ഫോർട്ട്കൊച്ചിക്ക് പഴയകാല ചാരുത നഷ്ടമാകുന്നു

കൊച്ചി: സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ ഫോർട്ട് കൊച്ചിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് ടൂറിസം മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ബീച്ചിലെ വർധിച്ചുവരുന്ന മാലിന്യപ്രശ്നം പരിഹരിക്കാൻ കൃത്യമായ ഒരു പദ്ധതിയുടെ അഭാവവും വ്യാപകമായ നിർമ്മാണ പ്രവർത്തനങ്ങളും ഈ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തിന്റെ ചാരുത നഷ്‌ടപ്പെടുത്തുന്നു.

“കടൽത്തീരത്തുകൂടി നടന്നാൽ മതിയാകും ഈ സ്ഥലത്തിന്റെ ദയനീയാവസ്ഥ. ഫോർട്ട് കൊച്ചിയിലെ ഓരോ മണൽത്തരിക്കും ചരിത്രമുണ്ട്. എന്നാൽ, ഇന്ന് എല്ലായിടത്തും മാലിന്യം മാത്രം. കടൽത്തീരത്തേക്കുള്ള പാത അനധികൃത കുടിലുകൾ കൈയടക്കുകയും മാലിന്യം കുന്നുകൂടാൻ കാരണമാവുകയും ചെയ്യുന്നു,” ഫോർട്ട്‌കൊച്ചിയുടെ ചരിത്രത്തിൽ വിദഗ്‌ധനായ മൻസൂർ നൈന പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവർ വലിയൊരു പ്രദേശം കയ്യേറി മാലിന്യം നിക്ഷേപിക്കുകയും അവിടെ നിന്ന് സ്ക്രാപ്പ് ബിസിനസ്സ് നടത്തുകയും ചെയ്യുന്നു, മൻസൂർ പറഞ്ഞു. “വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന സന്ദർശകർക്ക് നമ്മള്‍ എന്താണ് കാണിക്കാൻ ശ്രമിക്കുന്നത്?” മൻസൂർ ചോദിക്കുന്നു.

പ്രശസ്തമായ ചീനവലകളുടെ മോശം അവസ്ഥയാണ് മറ്റൊരു പ്രശ്നം. “ഈ വലകൾ എങ്ങനെ അറ്റകുറ്റപ്പണികൾ ചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് ധാരാളം ബഹളങ്ങളുണ്ടാക്കിയിരുന്നു. തീർച്ചയായും, നടപടികൾ സ്വീകരിച്ചു. വല അറ്റകുറ്റപ്പണികൾ നടത്താനാവശ്യമായ തടികൾ അധികൃതർ സംഭരിച്ചശേഷം തള്ളുകയായിരുന്നു. ഇത് രണ്ടുതവണ സംഭവിച്ചു! നേരത്തെ വാങ്ങിയ തടി ദ്രവിച്ചതോടെ മറ്റൊരു ലോഡ് കൂടി കൊണ്ടുവന്നു. എന്നാൽ വലയുടെ പണി ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂ.

ടൂറിസം സൈറ്റുകളുടെയും സാധ്യതകളുടെയും സംരക്ഷണത്തിനായി കൊച്ചി കോർപ്പറേഷൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തുടങ്ങി എല്ലാവരുടെയും അധികാരികളുടെ അനാസ്ഥയാണ് കെ-ഹാറ്റ്‌സ് പ്രസിഡന്റ് ശിവദത്തൻ എംപി ചൂണ്ടിക്കാട്ടുന്നത്. പൈതൃക നിർമിതികൾ ആധുനിക കെട്ടിടങ്ങൾക്ക് വഴിമാറുന്ന ഒരു ദിവസം വരുമെന്നും അത് ഫോർട്ട്കൊച്ചിയിലെ വിനോദസഞ്ചാരത്തിന് അന്ത്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫോർട്ട്കൊച്ചി ഹെറിറ്റേജ് സോണിനുള്ളിൽ ബിഷപ്പ് ഹൗസിന് സമീപമാണ് പോലീസ് വകുപ്പിന്റെ പുതിയ ബഹുനില മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ശിവദത്തൻ ചൂണ്ടിക്കാട്ടിയ മറ്റൊരു ഉദാഹരണം ബാസ്റ്റ്യൻ ബംഗ്ലാവിനു സമീപം കോർപ്പറേഷൻ ഏറ്റെടുത്തു നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണ്.

“പൈതൃകവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് കൃത്യമായ നയത്തിന്റെ അഭാവമാണ് ഈ പ്രശ്നത്തിന് പിന്നിൽ. പൈതൃക സ്മാരകങ്ങളുടെ വാസ്തുവിദ്യയിൽ ചേരാത്ത കെട്ടിടങ്ങളുടെ നിർമ്മാണം തടയുന്നതിനുള്ള വ്യക്തമായ നയം രൂപീകരിക്കേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News