ഒക്‌ടോബർ 7-ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിനു ശേഷം ഓസ്‌ട്രേലിയയില്‍ മുസ്ലിം സമൂഹത്തിനു നേരെ ഭീഷണികൾ പതിന്മടങ്ങ് വർധിച്ചതായി മുസ്ലീം സംഘടന

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെ ഇസ്‌ലാമോഫോബിയയും ഭീഷണിയും വൻതോതിൽ വർധിച്ചതായി രാജ്യത്തെ ഇസ്‌ലാം വിരുദ്ധ വികാരം നിരീക്ഷിക്കുന്ന ഒരു സംഘടന പറയുന്നു.

ഹമാസിന്റെ ആക്രമണത്തിനും തുടർന്നുള്ള ഇസ്രായേൽ സൈനിക തിരിച്ചടിക്കും ശേഷം മുസ്ലീം വിരുദ്ധ വിദ്വേഷത്തിന്റെ റിപ്പോർട്ടുകൾ പതിന്മടങ്ങ് വർധിച്ചതായി ഇസ്ലാമോഫോബിയ രജിസ്റ്റർ ഓസ്‌ട്രേലിയ (Islamophobia Register Australia) പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ പ്രവണത “വളരെ വിഷമിപ്പിക്കുന്നതാണ്” എന്നും പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് “അതിലും കൂടുതൽ ആശങ്കാജനകമാണ്” എന്നും ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷരാര അത്തായ് ഓസ്‌ട്രേലിയൻ മാധ്യമങ്ങളോട് പറഞ്ഞു.

സിഡ്‌നി, മെൽബൺ, അഡ്‌ലെയ്ഡ്, പെർത്ത് തുടങ്ങിയ നഗരങ്ങളിൽ പതിനായിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ആകർഷിച്ച ഫലസ്തീനിയൻ അനുകൂല മാർച്ചുകൾ രാജ്യത്തുടനീളം നടന്നു. പ്രതിഷേധക്കാർ ഗാസ മുനമ്പിൽ വെടിനിർത്തൽ ആവശ്യപ്പെടുകയും എൻക്ലേവിലെ സാധാരണക്കാർക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളെ “വംശഹത്യ” എന്ന് അപലപിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയ പലസ്‌തീൻ അഡ്വക്കസി നെറ്റ്‌വർക്കിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ജെസീക്ക മോറിസൺ കഴിഞ്ഞ മാസം പറഞ്ഞത് “ധാരാളം യുവാക്കളിൽ നിന്നുള്ള ധാരാളം കഥകൾ” ടാർഗെറ്റു ചെയ്യപ്പെടുന്നു എന്നും, പ്രത്യേകിച്ച് സ്കൂളുകളിൽ ഫലസ്തീൻ സമൂഹം അതിനെ നേരിടുന്നു എന്നും പറഞ്ഞു.

പൊതു പ്രസ്താവനകൾ നടത്തുമ്പോൾ എല്ലാ കക്ഷികളും സാമൂഹിക ഐക്യത്തിന്റെ പ്രത്യാഘാതങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനിലെ മുതിർന്ന ഉദ്യോഗസ്ഥന്‍ മൈക്ക് ബർഗെസ് കഴിഞ്ഞ മാസം ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. വാക്കുകള്‍ പ്രധാനമാണെന്നും അവ ബുദ്ധിപൂര്‍‌വ്വം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Print Friendly, PDF & Email

Leave a Comment

More News