യുഎസ് ക്യാപിറ്റോള്‍ കലാപം താൻ എങ്ങനെ കണ്ടുവെന്ന് ടിവി അഭിമുഖത്തിൽ പറയാൻ ട്രംപ് വിസമ്മതിച്ചു

ന്യൂയോർക്ക്: 2021 ജനുവരി 6-ന് വാഷിംഗ്ടണിലെ ക്യാപിറ്റോളില്‍ നടന്ന കലാപം കണ്ടിരുന്നോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് നിരസിച്ചു. “പറയേണ്ടവരോട് പറയേണ്ട സമയത്ത് അത് ഞാന്‍ പറഞ്ഞോളാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2024-ലെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ നിലവിലെ മുൻനിരക്കാരനായ ട്രംപ്, 2021 ജനുവരി 6-ന് താൻ എങ്ങനെ ചെലവഴിച്ചുവെന്നും തന്റെ അനുയായികൾ ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയപ്പോൾ താൻ ഫോൺ വിളിച്ചോ എന്നും എൻബിസിയുടെ “മീറ്റ് ദി പ്രസ്” എന്ന പരിപാടിയിലാണ് വിസമ്മതിച്ചത്.

“ഞാൻ നിങ്ങളോട് അത് പറയാൻ പോകുന്നില്ല. ഉചിതമായ സമയത്ത് ഞാൻ പിന്നീട് ജനങ്ങളോട് പറയും,” ട്രംപ് മോഡറേറ്റർ ക്രിസ്റ്റൻ വെൽക്കറോട് പറഞ്ഞു. വൈറ്റ് ഹൗസിലെ ഒരു ഡൈനിംഗ് റൂമിൽ ടെലിവിഷനിൽ കലാപം കാണുന്നതിന് അന്ന് ഉച്ചതിരിഞ്ഞ് ചെലവഴിച്ചോ എന്ന ചോദ്യത്തിനായിരുന്നു ട്രം‌പിന്റെ മറുപടി.

അദ്ദേഹം ഓവൽ ഓഫീസിന് പുറത്തുള്ള മുറിയിൽ സ്വയം ഒതുങ്ങി, ചില സമയങ്ങളിൽ ചില ഭാഗങ്ങൾ റിവൈൻഡ് ചെയ്യുകയും വീണ്ടും കാണുകയും ചെയ്തു എന്ന് ട്രംപിന്റെ മുൻ സഹായികൾ പറഞ്ഞിരുന്നു.

ന്യൂജേഴ്‌സിയിലെ ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ വ്യാഴാഴ്ചയായിരുന്നു അഭിമുഖം. അക്രമത്തിനിടെ പരസ്യമായി നിശബ്ദത പാലിക്കുന്നതിനെക്കുറിച്ച് വെൽക്കറിന്റെ ചോദ്യത്തിന് മറുപടിയായി, ആക്രമണ ദിവസം താൻ “മനോഹരമായ പ്രസ്താവനകൾ” നടത്തിയെന്നാണ് ട്രംപ് പറഞ്ഞത്.

2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നുണകൾക്ക് ഇന്ധനം നൽകിയ ട്രംപിന്റെ അനുയായികൾ, ഡെമോക്രാറ്റ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താൻ കോൺഗ്രസ് തയ്യാറെടുക്കുന്നതിനിടെയാണ് ക്യാപിറ്റോളിലേക്ക് ഇരച്ചു കയറിയത്. ആ തെരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനുള്ള ശ്രമങ്ങളുടെ പേരിൽ ട്രംപ് ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നുണ്ടെങ്കിലും കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം നേരിടുന്നില്ല.

അന്നത്തെ പ്രവൃത്തികൾക്ക് കുറ്റാരോപിതരായ ചില കലാപകാരികൾക്ക് മാപ്പ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു.

ജനുവരി 6 ലെ കലാപവുമായി ബന്ധപ്പെട്ട് 1,000-ത്തിലധികം ആളുകൾക്കെതിരെ ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്, 600-ലധികം പേർ കുറ്റം സമ്മതിക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

“ഞാൻ അവരെ സം‌രക്ഷിക്കാന്‍ പോകുകയാണ്. അങ്ങനെ ചെയ്യുന്നത് ഉചിതമാണെന്ന് ഞാൻ കരുതുന്നുവെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്തേക്കും,” മുൻ പ്രസിഡന്റ് പറഞ്ഞു.

2020ലെ തിരഞ്ഞെടുപ്പ് ഫലം മറികടക്കാനുള്ള ശ്രമങ്ങൾ, രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്യൽ, വിവാഹേതര ബന്ധങ്ങൾ മറച്ചുവെക്കാൻ പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട നാല് കേസുകളിലായി ഫെഡറൽ, സ്റ്റേറ്റ് കോടതികളിലായി 91 ക്രിമിനൽ കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. എല്ലാ തെറ്റുകളും അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്.

ജയിലിൽ പോകാൻ ഭയമുണ്ടോ എന്ന ചോദ്യത്തിന് ” ഇല്ല, ശരിക്കും ഇല്ല. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല, ഞാന്‍ ഒരു വ്യത്യസ്ഥ മനുഷ്യനാണ്” എന്നായിരുന്നു ട്രം‌പിന്റെ മറുപടി.

ഓഫീസ് വിട്ടതിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ ബ്രോഡ്കാസ്റ്റ് നെറ്റ്‌വർക്ക് അഭിമുഖമായിരുന്നു എൻ‌ബി‌സിയുടേത്.

Print Friendly, PDF & Email

Leave a Comment

More News