എട്ടാം ക്ലാസിലെ ആൺകുട്ടികൾ പെൺകുട്ടികൾക്ക് മുന്നിൽ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന് പരാതി

ബാംഗ്ലൂർ: ബംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഒരു കൂട്ടം ആൺകുട്ടികൾ തങ്ങളുടെ ക്ലാസിലെ പെൺകുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബസവേശ്വര്‍ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾ പോലീസിൽ പരാതി നൽകിയതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് എട്ടാം ക്ലാസിലെ ആൺകുട്ടികൾ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെട്ടതെന്ന് പറയുന്നു.

കുറ്റാരോപിതരായ ആൺകുട്ടികൾ വസ്ത്രം അഴിച്ചുമാറ്റി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറി ഉപദ്രവിച്ചതായി പരാതിക്കാര്‍ ആരോപിച്ചു. വീട്ടിലെത്തിയ വിദ്യാർഥിനികൾ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇംഗ്ലീഷ് ക്ലാസില്‍ നടന്ന സംഭവത്തിൽ ഒരു രക്ഷിതാവ് മാനേജ്‌മെന്റിനെ ചോദ്യം ചെയ്യുകയും ആൺകുട്ടികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മാനേജ്‌മെന്റ് പരാതി അവഗണിച്ചു.

ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന കുറ്റാരോപിതരായ ആൺകുട്ടികൾ അസഭ്യം പറയുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. വിദ്യാർത്ഥികൾ സ്‌നാപ്ചാറ്റ് ആപ്പ് ഉപയോഗിക്കുന്നതിലും രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ ആശങ്കയിലായ പെൺകുട്ടികളുടെ മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Print Friendly, PDF & Email

Leave a Comment