എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്നി

തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനസികതലത്തില്‍ വരുത്തുന്ന സമഗ്ര മാറ്റങ്ങളെ പറ്റി ഒരു വിശകലനം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംയോജനം അധ്യാപനവും പഠനാനുഭവങ്ങളും ഏറെ മെച്ചപ്പെടുത്താനും വിജ്ഞാന സമ്പാദനം സുഗമമാക്കാനും അതുവഴി തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വ്യാവസായിക മേഖലയില്‍ വന്‍ ശക്തിയായി വളര്‍ന്ന എ ഐ വിദ്യാഭ്യാസ രംഗത്ത് പരമ്പരാഗത രീതികളില്‍ വിപ്ലവകരമായ സമഗ്ര മാറ്റം വരുത്തി, പഠന രീതികളെ പുനര്‍ നിര്‍വചിക്കാനും അതുവഴി തൊഴില്‍ വീഥികള്‍ അതി നൂതനമാക്കുവാനും ഏറെ സഹായിച്ചേക്കും.അതിനു വേണ്ടി ഏതൊക്കെ രീതികളിലായിരിക്കണം എഐ യുടെ രൂപകല്പനകള്‍,അതിന്റെ വികാസവും വിന്യാസവും എപ്രകാരം ആയിരിക്കണമെന്നതിനെ സംബന്ധിച്ച് പഠനം അനിവാര്യമാണ്.

ഉപയോക്തൃ അനുഭവങ്ങള്‍,മാനുഷിക ഘടകങ്ങള്‍,ഉപയോഗ്യത എന്നിവയെ അധികരിച്ചായിരിക്കണം എ ഐ സംവിധാനങ്ങള്‍ രൂപകല്പന ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ അറിവ്, കാഴ്ചപ്പാട്,സ്വഭാവം എന്നിവ അടിസ്ഥാനമാക്കി ഉപയോക്താവിന്റെ മനസിലെ മോഡലുകള്‍,താല്‍പര്യങ്ങള്‍ ,ആവശ്യങ്ങള്‍ എന്നിവക്ക് അനുയോജ്യമായി എ ഐ സംവിധാനങ്ങളെ രൂപകല്പന ചെയ്യേണ്ടതുണ്ട്.

മനുഷ്യ കേന്ദ്രീകൃതമായ രൂപകല്പനാ തത്വങ്ങള്‍ക്ക് വിധേയമായി നിര്‍മിക്കപ്പെട്ട സംവിധാനങ്ങള്‍ അതിന്റെ
സുഗമമായ ഉപയോഗം, ഉപയോക്താവിന് വിജ്ഞാനം പകരുക, അവബോധം, ഉപയോക്തൃ ലക്ഷ്യങ്ങളില്‍ പിന്തുണ ഉറപ്പ് വരുത്തുക എന്നിവക്കൊപ്പം വിവിധ മാനുഷിക പക്ഷപാതങ്ങള്‍ ഏതുമില്ലാതെ ഉപയോഗിക്കപ്പെടുമെന്നു ഉറപ്പു വരുത്താന്‍ കഴിയുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിഗത പഠനരീതികളും നിര്‍ദേശങ്ങളും നല്‍കുക വഴി വിദ്യാര്‍ഥികള്‍ക്ക് സുസ്ഥിരമായ പഠനമികവ് പ്രദാനം ചെയ്യാന്‍ എഐയുടെ സാധ്യത ലോകം തിരിച്ചറിഞ്ഞതാണ്. എഐ അല്‍ഗോരിതങ്ങള്‍ക്ക് ഒരു വിദ്യാര്‍ഥിയുടെ തൊഴില്‍ ലക്ഷ്യങ്ങള്‍, കഴിവുകള്‍,പഠന മികവുകള്‍ എന്നിവ വിലയിരുത്തി ബന്ധപ്പെട്ട പഠന മേഖലകളിലെ കോഴ്‌സുകള്‍,ട്രെയിനിംഗ് പ്രോഗ്രാമുകള്‍, വെബിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ നിര്‍ദേശിക്കാന്‍ കഴിയും. സമഗ്ര ഡാറ്റ വിശകലനത്തിലൂടെ ഓരോ പഠിതാവിന്റെയും അറിവിലുള്ള അജ്ഞതകള്‍ ഉടന്‍ തിരിച്ചറിയാനും ആവശ്യമായ ഫീഡ്ബാക്കുകള്‍ തല്‍സമയം നിര്‍ദ്ദേശിക്കാനും അതുവഴി പഠന മികവ് ഉറപ്പ് വരുത്താനും (എ ഐ) സഹായിക്കുന്നു.

പല (എ ഐ) സാങ്കേതിക വിദ്യകളും ക്ലാസ്റൂം സംവിധാനങ്ങളെ ഭാവിയില്‍ മാറ്റി മറിച്ചേക്കും. ക്ലാസ് മുറികളില്‍ വിര്‍ച്വല്‍ റിയാലിറ്റി (വി. ആര്‍)യും ഓഗ്മെന്റഡ് റിയാലിറ്റിയും (എ ആര്‍) ചേര്‍ന്ന പഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ എ ഐക്ക് കഴിയും. നിലവില്‍ ഗെയിമിംഗിനും വിനോദ ആവശ്യങ്ങള്‍ക്കുമായി മാത്രമേ അവ കൂടുതലായി ഉപയോഗിക്കപ്പെടുന്നുള്ളു. എന്നാല്‍,വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍ ഭാവിയില്‍ പഠിതാക്കള്‍ക്ക് യഥാര്‍ഥ ലോക സാഹചര്യങ്ങളിലേക്ക് പൂര്‍ണമായും മുഴുകി, കൂടുതല്‍ ഫലപ്രദമായി മികവാര്‍ന്ന രീതിയില്‍ ഉള്ള പഠനം ഉറപ്പ് വരുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പ്രൊഫ. ഡോ. പുല്‍കിത് ഖന്ന, പ്രൊഫ. പദ്മനാഭ രാമാനുജം എന്നിവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News