ഓട്ടിസത്തെ അറിഞ്ഞും അറിയിച്ചും ഡോ. സ്റ്റീഫൻ മാർക്ക് ഷോർ

തിരുവനന്തപുരം, ജൂലൈ 6, 2023: ഓട്ടിസം ഒരു ന്യുനതയായാണ് ഇപ്പോഴും സമൂഹം കാണുന്നത്. എന്നാൽ ഓട്ടിസം എന്തെന്ന് അറിയുകയും അതിനെ മനസ്സിലാക്കുകയും ചെയ്താൽ ഈ ചിന്താഗതിക്ക് മാറ്റം വരും. ഓട്ടിസത്തെ നേരിട്ടറിഞ്ഞും, മനസ്സിലാക്കിയുമുള്ള പ്രവർത്തനം അതു ബാധിച്ച ആളുകളെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുമെന്നു അഡൽഫി സർവകലാശാല പ്രൊഫസർ ഡോ സ്റ്റീഫൻ മാർക്ക് ഷോർ.

ഡിഫറൻറ് ആര്ട്ട് സെന്ററിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര ശില്പശാലയുടെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറവോ വൈകല്യമോ ഉള്ളവരായി കാണാതെ അവരിലെ കഴിവുകളെ മനസ്സിലാക്കി, അവരെ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു നയിച്ചാൽ അവർക്ക് മുന്നിലെ സാധ്യതകൾ വിശാലമാണ്. മരുന്നുകൊണ്ട് ഭേദപ്പെടുത്തേണ്ട ഒരു അവസ്ഥയല്ല ഓട്ടിസം. മറിച്ച് അവരിലെ വ്യത്യസ്തതകളെ അംഗീകരിച്ചു സമൂഹത്തിൽ അവർക്ക് ഒരിടം ഒരുക്കുകയാണ് വേണ്ടത്, അദ്ദേഹം പറഞ്ഞു. ഓരോ ഓട്ടിസ്റ്റിക് കുട്ടിയിലും വ്യത്യസ്തമായ കഴിവുകൾ ഉണ്ടാകും. അവയെ തിരിച്ചറിയുകയും അതിനെ കേന്ദ്രികരിച്ചു പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് വഴി സമൂഹത്തിന്റെ മുൻ നിരയിലേക്ക് ഇവരെ എത്തിക്കാം.

ഓട്ടിസ്റ്റിക് ആയ പലരും ഇന്ന് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്. ഇവരുടെ താല്പര്യങ്ങൾ അനുസരിച്ചുള്ള തൊഴിലിടങ്ങളിൽ സാധാരണ മനുഷ്യരെക്കാളും അവർ മികവ് പുലർത്താറുണ്ട്. സ്വന്തം ജീവിതം തന്നെ ആധാരമാക്കി ഡോ സ്റ്റീഫൻ ഷോർ നടത്തിയ മുഖ്യ പ്രഭാഷണം പ്രചോദനമായി. തന്റെ ചെറുപ്പം മുതലുള്ള ഓട്ടിസം നാൾവഴികൾ അവതരിപ്പിച്ചുകൊണ്ട് കാണികളിൽ അവബോധം സൃഷ്ടിക്കാനും ഓട്ടിസം ബലഹീനതയല്ലെന്നും, പലതും എത്തിപ്പിടിക്കുവാനുള്ള ബലം തന്നെയാണെന്നുള്ള തിരിച്ചറിവ് നൽകാനുംഅദ്ദേഹത്തിന് സാധിച്ചു.

ഓട്ടിസ്റ്റിക് ആയ വ്യക്തികൾ അവർ ചെയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണെന്നും, കുട്ടികാലത്തെ തന്റെ വാച്ച് റിപ്പയറിങ് ഹോബി ചൂണ്ടികാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു. കോളേജ് പഠനകാലത്തെ സൈക്കിൾ ഷോപ്പിലെ ജോലിയും പിന്നീട് ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ റിപ്പയർ ചെയ്തു കൊടുത്തതും അതുവഴി വരുമാനം കണ്ടെത്തിയതും ഓട്ടിസം ഒന്നിനുംഒരു വിലങ്ങുതടി അല്ലെന്നു തെളിയിച്ചു എന്ന് അദ്ദേഹം സ്വന്തം ജീവിതത്തെ ആധാരമാക്കി വിശദീകരിച്ചു. ഓട്ടിസം ബാധിച്ചവരെ ജോലികളിൽ നിയമിക്കുന്നത് വഴി അവർ ഏറ്റെടുക്കുന്ന ജോലികളിൽ പൂർണതയും കൃത്യതയും ഉറപ്പാക്കാൻ കഴിയുമെന്നും സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യുന്നതിനാൽ ഇവർ മടി കൂടാതെ അത് പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുത്താകണം കുടുംബം, ഒപ്പം സർക്കാരും

 ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ ഒന്നിച്ചു നിൽക്കണമെന്നും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതികൾ സർക്കാരുമായി ചേർന്ന് ആവിഷ്‌ക്കരിക്കണമെന്നും തിരുവനവനന്തപുരം ഡിഫറെന്റ് ആർട് സെന്ററിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന ശിൽപ്പശാലയിൽ ആവശ്യമുയർന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമാക്കി അന്താരാഷ്ട്ര ശിൽപ്പശാലയിൽ ന്യൂ യോർക്കിലെ അഡൽഫി യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ അസ്സോസിയേറ്റ് പ്രൊഫസർ ആയ അനീറ്റ ഫ്രെയുമായുള്ള സംവാദ പരിപാടിയിലാണ് ഇത്തരമൊരു ആശയം ഉയർന്നു വന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയിലെ കുടുംബാന്തരീക്ഷത്തിനുള്ള സ്വാധീനത്തെക്കുറിച്ചും മാതാപിതാക്കൾക്ക് ഉണ്ടാവേണ്ട അവബോധത്തെക്കുറിച്ചുമായിരുന്നു അനീറ്റ ഫ്രേ സംസാരിച്ചത്.

ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റവും വിദഗ്ധമായി മനസിലാക്കുന്നത് അവരുടെ മാതാപിതാക്കളാണെന്നും അതുകൊണ്ടുതന്നെ രക്ഷിതാക്കൾക്ക് കൃത്യമായ പരിശീലനവും അവബോധവും നൽകേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു. അമേരിക്കയിലെയും ഇന്ത്യയിലെയും മാതാപിതാക്കളുടെ കണ്ണുനീർ ഒന്നാണെന്നും പരസ്പരം സഹാനുഭൂതിയും സഹായമനോഭാവവും പുലർത്തണമെന്നും അവർ കൂട്ടിക്കിച്ചേർത്തു. സ്കൂളുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക അധ്യാപക-രക്ഷാകർത്ത അസോസിയേഷനുകൾ രൂപീകരിക്കണമെന്നും ഇത്തരം സംഘടനകൾ ഏകീകൃതമായി സാമ്പത്തികവും സാമൂഹികവുമായ സഹായ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും ആവശ്യമുയർന്നു. തുടർന്ന് ദുബായ് എഡ്യൂസ്‌കാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൽക്ക കൽറ കുട്ടികളുടെ മനസികാരോഗ്യത്തെക്കുറിച്ചും അവരുടെ പെരുമാറ്റ രീതികളെ മനസിലാക്കി കൃത്യമായ പരിശീലനങ്ങൾ നൽകുന്നതിനെക്കുറിച്ചും ക്ലാസ് നൽകി. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് അന്താരാഷ്ട്ര ശിൽപ്പശാലയിൽ പങ്കെടുത്തത്.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇക്വയ്‌ൻ തെറാപ്പി

മറ്റൊരു ശില്പശാലയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഇക്വയ്‌ൻ തെറാപ്പിയുടെ സാധ്യതകൾ യു എസ് എയിലെ കോർബറ്റ് ഫാംസ് സ്ഥാപകനായ സ്റ്റുവർട്ട് ബെന്നെറ്റ് വിശദമാക്കി. മാനസികസമ്മർദം കുറയ്ക്കുന്നതിന് മൃഗങ്ങളുമായുള്ള ഇടപെടൽ സഹായിക്കുമെന്ന് പറയുന്നതോടൊപ്പം കൃത്യമായ മുൻൻകരുതലുകളും ഇതിനാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. മൃഗങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും മൃഗസൗഹൃദം ഭിന്നശേഷിക്കാരെ പര്യാപ്തമാക്കുമെന്ന പരാമർശവുമുണ്ടായി. ഇക്വയ്‌ൻ തെറാപ്പി ഹാപ്പി ഹോർമോൺ ഉത്പാദനത്തിന് സഹായകമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരെ മാറ്റി നിർത്തുകയല്ല, ചേർത്തുപിടിക്കുകയാണ് വേണ്ടതെന്ന് ജേ’സ് ക്വിൽ ഗ്രൂപ്പ്‌ സ്ഥാപകൻ പ്രൊഫ. കെ സി ജനാർദ്ധൻ. ഭിന്നശേഷി സൗഹൃദ സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മാതാപിതാക്കൾക്കും കൂട്ടുകാർക്കും ഇവരുടെ ആത്മവിശ്വാസമുയത്തുന്നതിലും ഇവരുടെ കഴിവിൽ വിശ്വസിക്കുന്നതിലും വലിയ പങ്കുവഹിക്കാനാകും. അധ്യാപകരുടെ കൃത്യമായ സേവനങ്ങളും പ്രോത്സാഹനങ്ങളും ഭിന്നശേഷിക്കാരുടെ കഴിവു കണ്ടെത്തുന്നതിനുതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News