ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് ആഗസ്റ്റ് 13 ഞായറാഴ്ച ഉച്ചയ്ക്ക് 1:00 മണി മുതൽ

ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മർച്ചൻറ്സ് അസ്സോസിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ 2015 മുതൽ ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂയിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന ഇന്ത്യാ ഡേ പരേഡ് ഈ വർഷം ആഗസ്റ്റ് 13 ഞായറാഴ്ച്ച ഉച്ചക്ക് 1 മണി മുതൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി സംഘാടകർ അറിയിച്ചു. ഹിൽസൈഡിലുള്ള 263-മത് സ്ട്രീറ്റിൽ നിന്നും ആരംഭിക്കുന്ന പരേഡ് കോമ്മൺവെൽത്ത് ബൊളവാഡിലൂടെ തിരിഞ്ഞു സെന്റ് ഗ്രിഗോറിയൻ ഹാളിൽ എത്തിച്ചേരുന്നതും പിന്നീട് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നതുമാണ്.

“2015-ൽ രൂപം കൊണ്ട ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മർച്ചൻറ്സ് അസ്സോസിയേഷൻ (F-BIMA) കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇത്തരം പരേഡ് നടത്തി വരുന്നതാണ്. കോവിഡ് മഹാമാരി മൂലം രണ്ടു വർഷം പ്രസ്തുത പരേഡ് നടത്തുവാൻ സാധിച്ചില്ലെങ്കിലും, കഴിഞ്ഞ വർഷം മുതൽ പരേഡ് പുനരുജ്ജീവനം ചെയ്തിരിക്കുകയാണ്. ഇതിൽ എല്ലാ ഇന്ത്യൻ വംശജരുടെയും നിറ സാന്നിധ്യം കഴിഞ്ഞ വർഷങ്ങളിലെല്ലാം ഉണ്ടായത് പ്രശംസനീയമാണ്. ഈ വർഷവും താള മേളങ്ങളോടെ പരേഡ് പൂർവാധികം ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്” സംഘാടക നേതൃത്വം നൽകുന്ന അസ്സോസിയേഷൻ പ്രസിഡൻറ് കോശി ഓ. തോമസ് പറഞ്ഞു.

പരേഡ് കമ്മറ്റിയുടെ ആലോചനായോഗം ഏതാനും തവണ കൂടുകയും വിവിധ സബ്-കമ്മറ്റികൾ രൂപീകരിച്ച് പരേഡ് ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായും പരേഡ് കമ്മറ്റി ചെയർമാൻ ഡെൻസിൽ ജോർജ് പ്രസ്താവിച്ചു.

“ഇന്ത്യൻ അമേരിക്കൻ സമൂഹങ്ങളുടെ പല സംഘടനകളുമായി സഹകരിച്ച് ഏറ്റവും അധികം ജനങ്ങളെ പങ്കെടുപ്പിച്ച് പരേഡ് മനോഹരമായി നടത്തുന്നതിനാണ് ആലോചിക്കുന്നത്. പല സംഘടനകളും ഫ്ളോട്ടുകൾ പ്രദർശിപ്പിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റ് പല സംഘടനകളും അവരവരുടെ ബാന്നെറുകൾ പ്രദർശിപ്പിച്ച് പരേഡിൽ പങ്കെടുക്കുന്നതാണെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്” പരേഡ് കമ്മറ്റി ചെയർമാൻ ഡെൻസിൽ പറഞ്ഞു. ഈ വർഷം നടത്തപ്പെടുന്ന പരേഡ് മുൻ വർഷങ്ങളിലേതിലും ഭംഗിയായി നടത്തുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. അതിനായി ക്വീൻസ് – ലോങ്ങ് ഐലൻഡ് ഭാഗത്തു നിന്നുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാമൂഹിക നേതാക്കളിലൂടെ പല സംഘടനകളുമായി ബന്ധപ്പെടുകയാണ്. വളരെ നല്ല പ്രതികരണമാണ് അവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് അസ്സോസ്സിയേഷൻ ബോർഡ് ചെയർമാൻ സുഭാഷ് കപാഡിയ വ്യക്തമാക്കി.

മർച്ചന്റ്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ കൃപാൽ സിംഗ് (വൈസ് ചെയർമാൻ), ഹേമന്ത് ഷാ, മാത്യു തോമസ്, കമ്മറ്റി അംഗങ്ങളായ ഉജ്ജ്വല ഷാ (വൈസ് പ്രസിഡൻറ്), മേരി ഫിലിപ്പ് (സെക്രട്ടറി), കിരീത് പഞ്ചമിയ (ട്രഷറർ),ജെയ്‌സൺ ജോസഫ്, അശോക് ജെയിൻ, ആശാ മാമ്പള്ളി, ജോർജ് പറമ്പിൽ, വി. എം. ചാക്കോ, കളത്തിൽ വർഗ്ഗീസ് തുടങ്ങി വിവിധ ചുമതലക്കാർ പരേഡ് നടത്തിപ്പിനായി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ വിവിധ സംഘടനാ ചുമതലക്കാരും അവരവരുടെ സംഘടനകളിൽ നിന്നും ഏറ്റവും അധികം പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഇന്ത്യൻ വംശജരുടെ മഹനീയ സാന്നിദ്ധ്യം പ്രകടമാക്കുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പരിപാടികൾക്ക് ഏറ്റവും നല്ല പ്രചാരണം നൽകുന്നതിന് മാധ്യമ പ്രവർത്തകൻ മാത്യുക്കുട്ടി ഈശോയുടെ നേതൃത്വത്തിൽ ഷാജി എണ്ണശ്ശേരിൽ, ഫിലിപ്പ് മഠത്തിൽ എന്നിവർ ടീം ആയി പ്രവർത്തിക്കുന്നു. ക്വീൻസ് – ലോങ്ങ് ഐലൻഡ് ഭാഗത്തുള്ള എല്ലാ ഇന്ത്യൻ വംശജരും ഓഗസ്റ്റ് 13 ഞായറാഴ്ച ഉച്ചക്ക് 1 :00 മണിക്ക് തന്നെ ഹിൽസൈഡ് 263-മത് സ്ട്രീറ്റിൽ എത്തിചേർന്ന് പരേഡ് വൻ വിജയമാക്കണമെന്നു സംഘാടക സമിതി എല്ലാ ഇന്ത്യൻ വംശജരോടുമായി അഭ്യർത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News