യോഗ്യതയില്ലാത്തവര്‍ക്ക് സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമനം; ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടിക അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വേലി തന്നെ വിളകള്‍ തിന്നുന്ന അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാന കേന്ദ്രമായ എകെജി സെന്ററാക്കി മാറ്റിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പാർട്ടി കേഡർമാർക്ക് അവരുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിക്കാതെ വന്നപ്പോൾ അവർ നിയമന പട്ടികയിൽ മാറ്റം വരുത്തി യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുകയായിരുന്നു എന്ന് സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിയായി തുടരാൻ അവർക്ക് അർഹതയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വകുപ്പുതല സ്ഥാനക്കയറ്റ സമിതി അംഗീകരിച്ച നാൽപ്പത്തിമൂന്നു പേരുടെ നിയമനം തടയാൻ മന്ത്രി ബിന്ദുവിന് അധികാരമില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ്.

വ്യാജസർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റ് തട്ടിപ്പും നടത്തി എസ്എഫ്ഐ കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന് നാണക്കേടുണ്ടാക്കുമ്പോൾ ഉന്നതവിദ്യാഭ്യാസ മന്ത്രി തന്നെ അഴിമതിയിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെ രക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാർ അതിനെ കൂടുതൽ താഴേക്ക് തള്ളുകയാണെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ബിരുദ കോഴ്‌സുകൾക്ക് ആയിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബ് ആക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. അദ്ധ്യാപകരുടെ ലഭ്യതക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം ഇരുനൂറോളം മെഡിക്കൽ സീറ്റുകൾ നഷ്‌ടമായത് സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനു കാരണം എസ്എഫ്‌ഐയുടെ അക്രമവും ഭീഷണിയുമാണെന്നും അദ്ദേഹം ആരോപിച്ചു. സർവ്വകലാശാലകളിൽ ആയിരക്കണക്കിന് ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസ മേഖല മറ്റൊരു വെള്ളാനയായി മാറിയിരിക്കുകയാണ്.

കേരളത്തിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്ത് പോകുമ്പോൾ, ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി മാറുമെന്ന് വീമ്പിളക്കുന്ന ഇവിടെ സംസ്ഥാനത്തിന് പുറത്ത് നിന്ന് ഒരു വിദ്യാർത്ഥി പോലും പഠിക്കാൻ വരുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സ്ഥിതി ഇങ്ങനെയാണെങ്കിൽ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

Print Friendly, PDF & Email

Leave a Comment

More News