ചിരിച്ചും ചിന്തിപ്പിച്ചും “ഒറ്റമരത്തണൽ”

മേരിലാൻഡ് : വാഷിങ്ടൺ DC, മേരിലാൻഡ്, വിർജീനിയ ഏരിയയിലെ എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരള ക്രിസ്ത്യൻസിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി ന്യുജേഴ്സി ഫൈൻ ആർട്സ് മലയാളത്തിന്റെ സംഗീത നാടകം “ഒറ്റമരത്തണൽ ” ജൂൺ 17 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് അരങ്ങേറും. എലനോർ റൂസ്വെൽറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് (7601 Hanover Parkway, Greenbelt, MD 20770) നാടകാവതരണം.

മേരിലാൻഡിലുള്ള സെന്റർ ഫോർ സോഷ്യൽ ചേഞ്ച് ഗ്രാൻഡ് സ്പോൺസറും, അലക്സാൻഡ്രിയയിൽ ഉള്ള അതിഥി റെസ്റ്റോറന്റ്, ഫ്രഡറിക്കിലുള്ള ഓപ്പൽ റിഡ്ജ് സെന്റർ എന്നിവർ സ്പോൺസർമാരും ആയ “ഒറ്റമരത്തണൽ” നാടകത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ഫൈൻ ആർട്സിന്റെയും (PT ചാക്കോ മലേഷ്യയുടെയും) സംയുക്താഭിമുഖ്യത്തിലുള്ള 44മത്തെ നാടകാവതരണമാണ് മേരിലാൻഡിലേത്. പിറവിയെടുത്ത് 22 വർഷങ്ങൾകൊണ്ട് അമേരിക്കൻ മലയാളികളുടെ കലാ ജിഹ്വയായി മാറിയ ഫൈൻ ആർട്സ് ഇതിനോടകം അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലായി 33ലധികം വേദികളിൽ വിവിധ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റമരത്തണൽ ന്യുജേഴ്സിയിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ സീറോ മലബാർ ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ആണ് നാടകം ഉദ്ഘാടനം ചെയ്തത്. നാടക കലാ സംഘത്തിലെ അംഗങ്ങളുടെ ആത്മവിശ്വാസത്തെ പ്രചോദിപ്പിക്കാനും നാടക കലയെ പ്രോത്സാഹിപ്പിക്കുവാനും കിട്ടിയ വലിയ ഒരു അംഗീകാരമായി അത്.
പത്മവിഭൂഷൺ ഡോക്ടർ കെ. ജെ. യേശുദാസ് ഭദ്രദീപം കൊളുത്തി 2001 ഫെബ്രുവരി 24ന് ആദ്യ നാടകമായ പ്രമാണി സ്റ്റേജിൽ അവതരിപ്പിച്ചു. നാടകം, നൃത്തം, ചരിത്രാവിഷ്കാരം തുടങ്ങി വിവിധ കലാരൂപങ്ങൾ സംശുദ്ധവും സുതാര്യവുമായ ശൈലിയിൽ ആധികാരികതയോടെ ആസ്വാദക സമക്ഷം സമർപ്പിച്ച ക്ലബ്ബിന് സ്വന്തമായി രംഗപടം, ലൈറ്റിംഗ്, മേക്കപ്പ്, സാമഗ്രികൾ എല്ലാം സ്വന്തമാക്കാൻ കഴിഞ്ഞു.

(രംഗത്ത് വരുന്നവരുടെ ക്രമമനുസരിച്ച്) സജിനി സഖറിയ, റോയ് മാത്യു, സണ്ണി റാന്നി, റ്റീനോ തോമസ്, മെറിൻ റ്റീനോ, ഷിബു ഫിലിപ്പ്, ഷൈനി ഏബ്രഹാം, രഞ്ജി കൊച്ചുമ്മൻ, ജോർജ് തുമ്പയിൽ എന്നിവരാണ് രംഗത്ത്. സംവിധാനം – രഞ്ജി കൊച്ചുമ്മൻ, വെളിച്ചം – ജിജി ഏബ്രഹാം, സംഗീത നിർവഹണം- റീന മാത്യു, സ്റ്റേജ് മാനേജ്മെന്റ് – ചാക്കോ റ്റി ജോൺ, ഡിജോ കലമറ്റം, ജോൺ (ക്രിസ്റ്റി) സഖറിയ, മെയ്ക്കപ്പ് – എഡിസൺ ഏബ്രഹാം. ഇപ്പോഴത്തെ ഭരണസമിതിയിൽ PT ചാക്കോ മലേഷ്യ -പേട്രൻ, ജോർജ് തുമ്പയിൽ – ചെയർമാൻ, ജോൺ (ക്രിസ്റ്റി) സഖറിയാ- പ്രസിഡന്റ്, റ്റീനോ തോമസ് -സെക്രട്ടറി, എഡിസൺ ഏബ്രഹാം – ട്രഷറർ, സണ്ണി റാന്നി, ജോർജ് മുണ്ടൻചിറ, ദേവസ്സി പാലാട്ടി എന്നിവരും സേവനമനുഷ്ടിക്കുന്നു. റോയ് മാത്യു ആണ് ഓഡിറ്റർ.
ന്യൂജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥ കണ്ടെത്തുക എന്നത് തന്നെ ശ്രമകരം ആയിരുന്നു. മാതൃനാടിന്റെ ഗൃഹാതുരത്വം ഹൃദയത്തിൽ ഏറ്റിക്കഴിയുന്ന കലാസ്നേഹികളായ എല്ലാവരുടെയും മനസ്സിനെ 80 കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള ഒരു ശ്രമത്തിലാണ് ഫൈൻ ആർട്സ് മലയാളം.

കൂടുതൽ വിവരങ്ങൾക്ക് ഡോ. മാത്യു തോമസ് (301)526-8723, ഡോ. ജോർജ് വർഗീസ് (240)506-3400, സോണി തോമസ് (240)848-0024.

Email: eckc.greaterwashington@gmail.com

Print Friendly, PDF & Email

Leave a Comment

More News