ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക ഉപേക്ഷിച്ച കേസ്; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടി

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക ഉപേക്ഷിച്ച സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. ഡോക്ടർമാരെയും നഴ്സുമാരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്താനാകുമോ എന്ന കാര്യത്തിനാണ് പൊലീസ് നിയമോപദേശം തേടിയത്. ഹർഷിന എന്ന യുവതിയുടെ ശസ്ത്രക്രിയയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും കേസിൽ പ്രതികളാക്കാനാണ് പൊലീസ് നീക്കം.

റേഡിയോളജിസ്റ്റിനെ അവസാന നിമിഷം മാറ്റിയതിലും അന്വേഷണമുണ്ടാകും. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡില്‍ റേഡിയോളജിസ്റ്റ് പങ്കെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്ന റേഡിയോളജിസ്റ്റല്ല പിന്നീട് പങ്കെടുത്തത്. യോഗത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.

കഴിഞ്ഞ ദിവസം ഹർഷിന കേസിൽ ഡോക്ടർമാരുടെ മൊഴി പൊലീസ് എടുത്തിരുന്നു. പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് അംഗങ്ങളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡിലെ നാല് ഡോക്ടർമാരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. എസിപി സുദർശനാണ് മൊഴിയെടുത്തത്. പിന്നീട് ഡിഎംഒ രാജാറാമിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഡോ.ജമീൽ സജീർ, ഡോ. മിനി കമല, ഡോ.കെ.ബി. സലീം, ഡോ.എ. മൃദുലാൽ എന്നിവരുടെ മൊഴിയും എടുത്തു.

Print Friendly, PDF & Email

Leave a Comment