വിചിത്രമായ വാര്‍ത്ത: വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചിയുടെ ഒരു ടണ്ണിലധികം ചെതുമ്പൽ തായ്‌ലൻഡിൽ പിടിച്ചെടുത്തു

ബാങ്കോക്ക്: കര അതിർത്തിയിലൂടെ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച 50 മില്യൺ ബാറ്റ് (1.4 മില്യൺ ഡോളർ) വിലമതിക്കുന്ന ഒരു ടണ്ണിലധികം ഈനാംപേച്ചി ചെതുമ്പലുകള്‍ വ്യാഴാഴ്ച പിടിച്ചെടുത്തതായി തായ് അധികൃതർ അറിയിച്ചു.

വടക്കുകിഴക്കൻ പ്രവിശ്യയായ കലാസിനിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ഒരുതരം ഉറുമ്പ് തീനിയുടെ ചെതുമ്പലുകൾ കണ്ടെത്തിയത്. ഇത് ലാവോസുമായി അതിർത്തി പങ്കിടുന്ന മുക്ദഹാൻ പ്രവിശ്യയിലൂടെ കടത്താനാണ് ഉദ്ദേശിച്ചതെന്ന് തായ് പോലീസ് വ്യാഴാഴ്ച ബാങ്കോക്കിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാച്ചുറൽ റിസോഴ്‌സസ് ആൻഡ് എൻവയോൺമെന്റൽ ക്രൈം ഡിവിഷൻ ഡെപ്യൂട്ടി ചീഫ് അരിയാപോൾ സിൻസോൺ പറയുന്നതനുസരിച്ച്, ചെതുമ്പലുമായി ട്രക്കിലുണ്ടായിരുന്ന രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും സംരക്ഷിത മൃഗങ്ങളുടെ ജഡങ്ങൾ അനധികൃതമായി കൈവശം വച്ചതിന് കുറ്റം ചുമത്തുകയും ചെയ്തു. രണ്ടുപേരും കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

ഒരു കിലോഗ്രാമിന് ഏകദേശം 40,000 ബാറ്റ് (1,129 ഡോളർ) വിലയുള്ള ഈനാംപേച്ചികൾ, ലാവോസിലേക്ക് കൊണ്ടുപോകുന്നതിനായി മലേഷ്യയിൽ നിന്ന് തായ്‌ലൻഡിലേക്ക് കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നു. അവിടെ നിന്ന്, ചൈനയിലെ ക്ലയന്റുകൾക്ക് വിൽപ്പനയ്‌ക്ക് പോകുകയായിരുന്നുവെന്ന് പരിസ്ഥിതി ക്രൈം ഡിവിഷന്റെ റീജിയണൽ ഡെപ്യൂട്ടി ചീഫ് കംനുവൻ ചാൻ-അനൻ പറഞ്ഞു. ഇവയുടെ ഉറവിടം നിർണ്ണയിക്കാൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ബാങ്കോക്കിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ പ്രദർശിപ്പിച്ച ചെതുമ്പലുകള്‍ ഉണക്കി ചൈനീസ് ഭാഷയില്‍ എഴുതിയ വ്യത്യസ്ത നമ്പറുകളുമുള്ള വളച്ചാക്കില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെതുമ്പലുകളുടെ ഗുണനിലവാരം അടയാളപ്പെടുത്തുന്നതിന് ഈ നമ്പറുകളാണ് ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.

കുറഞ്ഞത് 3,000-4,000 ചത്ത ഈനാംപേച്ചികളിൽ നിന്നാണ് ചെതുമ്പലുകള്‍ സമാഹരിച്ചതെന്ന് കണക്കാക്കപ്പെടുന്നു എന്ന് വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥൻ പ്രസേർട്ട് സോൺസതഹ്‌പോർങ്കുൽ പറഞ്ഞു, ഈനാംപേച്ചികളുടെ ഇനം കണ്ടെത്താൻ ഈ ചെതുമ്പലുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും പറഞ്ഞു.

ഈനാംപേച്ചികൾ വംശനാശഭീഷണി നേരിടുന്നതിനാൽ അവയെ കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധമാണ്. പരമ്പരാഗത ചൈനീസ് മെഡിസിനിൽ മൃഗങ്ങളുടെ ചെതുമ്പൽ ഉപയോഗിക്കുന്നുണ്ട്. കാണ്ടാമൃഗത്തിന്റെ കൊമ്പിൽ കാണപ്പെടുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാല്‍, അവയ്ക്ക് ഔഷധമൂല്യം ഉണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. വിയറ്റ്നാമിലും ചൈനയുടെ ചില ഭാഗങ്ങളിലും ഈനാംപേച്ചി മാംസം ഒരു സ്പെഷ്യല്‍ വിഭവമായി കണക്കാക്കപ്പെടുന്നു.

ഈനാംപേച്ചിയുടെ ചെതുമ്പലുകൾക്കും മാംസത്തിനുമുള്ള ആവശ്യം ഏഷ്യയിലുടനീളമുള്ള ഇവയുടെ വംശത്തെ നശിപ്പിക്കുന്ന വ്യാപകമായ വേട്ടയാടലിലേക്ക് നയിക്കുന്നു.

2017-ൽ, തായ്‌ലൻഡിൽ മൂന്ന് ടൺ ഈനാംപേച്ചി ചെതുമ്പലുകളുടെയും 100 ലധികം ജീവനുള്ള ഈനാംപേച്ചികളടേയും അനധികൃത കള്ളക്കടത്ത് പരാജയപ്പെടുത്തിയതായി അധികൃതര്‍ അവകാശപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News