ചരിത്ര നേട്ടവുമായി സിഡ്കോ; 15 വർഷത്തിലാദ്യമായി 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി

ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാനും സിഡ്‌കോയ്ക്ക് സാധിച്ചു

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ചരിത്ര നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തെ കാലയളവിൽ ആദ്യമായി 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം എന്ന മികച്ച നേട്ടമാണ് കൈവരിച്ചത്. ഒപ്പം, 2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാന്‍ സിഡ്‌കോയ്ക്ക് സാധിച്ചിരിക്കുകയായാണ്.

വരുന്ന 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 253 കോടി രൂപയുടെ വിറ്റുവരവും 4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് സിഡ്കോയുടെ ചുമതല വഹിക്കുന്ന കിൻഫ്ര മാനേജിങ് ഡയറക്ടർ കൂടിയായ ശ്രീ സന്തോഷ് കോശി തോമസ് അറിയിച്ചു. മുടങ്ങിക്കിടന്നിരുന്ന നാലു സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കുവാനും അതിനുശേഷമുള്ള ഒരു വര്‍ഷത്തെ അക്കൗണ്ടിംഗ് പൂര്‍ത്തീയാക്കി ബോര്‍ഡിന്റെ അംഗീകാരം നേടുവാനും കഴിഞ്ഞ 20 മാസക്കാലയളവിനുള്ളില്‍ സിഡ്‌കോയ്ക്ക് സാധിച്ചിട്ടുണ്ടെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർത്തിയാകുന്ന സാമ്പത്തിക വർഷത്തിൽ സിഡ്‌കോ ഉറപ്പാക്കിയ നേട്ടങ്ങൾ ഏറെയാണ്. വിവിധ ഡിവിഷനുകളുടെ പ്രവര്‍ത്തനങ്ങളിൽ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി മേഖലകൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ കരട് പ്രൊപ്പോസല്‍ തയ്യാറാക്കി. ഇതോടൊപ്പം, 5.3 കോടി രൂപയോളം ഗ്രാറ്റുവിറ്റി കുടിശ്ശിക തീര്‍ക്കുകയും മെയ് 2022 മുതല്‍ പി.എഫ് മുടക്കം കൂടാതെ അടയ്ക്കുകയും ചെയ്യുന്നുണ്ട്. വിരമിച്ച ജീവനക്കാരുടെ കുടിശ്ശിക മുന്‍ഗണനാക്രമത്തില്‍ തീര്‍ത്തുവരുന്ന സിഡ്കോ 2023-24 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കുടിശ്ശികയും കൊടുത്ത് തീർക്കുവാനുള്ള എല്ലാ പ്രവർത്തനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ്, പ്രിൻസിപ്പാൾ സെക്രട്ടറി ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന നിരന്തരമായുള്ള അവലോക പ്രവർത്തനങ്ങൾ സിഡ്കോയുടെ വളർച്ചയിൽ ഏറെ ഗുണപരമായ മാറ്റങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. സംസ്ഥാനത്തിന്റെ വ്യവസായ രംഗത്ത് മുതൽക്കൂട്ടാകാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും, സശ്രദ്ധമുള്ള മാർഗനിർദേശങ്ങളും വ്യവസായ മന്ത്രിയുടേയും, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഭാഗത്തു നിന്ന് ലഭ്യമാകുന്നതിലൂടെ ചരിത്രനേട്ടത്തിലേയ്ക്ക് കുതിക്കാൻ സിഡ്‌കോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വരുന്ന സാമ്പത്തിക വർഷത്തെ കണക്കുകൾ കൂടുതൽ മികവുറ്റതാക്കാൻ ഇവ കൂടുതൽ സഹായകമാകും എന്ന് സിഡ്കോ മാനേജിങ് ഡയറക്ടർ പ്രത്യാശ പ്രകടിപ്പിച്ചു.

1975 നവംബറിൽ സ്ഥാപിതമായ സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കോർപ്പറേഷനായ കേരള സിഡ്‌കോ സംസ്ഥാനത്തെ വ്യാവസായിക മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾ ബൃഹത്താണ്. റോ മെറ്റീരിയൽ ഡിവിഷന്റെ ഫലപ്രദമായ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാതല ഓഫീസുകളുള്ള സിഡ്കോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവിധ സാമഗ്രികൾ വിതരണം ചെയ്തു വരുന്നു. ഇരുമ്പ്, ഉരുക്ക് വസ്തുക്കൾ, സിമന്റ്, ബിറ്റുമിൻ, റൂഫിംഗ് ഷീറ്റുകൾ, പെയിന്റുകൾ, ലൂബ്രിക്കന്റുകൾ, മറ്റ് അസംസ്കൃത വസ്തുക്കൾ, നിർമ്മാണ സാമഗ്രികൾ എന്നിവ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്നു. സി പി സി എൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച് പി സി എൽ, എം ആർ പി എൽ, ബി പി സി എൽ തുടങ്ങിയ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളികളാകുന്നുമുണ്ട് സിഡ്കോ.

സിഡ്കോയുടെ മാർക്കറ്റിംഗ് വിഭാഗത്തിന്റെ സഹായത്തോടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വിപണന പിന്തുണ നൽകാനും കഴിയുന്നുണ്ട്. സംസ്ഥാനത്തുടനീളം 17 സബ് ഓഫീസുകൾ മാർക്കറ്റിങ് ഡിവിഷനു കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നു. ഒപ്പം, പരോക്ഷ വിപണന സഹായത്തിനായി 250 സൂക്ഷ്മ ചെറുകിട യൂണിറ്റുകൾ എംപാനൽ ചെയ്തിട്ടുണ്ട്. കൂടാതെ, 400 ഓളം യൂണിറ്റുകൾ നേരിട്ട് മാർക്കറ്റിംഗ് സഹായത്തിനായി സിഡ്കോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒമ്പത് ഉൽപ്പാദന യൂണിറ്റുകൾ മുഖേന സിഡ്‌കോ നേരിട്ട് മരം, ഉരുക്ക് എന്നിവയിലധിഷ്ഠിതമായ കൃത്യതയുള്ള ജോലികൾ, ഫാബ്രിക്കേഷൻ ജോലികൾ എന്നിവ ഉറപ്പു വരുത്തുന്നു. വി എസ് എസ് സി, ഐ എസ് ആർ ഒ, ബ്രഹ്മോസ്, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ/അർദ്ധ സർക്കാർ ഏജൻസികൾ എന്നിവയാണ് സിഡ്കോയുടെ ഉത്പാദന യൂണിറ്റുകളുടെ പ്രധാന ഉപഭോക്താക്കൾ. മറ്റൊരു പ്രധാന ഡിവിഷനായ നിർമ്മാണ വിഭാഗം, സംസ്ഥാനത്തുടനീളം എഞ്ചിനീയർമാരുടെ ഒരു ശൃംഖലയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഇതോടൊപ്പം, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ഡിവിഷൻ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡിവിഷൻ, തുടങ്ങിയ വിഭാഗങ്ങളും സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

Print Friendly, PDF & Email

Related posts

Leave a Comment