വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ കോട്ടയത്ത് കെഎസ്ആർടിസി ബസിൽ നിന്ന് പിടികൂടി

കായംകുളം: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ്‌ കേസിനെത്തുടര്‍ന്ന്‌ ഒളിവിലായിരുന്ന മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ നിഖില്‍
തോമസിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ കോട്ടയത്ത്‌ കെഎസ്‌ആര്‍ടിസി ബസില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നാണ്‌ ഇയാള്‍ എവിടെയാണെന്നുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ്‌ നിഖില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്‌.

നിഖിലിന്‌ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയെന്ന്‌ കരുതുന്ന മുന്‍ എസ്‌എഫ്‌ഐ നേതാവിനെ മാലിദ്വീപില്‍ നിന്ന്‌ കൊണ്ടുവരാനുള്ള നടപടികളും പൊലീസ്‌ ആരംഭിച്ചിടുണ്ട്‌. നിഖിലിന്റെ സുഹൃത്തായ ഇയാള്‍ നേരത്തെ കായംകുളത്ത്‌ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്നു. നിഖില്‍ തന്റെ കലിംഗ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയപ്പോള്‍ നിഖിലിന്റെ അക്കൗണ്ടില്‍ നിന്ന്‌ രണ്ട്‌ ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക്‌ മാറ്റിയതായി പോലീസ്‌ കണ്ടെത്തിയിരുന്നു. നിഖിലിന്‌ പുറമെ മറ്റ്‌ ചിലര്‍ക്കും ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്‌ നല്‍കിയതായി സംശയിക്കുന്നു.

അന്വേഷണത്തിനായി കലിംഗ സര്‍വകലാശാലയിലെത്തിയ പൊലീസ്‌ സംഘം ഇന്ന്‌ തിരിച്ചെത്തും. ബിരുദ സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ സര്‍വകലാശാലയില്‍ നിന്ന്‌ പോലീസിന്‌ രേഖാമുലം മറുപടി ലഭിച്ചിട്ടുണ്ട്‌. എംഎസ്‌എം കോളജ്‌ പ്രവേശന രേഖകളും കസ്റ്റഡിയിലെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുമേധാവി ഉള്‍പ്പെടെയുള്ള അധ്യാപകരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കായംകുളം ഡിവൈഎസ്പി അജയ്‌ നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

Print Friendly, PDF & Email

Leave a Comment

More News