വോട്ടുകള്‍ മുന്നില്‍ കണ്ട് ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കെഎസ്ഇബിയുടെ കടം വീട്ടാൻ സർക്കാർ പൊതുജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ അവശ്യ സാധനങ്ങൾക്കും ഈയിടെ റെക്കോർഡ് വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് പോലും പണം നൽകാത്ത സർക്കാർ ഈ ബജറ്റിലൂടെ 5000 കോടി രൂപയുടെ അധിക ബാധ്യതയാണ് പൊതുജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനം. ഇത്തരമൊരു സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയാണ് സർക്കാർ ധൂർത്തടിക്കുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 10 ശതമാനമാണ്. പിൻവാതിൽ നിയമനം മാത്രമാണ് ഇവിടെ നടക്കുന്നത്. പിണറായി സർക്കാരുമായി മലയാളികൾ മല്ലിടുന്ന സാഹചര്യത്തിൽ ഇസ്രായേൽ-ഹമാസ് സംഘർഷം ഉപയോഗിച്ച് സുപ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്,” സുരേന്ദ്രന്‍ പറഞ്ഞു.

വോട്ട് ശേഖരണത്തിനായി കോൺഗ്രസ് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഖിലേന്ത്യാ തലത്തിൽ മുന്നണിയുടെ ഭാഗമായ സിപിഐ എമ്മിനെ രക്ഷിക്കാനാണ് ഇന്ത്യൻ മുന്നണിയെ നയിക്കുന്ന കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടത് ഭരണം നിലനിർത്തേണ്ടത് രാഹുൽ ഗാന്ധിയുടെ കൂടി ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുസ്‌ലിംകളെ ഒരു തരത്തിലും ബാധിക്കാത്ത ഫലസ്തീൻ പ്രശ്‌നം ഉയർത്തിക്കാട്ടി, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാമെന്ന സി.പി.ഐ.എം തന്ത്രം മെനയുകയും അവർക്ക് വേണ്ട സഹായം വി.ഡി സതീശൻ നൽകുകയും ചെയ്യുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം ലീഗ് എൽഡിഎഫിൽ ചേരുമെന്ന് ഉറപ്പാണ്. സിപിഐ എമ്മും കോൺഗ്രസും കുറച്ച് വോട്ടുകൾ നേടുന്നതിനായി അന്താരാഷ്ട്ര ഭീകരനായ ഹമാസിനെ പിന്തുണയ്ക്കുന്നു. ഹമാസ് എന്ത് ചെയ്താലും അവരെ പിന്തുണയ്ക്കുക എന്നതാണ് സിപിഐ എമ്മിന്റെ നിലപാട്, സുരേന്ദ്രന്‍ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News