സനാതന ധര്‍മ്മം പകര്‍ച്ചവ്യാധി പോലെ; നിയമനടപടി നേരിടേണ്ടി വന്നാലും അതിനെ ഞങ്ങൾ എക്കാലവും എതിർക്കും: ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധർമ്മം എക്കാലവും എതിർക്കപ്പെടണമെന്ന നിലപാട് ആവർത്തിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ വീണ്ടും വിവാദം സൃഷ്ടിച്ചു.

സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ സംസ്ഥാന പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും യുവജനക്ഷേമ കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഭിന്നിപ്പിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനോ ഏതെങ്കിലും പ്രത്യയശാസ്ത്രം ഇല്ലാതാക്കാനോ ഒരു വ്യക്തിക്കും അവകാശമില്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

“ഞങ്ങൾ കുറേ വർഷങ്ങളായി സനാതനത്തെക്കുറിച്ച് സംസാരിക്കുന്നു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഒരു സമീപകാല പ്രശ്നമാണ്. സനാതന ധർമ്മ പ്രശ്നം നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. ഞങ്ങൾ അതിനെ എക്കാലവും എതിർക്കും,” അദ്ദേഹം പറഞ്ഞു.

താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ പറഞ്ഞത് ശരിയാണ്, നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. എന്നുവെച്ച് ഞാൻ എന്റെ പ്രസ്താവന മാറ്റാന്‍ പോകുന്നില്ല,” അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

സനാതന ധര്‍മ്മത്തെ എതിർക്കുക മാത്രമല്ല അത് ഉന്മൂലനം ചെയ്യപ്പെടണമെന്നായിരുന്നു സ്റ്റാലിന്റെ നിലപാട്.

സാമൂഹിക നീതിക്കും സമത്വത്തിനും എതിരായ സംസ്‌കൃതത്തിൽ നിന്നാണ് സനാതന നാമം ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. “കൊറോണ, ഡെങ്കി, കൊതുകുകൾ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ അവരെ ഉന്മൂലനം ചെയ്യണം, അതുപോലെ സനാതനവും ഉന്മൂലനം ചെയ്യണം,” അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News