മേയർ ആര്യ രാജേന്ദ്രൻ കുട്ടിയെ മടിയിലിരുത്തി ഓഫീസില്‍ ജോലി ചെയ്തത് തൊഴിലിടത്ത് കുട്ടികളെ കൊണ്ടുവരാന്‍ പാടില്ല എന്ന സർക്കാരിന്റെ ഉത്തരവിന് വിരുദ്ധമെന്ന്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുവരുന്നത് വിലക്കി 2018ൽ ഇറക്കിയ പഴയ ഉത്തരവിന് വിരുദ്ധമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തന്റെ കുട്ടിയെ മടിയിലിരുത്തി ഓഫീസിൽ ജോലി ചെയ്യുന്നതായുള്ള ചിത്രം വ്യാപകമായി പ്രചരിച്ചത് വന്‍ വിവാദത്തിന് തിരികൊളുത്തി. ചിത്രം ജനശ്രദ്ധ ആകർഷിക്കുകയും കുട്ടികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവരുന്നതിന്റെ ഉചിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു.

സമയ കാര്യക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം സർക്കാർ ജീവനക്കാർ തങ്ങളുടെ കുട്ടികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവരുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതായി മുൻ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 2018 മുതൽ ആരംഭിച്ച ഈ ഉത്തരവ്, മനുഷ്യാവകാശ കമ്മീഷൻ മാർഗ്ഗനിർദ്ദേശത്തെ സ്വാധീനിച്ചു, കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുവരുന്നത് അവരുടെ വ്യക്തിത്വ വികസനത്തിന് ഹാനികരമാകുമെന്നും ഓഫീസ് ഉപകരണങ്ങളുടെ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും വാദിച്ചു.

കൂടാതെ, ഈ നിർദ്ദേശം ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും, ജോലിസ്ഥലത്തെ നിയമങ്ങളും മര്യാദകളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

അതേസമയം, ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മടിയിലിരുത്തി ഓഫീസില്‍ ജോലി ചെയ്യുന്ന ആര്യയുടെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുട്ടിയുമായി ജോലിക്കെത്തുന്നതിന്റെ അനൗചിത്യം ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജോലിത്തിരക്കിനിടയിലും അമ്മയുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ആര്യയ്ക്ക് കൈയ്യടിയുമായി ഒരുവിഭാഗമെത്തി. കുഞ്ഞുമായി ഫയലുകള്‍ നോക്കുന്ന ആര്യയുടെ ചിത്രത്തിന് മേയറെ അഭിനന്ദിച്ച് അനവധിപേര്‍ എത്തിയപ്പോള്‍ എതിരഭിപ്രായവുമായി എത്തിയവരും കുറവല്ല. നൂറുകണക്കിന് ലൈക്കുകളും കമന്റുകളും ചിത്രത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

മേയര്‍ക്ക് ജോലിയിലുള്ള ആത്മാര്‍ത്ഥതയാണ് ഇത് കാണിക്കുന്നതെന്നും തന്റെ ജോലിക്കൊപ്പം അമ്മയുടെ ഉത്തരവാദിത്വവും മേയര്‍ നിറവേറ്റുന്നതായി ഒരാള്‍ കമന്റ് ചെയ്തു. പ്രായം കുറഞ്ഞ മേയറെന്ന നിലയില്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ആര്യ. ആര്യയ്ക്ക് കൈയ്യടിക്കുന്നതിനൊപ്പം പുരുഷ മേല്‍ക്കോയ്മയാണ് ഇത് കാണിക്കുന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. അച്ഛനും അമ്മയ്ക്കും കുഞ്ഞില്‍ ഒരുപോലെ ഉത്തരവാദിത്വമുണ്ടെങ്കിലും എല്ലായ്പ്പോഴും അമ്മയാണ് കുട്ടികളുടെ കാര്യം നോക്കേണ്ടിവരുന്നതെന്ന് ഇത് തെളിയിക്കുന്നതായും അതിനാണ് മാറ്റമുണ്ടാകേണ്ടതെന്നും അവര്‍ പറയുന്നു. ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രം പ്രായമായ തന്റെ കുഞ്ഞിനേയും കൊണ്ട് കോര്‍പ്പറേഷനില്‍ വന്നിരുന്നു തന്റെ ജോലി ചെയ്യുന്നതിനേയും ആഘോഷിക്കുന്നത് കാണുമ്പോള്‍ കുറച്ചധികം സങ്കടം തോന്നുന്നുണ്ടെന്നാണ് മറ്റൊരാളുടെ പ്രതികരണം.

ഇത് പുരോഗമനമല്ലെന്നും ഒരു കുഞ്ഞിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും മാതൃത്വമെന്ന ഓമനപ്പേരില്‍ അതിന്റെ ജനനം മുതല്‍ സ്ത്രീയുടെ മാത്രം ചുമതലയായി ഉയര്‍ത്തിക്കാട്ടുന്ന സമീപനമാണെന്ന വിമര്‍ശനം ഉയരുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകളും ജോലി ഉപേക്ഷിക്കുന്നത് അവരുടെ പ്രസവത്തിന് ശേഷമാണ്. ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിലും അതിന്റെ അച്ഛനും അമ്മയ്ക്കും ഒരേ പോലെ ഉത്തരവാദിത്വമുണ്ട്. കുട്ടിയുടെ ഉത്തരവാദിത്വത്തിലും അതിനെ പരിഗണിക്കുന്ന രീതിയിലും വളര്‍ത്തിക്കൊണ്ടു വരികയെന്ന ചുമതലയിലുമൊക്കെ തന്നെ ആണും പെണ്ണും ഒരേ പോലെ പങ്കാളികള്‍ ആയിരിക്കണമെന്നും പരാമര്‍ശങ്ങള്‍ ഉയരുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News