പ്രധാനമന്ത്രി മോദിയുടെയും അമിതാഭ് ബച്ചന്റേയും ഫോട്ടോകള്‍ ബീഹാറിലെ ബിഎ പരീക്ഷാ ഹാള്‍ ടിക്കറ്റില്‍; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

പട്‌ന: ബീഹാറിലെ ബെഗുസാരായി ജില്ലയിലെ ഒരു കോളേജ് നൽകിയ ഹാള്‍ ടിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും
ബിഗ് ബി അമിതാഭ് ബച്ചന്റെയും ചിത്രങ്ങൾ കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി!! ദർഭംഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലളിത് നാരായൺ മിഥില സർവകലാശാലയുടെ ഘടക കോളേജായ ഗണേഷ് ദത്ത് കോളേജിലെ ബിഎ-പാർട്ട് II പരീക്ഷയുടെ ഹാള്‍ ടിക്കറ്റിലാണ് ഫോട്ടോകള്‍ കണ്ടത്.

വിദ്യാർഥികൾ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ കോളജിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിദ്യാർത്ഥികൾക്ക് നൽകിയ നിരവധി ടിക്കറ്റുകളില്‍ യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം പ്രധാനമന്ത്രി മോദിയുടെയും അമിതാഭ് ബച്ചന്റെയും ഫോട്ടോകളായിരുന്നു. സ്വന്തം ഫോട്ടോകളുണ്ടാകേണ്ട ഭാഗത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മെഗാസ്‌റ്റാര്‍ അമിതാഭ് ബച്ചന്‍റെയുമൊക്കെ ഫോട്ടോകള്‍ വിദ്യാര്‍ഥികള്‍ക്ക് കാണാനായത്.

പരീക്ഷയ്ക്ക് മൂന്നോ നാലോ ദിവസം മുമ്പ് മാത്രമേ തങ്ങൾക്ക് ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂവെന്നും പൊരുത്തക്കേടുണ്ടെങ്കിൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുമെന്നും വിദ്യാർത്ഥികൾ വാദിച്ചു. 2019 നും 2022 നും ഇടയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും സർവകലാശാല അത് തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കാലതാമസം കാരണം വിദ്യാർത്ഥികൾക്ക് സർക്കാർ ഗ്രാന്റും മറ്റ് സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു, അവർ പറഞ്ഞു.

ഇത് അപൂര്‍വ സംഭവമല്ലെന്നും മുന്‍പും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും തിരുത്താന്‍ സര്‍വകലാശാല നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹോള്‍ ടിക്കറ്റില്‍ തന്നെ പിഴവുകള്‍ സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്നും അത്തരം തെറ്റുകള്‍ തിരുത്താനും പരാതിപ്പെടാനും ഹെല്‍പ്പ് ഡെസ്‌ക് അനിവാര്യമാണെന്നും ബിഎ വിദ്യാര്‍ഥിനി അഞ്ജുലി കുമാരി പറഞ്ഞു. ഇത് പൂര്‍ണമായും സര്‍വകലാശാലയുടെ പിഴവാണെന്നും പരീക്ഷയ്‌ക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കയാണ് ഹോള്‍ ടിക്കറ്റ് കിട്ടിയതെന്നും വിദ്യാര്‍ഥിനി സോഫിയ പര്‍വീന്‍ കുറ്റപ്പെടുത്തി. സര്‍വകലാശാലയ്ക്ക് ഇത്തരം തെറ്റുകള്‍ സംഭവിക്കുന്നത് പതിവാണ്. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കാറുണ്ടെന്നും എന്നാല്‍ യാതൊരുവിധ നടപടികളും ഉണ്ടാകാറില്ലെന്നും വിദ്യാര്‍ഥിയായ പുരുഷോത്തം കുമാറും വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ ഹോള്‍ ടിക്കറ്റില്‍ ഉണ്ടായിട്ടുള്ള തെറ്റുകള്‍ ക്ലറിക്കല്‍ പിഴവുകളാണെന്നും ചെറിയ പ്രശ്‌നമാണെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ രാം അവധേഷ്‌ കുമാറിന്‍റെ ന്യായീകരണം. ഹോള്‍ ടിക്കറ്റിലെ മുഴുവന്‍ തെറ്റുകളും തിരുത്തിയശേഷം വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

ലളിത് മിഥില സര്‍വകലാശാലയില്‍ നേരത്തെ വിതരണം ചെയ്‌ത ഹോള്‍ ടിക്കറ്റുകളിലും സമാന പിഴവുകള്‍ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിഹാര്‍ ഗവര്‍ണര്‍ ഫോഗു ചൗഹാന്‍റെയും ഫോട്ടോകളാണ് ഹോള്‍ ടിക്കറ്റുകളില്‍ ഇടംപിടിച്ചത്.

സര്‍വകലാശാലയില്‍, 100 മാര്‍ക്കിന്‍റെ പരീക്ഷയില്‍ ഒരു വിദ്യാര്‍ഥിക്ക് 151 മാര്‍ക്ക് ലഭിച്ചിരുന്നു. ഇതും ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News