ദുരിതാശ്വാസ ഫണ്ട് ദുര്‍‌വിനിയോഗം: പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി വരെ പോകുമെന്ന് പരാതിക്കാരൻ

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച കേസിലെ വിധി ഫുൾ ബെഞ്ചിന് വിട്ടു. കേസ് വീണ്ടും വിശദമായി പരിഗണിക്കും. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തീരുമാനം ഫുൾ ബെഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഡെപ്യൂട്ടി ലോകായുക്തമാരും അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസിൽ അന്തിമ വിധി പറയുക. വിശദമായ വാദം കേൾക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും

ജസ്റ്റിസുമാരായ സിറിയക് ജോസഫും ഹാരുൺ അൽ റഷീദും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഒരാൾ പരാതിക്ക് അനുകൂലമായും മറ്റൊരാൾ എതിർത്തും വിധിച്ചു. ഹരജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്ന കാര്യത്തിലും ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ടായി.

ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവരാണ് ഫുള്‍ ബെഞ്ചിലുള്ളത്. പുതിയ ബെഞ്ചിന് മുന്നില്‍ ഇനി കേസില്‍ വിശദമായ വാദം കേള്‍ക്കും. ഇതോടെ അന്തിമവിധിക്ക് കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പായി. അതേസമയം വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആർ.എസ്.ഹരികുമാർ അറിയിച്ചു. നീതിക്കായി സുപ്രീംകോടതി വരെ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വിചാരണ പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഏറെ നിർണായകമായിരുന്നു ഇന്നത്തെ ലോകായുക്ത വിധി. മൂന്ന് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ദുരിതാശ്വാസവിധി വകമാറ്റിയതെന്ന് ഹർജിക്കാരനായ ആർ.എസ്.ഹരികുമാർ ആരോപിക്കുന്നത്.

1. മുൻ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് മരണാനന്തര സഹായമായി 25 ലക്ഷം രൂപ അനുവദിച്ചു.

2. അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ കെ.കെ..രാമചന്ദ്രൻ നായരുടെ മകന് ജോലിക്കൊപ്പം ഭാര്യയുടെ സ്വർണപ്പണയം വീട്ടാനും കാറിന്റെ വായ്പ അടയ്ക്കാനുമായി 8 ലക്ഷം രൂപ അനുവദിച്ചു.

3. മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി വാഹനാപകടത്തിൽ മരിച്ച പോലീസുകാരന്റെ ഭാര്യയ്ക്ക് ജോലി നൽകിയതിനൊപ്പം 20 ലക്ഷം രൂപ ധനസഹായം നൽകി.

ഈ മൂന്ന് സഹായങ്ങളും ചട്ടങ്ങൾ പാലിക്കാതെയുള്ള അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും, അതിനാൽ മന്ത്രിമാരിൽ നിന്ന് പണം തിരിച്ചു പിടിക്കണമെന്നുമാണ് പരാതി.

 

Print Friendly, PDF & Email

Leave a Comment

More News