‘നമത്ത് തീവനഗ’ സന്ദേശ യാത്രയ്ക്ക് തുടക്കം

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ‘നമത്ത് തീവനഗ’ ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്രയ്ക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ തുടക്കം. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന സന്ദേശയാത്രയിലൂടെ ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെക്കുറിച്ചും അവ ജീവിത ശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കുന്നുവെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുവാനും യാത്ര ലക്ഷ്യമിടുന്നു.

ചെറുധാന്യങ്ങളുടെ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കി വരുന്ന അട്ടപ്പാടി ആദിവാസ സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് യാത്ര. യാത്രയുടെ ഭാഗമായി അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെയും വിത്തുകളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. ചെറുധാന്യങ്ങളുടെ പോഷകാഹാരത്തെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും ഇതോടനുബന്ധമായി ഓരോ ജില്ലകളിലും സന്ദേശ യാത്രയോടൊപ്പം സംഘടിപ്പിക്കും.

ഉറവിടം: പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News