ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് നടത്തി

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.ഇ.ഐ.ഒ) അതിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗോള്‍ഫ് ടൂര്‍ണമെന്റ് നടത്തി. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം, മെറിറ്റ് അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ്, ഏറ്റവും നൂതന ടെക്‌നോളജിക്ക് വേണ്ടിയുള്ള ഫണ്ട് എന്നിവയ്ക്ക് വേണ്ടിയാണ് അസോസിയേഷന്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് നടത്തിയതെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.

എ.എ.ഇ.ഐ.ഒ ചാരിറ്റി ചെയര്‍മാനായ ഗുല്‍സാര്‍ സിംഗ്, കോ- ചെയര്‍മാന്‍ ഡോ. പ്രമോദ് വോറ, ട്രഷറര്‍ രജീന്ദര്‍ സിംഗ് മാഗോ എന്നിവര്‍ ഈ ഗോള്‍ഫ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

എ.എ.ഇ.ഐ.ഒയുടെ നാലാമത്തെ പില്ലറായ ചാരിറ്റിയുടെ ഉദ്ഘാടനം പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റും ഹാര്‍വാര്‍ഡ് ലോ ബിരുദധാരിയുമായ യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. മറ്റ് സംഘടനകളില്‍ നിന്നു വ്യത്യസ്തമായി ചാരിറ്റി ഗോള്‍ഫ് സംഘടിപ്പിച്ച സംഘടനയുടെ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിക്കുകയും ഇതുമൂലം അനേകര്‍ക്ക് പ്രയോജനമുണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

വൈകുന്നേരം സെന്റ് ആന്‍ഡ്രൂസ് ഗോള്‍ഫ് ക്ലബിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ചു നടന്ന ഡിന്നറിനോടനുബന്ധിച്ച് നടന്ന ബോളിവുഡ് സംഗീത സായാഹ്നത്തില്‍ വച്ച് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ടൂര്‍ണമെന്റ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ അംഗങ്ങള്‍ക്കുള്ള ബാഡ്ജും വിതരണം ചെയ്തു.

ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേഴ്‌സിന് ട്രഷറര്‍ പ്രത്യേകം നന്ദി പറഞ്ഞു. സംഘടനയുടെ ചാരിറ്റി ഫണ്ട് റൈസിംഗിനായി ഷിക്കാഗോ ബ്ലാക് ഹൈക്കേഴ്‌സിന്റെ ജഴ്‌സിയും പ്രശസ്ത ബ്രാന്‍ഡഡ് ജഴ്‌സികളും ലേലം ചെയ്തു. അമേരിക്കയുടെ വിവിധ സിറ്റികളിലുള്ള സംഘടനയുടെ ചാപ്റ്ററുകള്‍ മറ്റ് സിറ്റികളില്‍ക്കൂടി വ്യാപിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് നിഥിന്‍ മഹേശ്വരി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News