തൊടുപുഴക്കാര്‍ക്ക് ഷോക്ക് അടിപ്പിക്കുന്ന വൈദ്യുതി ബില്‍; പ്രതിഷേധവുമായി പ്രദേശവാസികള്‍ കെ‌എസ്‌ഇ‌ബി ഓഫീസില്‍

തൊടുപുഴ: വൈദ്യുതി ബിൽ തൊടുപുഴ നിവാസികൾക്ക് ഇരുട്ടടിയായി. ജൂലൈയില്‍ ലഭിച്ച ബില്ലിലെ തുകയേക്കാള്‍ പത്തിരട്ടി കൂടുതല്‍ ബില്ലാണ് അവര്‍ക്ക് നല്‍കിയതെന്നാണ് പരാതി. മുന്നൂറിലധികം ഉപഭോക്താക്കളാണ് ഇക്കാര്യത്തില്‍ പ്രതിഷേധവുമായി കെഎസ്ഇബി ഓഫീസിലെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെഎസ്ഇബി അധികൃതർ വിശദീകരിച്ചു.

ശരാശരി 2000-2500 രൂപ കണക്കില്‍ ബില്‍ അടച്ചിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 30,000 മുതല്‍ 60,000 രൂപ വരെയാണ് ബില്‍. തൊടുപുഴ ടൗണില്‍ താമസിക്കുന്ന മണര്‍കാട്ട് സണ്ണി സെബാസ്റ്റ്യന്‍ എന്നയാള്‍ക്ക് നേരത്തെ ലഭിച്ചിരുന്നത് ഏകദേശം 2200 രൂപയായിരുന്നു. എന്നാല്‍, പുതിയ മീറ്റര്‍ റീഡിങ്ങില്‍ ബില്‍ തുക 60,611 ആയി. 53550 രൂപ എനര്‍ജി ചാര്‍ജും 5355 രൂപ നികുതിയും ഉള്‍പ്പടെയാണ് 60,611 രൂപ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അധിക ബിൽ ലഭിച്ചതോടെ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ സമരവുമായി ജനപ്രതിനിധികളും ഉപഭോക്താക്കളും കെ.എസ്.ഇ.ബി ഓഫീസില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതേത്തുടർന്ന് താൽക്കാലികമായി പഴയ ബിൽ പ്രകാരമുള്ള തുക അടച്ചാൽ മതിയെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റി, കുമാരമംഗലം പഞ്ചായത്ത് പരിധികളിൽ നിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കിൽ ഇളവ് നൽകുമെന്നും കെഎസ്ഇബി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment