പാറശാലയില്‍ ആറു കോടിയുടെ ബസ് ടെര്‍മിനല്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ആറുകോടി ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാറശാല ബസ് ടെര്‍മിനലിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പാറശാല മണ്ഡലത്തില്‍ 2,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എം.എല്‍.എ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നമ്മളൊരുമിച്ച് മുന്നിട്ടിറങ്ങിയാൽ വികസനം യാഥാര്‍ത്ഥ്യമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് പാറശാല കേന്ദ്രീകരിച്ച് കാരാളിയില്‍ ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന – ദേശീയ പാതകളും മലയോര ഹൈവേയും കടന്നുപോകുന്ന അതിര്‍ത്തി പ്രദേശമായ പാറശാലയില്‍ ബസ് കാത്തുനില്‍ക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമായിരുന്നു. പുതിയ ബസ് ടെര്‍മിനല്‍ വരുന്നതോടെ പാറശാലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

ബസ് ടെര്‍മിനല്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള കലുങ്ക് നിര്‍മാണമാണ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ ആദ്യഘട്ടമായി നടക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും.സ്വകാര്യ വ്യക്തികളില്‍ നിന്നടക്കം ഏറ്റെടുത്ത ഒന്നരയേക്കറോളം വരുന്ന ഭൂമിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, ഷോപ്പിംഗ് കോപ്ലക്‌സ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ബസ് ഷെല്‍ട്ടറിന്റെ നിര്‍മാണവും ആരംഭിക്കും. പ്രൊഫഷണല്‍ കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും താലൂക്ക് ആശുപത്രിയും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ബസ് ടെര്‍മിനല്‍ ഇല്ലാത്തത് മൂലം ഗതാഗത പ്രശ്നങ്ങളും പതിവായിരുന്നു.ബസ് ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇതിനും പരിഹാരമാകും.

പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത.എല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍,ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി ആര്‍. സലൂജ, പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ബിജു,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുത്തു.

ഉറവിടം: പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News