കര്‍ഷക ആത്മഹത്യ: സര്‍ക്കാരിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായും ലഭിക്കാതെ സാമ്പത്തിക ബാധ്യതയാല്‍ കര്‍ഷക ആത്മഹത്യകള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും കൃഷി വകുപ്പിനുമെതിരെ ക്രൂരനരഹത്യയ്ക്ക് കേസെടുക്കാന്‍ നീതിപീഠങ്ങള്‍ സ്വയം തയ്യാറാകണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ക്രൂരനരഹത്യയില്‍ സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാകണം. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഭരണനേതൃത്വങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണെന്നും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിയന്ത്രണാതീതമായിരിക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

പാലക്കാട് പുലി ചത്തതിന്റെ പേരില്‍ കര്‍ഷകനെ ഓടിച്ച് മരണത്തിലേയ്ക്ക് തള്ളിയിട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമേകുന്നവരെ തുറുങ്കിലടയ്ക്കുവാന്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ജനങ്ങള്‍ക്ക് ചോദ്യം ചെയ്യേണ്ടിവരുന്നത് ജനാധിപത്യ ഭരണത്തിനുപോലും അപമാനമാണ്. വന്യജീവി വാരാഘോഷങ്ങളും ‘വന്യജീവി നിലനില്പാണ് അഭിമാനമാണ് ് എന്ന പ്രതിജ്ഞയും വന്യജീവി അക്രമത്താല്‍ അതിക്രൂരമായി മനുഷ്യന്‍ ദിവസംതോറും കേരളത്തില്‍ മരിച്ചുവീഴുമ്പോള്‍ ധിക്കാരപരമാണെന്നും വിദ്യാലയങ്ങളിലൂടെ നടത്തുന്ന വന്യജീവി വാരാഘോഷം കര്‍ഷകമക്കള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകസ്‌നേഹം കാപഠ്യമാണെന്ന് തിരിച്ചറിയുന്നുവെന്നും കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും കര്‍ഷകരെ സംരക്ഷിക്കാനാവാത്ത ഇരട്ടത്താപ്പ് കര്‍ഷകര്‍ തിരിച്ചറിയുന്നുവെന്നും കര്‍ഷക സംഘടനകള്‍ കര്‍ഷകവിരുദ്ധ സര്‍ക്കാരിനെതിരെ സംയുക്തമായി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അഡ്വ.ബിനോയ് തോമസ് പറഞ്ഞു.

ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു മുഖ്യപ്രഭാഷണം നടത്തി. ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രെഫ.ജോസുകുട്ടി ഒഴുകയില്‍, ആയാംപറമ്പ് രാമചന്ദ്രന്‍, ജോര്‍ജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പന്‍ ആന്റണി, പി.രവീന്ദ്രന്‍, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, വിദ്യാധരന്‍ സി.വി., ജോബിള്‍ വടാശേരി, റോസ് ചന്ദ്രന്‍, അപ്പച്ചന്‍ ഇരുവേയില്‍, സുരേഷ് ഓടാപന്തിയില്‍, റോജര്‍ സെബാസ്റ്റ്യന്‍, ഷാജി തുണ്ടത്തില്‍, ബാബു പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News