ചിക്കാഗോയിലേക്കു സ്ഥലം മാറിപ്പോകുന്ന ബിന്‍സ് അച്ചനു ഐ.എ.സി.എ യുടെ ഹൃദ്യമായ യാത്രയയപ്പ്

ഫിലാഡല്‍ഫിയ: ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് പള്ളി വികാരിയും, അതേസമയം തന്നെ ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍ ഡയറക്ടറും, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഡയറക്ടറുമായി 3 വര്‍ഷങ്ങളിലെ സ്തുത്യര്‍ഹമായ അജപാലന ശുശ്രൂഷക്കുശേഷം ചിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനപള്ളി അസിസ്റ്റന്‍റ് വികാരി ആയി സ്ഥലം മാറിപോകുന്ന റവ. ഫാ. ബിന്‍സ് ജോസ് ചെത്തലിനു ഐ. എ. സി. എ. സ്നേഹനിര്‍ഭരമായ യാത്രാമംഗളങ്ങള്‍ ആശംസിച്ചു.

ബെന്‍സേലത്ത് ഫാത്തിമാ മാതാവിന്‍റെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലയത്തില്‍ വച്ച് സെ. ന്യൂമാന്‍ ക്നാനായ മിഷന്‍റെ ആഗസ്റ്റ് മാസത്തെ മൂന്നാം ഞായറാഴ്ച്ചയുള്ള ദിവ്യബലിയെ തുടര്‍ന്നാണു യാത്രയയപ്പു സമ്മേളനം ക്രമീകരിച്ചിരുന്നത്. സമ്മേളനത്തില്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്‍റ് അനീഷ് ജയിംസ് ബിന്‍സ് അച്ചന്‍റെ സേവനങ്ങള്‍ക്കു നന്ദി പ്രകാശിപ്പിക്കുകയും, അച്ചന്‍റെ പുതിയ ദൗത്യത്തില്‍ എല്ലാവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. ഫൊറോനാ പള്ളി വികാരിയായുള്ള സേവനത്തിനു പുറമേ ചിക്കാഗോ രൂപതയിലെ ക്നാനായ മീഡിയാ കമ്മീഷന്‍റെ ചെയര്‍മാന്‍ സ്ഥാനവും കൂടി ബിന്‍സ് അച്ചന്‍ കൈകാര്യം ചെയ്യും. പുതിയ സ്ഥാനലബ്ധിയില്‍ അഭിനന്ദനങ്ങളോടൊപ്പം, ഐ. എ. സി. എ. യുടെ സേവനത്തിനുള്ള കൃതഞ്ജതാസൂചകമായുള്ള പാരിതോഷികം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാര്‍ എല്ലാവരും ചേര്‍ന്ന് നല്കി അച്ചനെ ആദരിച്ചു.

കേരളീയക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി ഒരേ കുടക്കീഴില്‍ ഒത്തുചേര്‍ന്ന് ഈ വര്‍ഷം ഒക്ടോബര്‍ 14 നു നടത്താനിരിക്കുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങളൂടെ വിവരണം ജനറല്‍ സെക്രട്ടറി സ്വപ്ന സെബാസ്റ്റ്യന്‍ നല്‍കുകയും, ആഘോഷങ്ങളുടെ കിക്ക് ഓഫ് തദവസരത്തില്‍ ബിന്‍സ് അച്ചന്‍ നടത്തുകയും ചെയ്തു. അസോസിയേഷന്‍ ട്രഷറര്‍ തോമസ് ജസ്റ്റിന്‍ നന്ദി പ്രകടനം നടത്തി. വൈസ് പ്രസിഡന്‍റ് തോമസ് സൈമണ്‍ സമ്മേളനത്തിന്‍റെ എം. സി. യായി.

ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് അനീഷ് ജയിംസ്, തോമസ് സൈമണ്‍, സ്വപ്ന സെബാസ്റ്റ്യന്‍, ജോഷ്വ ജേക്കബ്, ജസ്റ്റിന്‍ തോമസ്, ജോസഫ് എള്ളിക്കല്‍, തോമസ് നെടുമാക്കല്‍, ജോസഫ് മാണി (സണ്ണി പാറക്കല്‍), മുന്‍ പ്രസിഡന്‍റ് ചാര്‍ലി ചിറയത്ത്, സക്കറിയാ ജോസഫ്, ജോസ് മാളേയ്ക്കല്‍, മെര്‍ലിന്‍ അഗസ്റ്റിന്‍, ഫിലിപ് ജോണ്‍ (ബിജു), അലക്സ് ജോണ്‍ എന്നിവര്‍ ദിവ്യബലിയിലും യാത്രയയപ്പു സമ്മേളനത്തിലും പങ്കെടുത്തു.

വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കു വിശിഷ്യാ മലയാളികത്തോലിക്കര്‍ക്കു മാതൃകയായി പരിലസിക്കുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകളിലൂടെ റൂബി ജൂബിലിയും പിന്നിട്ട് സേവനത്തിന്‍റെ 46ാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയാണു ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ചെയര്‍മാനും, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ജോസ് ചെതലില്‍, സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി വികാരി ഫാ. ബാബു മഠത്തില്‍പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി സില്‍വ എന്നിവര്‍ ഐ. എ. സി. എ. യുടെ ഡയറക്ടര്‍മാരുമാണ്.

ഫോട്ടോ: സജി സെബാസ്റ്റ്യന്‍

Print Friendly, PDF & Email

Leave a Comment

More News