബര ബസ്സുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷണത്തിനും നിരവധി പൊതുവിമർശനത്തിനും വിധേയമായിരുന്നു. 1.05 കോടി രൂപ മുടക്കി ബസ് വാങ്ങിയതിനെതിരെ പ്രതിപക്ഷത്തു നിന്നും പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.

ബസിൻ്റെ ഉൾവശം പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിലും 25 സീറ്റുകളുള്ള ബസിൽ ഇപ്പോഴും ശുചിമുറിയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, കോർപ്പറേഷൻ്റെ ഏറ്റവും പുതിയ നയമനുസരിച്ച് ബസിൽ കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നതിനുള്ള സൗകര്യവുമുണ്ടാകും.

ദീർഘദൂര ബസുകളിൽ വെള്ളവും ലഘുഭക്ഷണവും നൽകാൻ കെഎസ്ആർടിസി അടുത്തിടെ തീരുമാനിച്ചിരുന്നു.

നവകേരള സദസ് ബസിൻ്റെ ടിക്കറ്റ് നിരക്ക് ഉടനെ തീരുമാനിക്കുമെന്നും, റൂട്ടിലെ മറ്റ് കെഎസ്ആർടിസി ബസുകളെ അപേക്ഷിച്ച് ബസിലെ ടിക്കറ്റ് നിരക്ക് അൽപ്പം കൂടുതലായിരിക്കുമെന്നും അധികൃതർ പറഞ്ഞു.

പുറംഭാഗം നിലനിർത്തി
ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്‍റെ ബോഡി നിര്‍മിച്ചത്. കറുപ്പ് നിറത്തോട് സാമ്യം തോന്നിക്കുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ബ്രൗണ്‍ നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, പ്രസിദ്ധമായ ഹൗസ് ബോട്ടുകൾ, പ്രശസ്തമായ ക്ഷേത്രങ്ങൾ, മുസ്ലീം/കൃസ്ത്യന്‍ പള്ളികൾ, ചൈനീസ് മത്സ്യബന്ധന വലകൾ, മറ്റ് കലാരൂപങ്ങൾ എന്നിവയുൾപ്പെടെ കേരളത്തിൻ്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ബസ്സിൻ്റെ പുറം ഭാഗം നിലനിർത്തിയിട്ടുണ്ട്.

ബസ് വാങ്ങുന്നതിനും നവീകരിക്കുന്നതിനുമുള്ള ഫണ്ട് കെഎസ്ആർടിസിയാണ് വഹിച്ചത്.

Print Friendly, PDF & Email

Leave a Comment

More News