ഫിലാഡല്‍ഫിയയില്‍ ബിഷപ് തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നുമണിക്ക് അവസാനിക്കും. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനസ്കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവര്‍ക്കു മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണു മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്‍റെ വഴി എന്നിവയാണു വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം.

മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. അഞ്ചുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

മാര്‍ച്ച് 12 ഞായറാഴ്ച്ച രാവിലെ എട്ടരക്കുള്ള വിശുദ്ധകുര്‍ബാനയോടെ മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് മൂന്നുമണിക്ക് ധ്യാനം സമാപിക്കും.

സി.സി.ഡി. കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ധ്യാനം ശനിയാഴ്ച്ചയും, ഞായറാഴ്ചയും മാത്രമായിരിക്കും നടത്തപ്പെടുക. മിഡില്‍സ്കൂള്‍, ഹൈസ്കൂള്‍ കുട്ടികള്‍ക്കു രൂപതയിലെ യുവജന അപ്പസ്തോലേറ്റ് പ്രതിനിധികളായിരിക്കും ധ്യാനശുശ്രൂഷ നിര്‍വഹിക്കുന്നത്. എലമെന്‍ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ക്കായി മതാധ്യാപകര്‍ ക്ലാസുകള്‍ കൊടുക്കും. കുട്ടികള്‍ക്കായി ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു രണ്ടുദിവസവും ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ വളരാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ക്ഷണിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News