ഭരണ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും കര്‍ഷകരെ വഞ്ചിക്കുന്നു: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം: നിരവധിയായ വാഗ്ദാനങ്ങളും, പ്രഖ്യാപനങ്ങളും നടത്തി ഭരണകൂടങ്ങളും, രാഷ്ട്രീയ നേതൃത്വങ്ങളും, ജനപ്രതിനിധികളും കര്‍ഷകരെ വഞ്ചിക്കുകയാണന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

ഇവര്‍ക്കെതിരെ സംഘടിച്ച് ഒറ്റക്കെട്ടായി പ്രതികരിച്ചില്ലങ്കില്‍ സ്വന്തം നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന ദുര്‍വിധിയെ കര്‍ഷകര്‍ നേരിടേണ്ടി വരും. നിയമങ്ങള്‍ സൃഷ്ടിച്ചും നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്തും കര്‍ഷകരുടെ രക്ഷകരാകേണ്ട ജനപ്രതിനിധികള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികളും, ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ് ഇന്ന് കര്‍ഷകരെ ഗുരുതരമായ പ്രതിസന്ധിയിലാക്കിരിക്കുന്നതെന്നും, ഡല്‍ഹി കര്‍ഷക പ്രക്ഷോഭം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

രണ്ടാം കര്‍ഷക പ്രക്ഷോഭമായ ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത് ബലം പ്രയോഗിച്ച് നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ട രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനറും കര്‍ഷക വേദി ചെയര്‍മാനും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ചെയര്‍മാനുമായ റോജര്‍ സെബാസ്റ്റ്യന് കോട്ടയം റയില്‍വേ സ്റ്റേഷനില്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു വി സി സെബാസ്റ്റ്യന്‍.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എന്‍.എഫ്.ആര്‍.പി.എസ്. ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഡോ. ജോസുകുട്ടി ഒഴുകയില്‍, നെല്‍ക്കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ ലാലി, ഒ.ഐ. ഒ.പി. രക്ഷാധികാരി സുജി മാസ്റ്റര്‍ കര്‍ഷകവേദി വൈസ് ചെയര്‍മാന്‍ ടോമിച്ചന്‍ സ്‌കറിയ ഐക്കര, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ട്രഷറര്‍ ജിന്നറ്റ് മാത്യം, വൈസ് ചെയര്‍മാന്‍ ജോര്‍ജ് സിറിയക്, കണ്‍വീനര്‍ സിറാജ് കൊടുവായൂര്‍, കോട്ടയം ജില്ലാ ചെയര്‍മാന്‍ ജോസഫ് തെള്ളിയില്‍, വിവിധ സംഘടനാ നേതാക്കളായ ബിജോ മാത്യം, സിറിയക് കുരുവിള, അപ്പച്ചന്‍ ഇരുവേലില്‍, ജറാര്‍ഡ് ആന്റണി, ക്ലമന്റ് കരിയാപുരയിടം, വിജയന്‍ കൊരട്ടിയില്‍, തുടങ്ങിയവര്‍ സംസാരിച്ചു. റോജര്‍ സെബാസ്റ്റ്യന്‍ മറുപടി പ്രസംഗം നടത്തി.

ഫോട്ടോ അടിക്കുറിപ്പ്: ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു ബലം പ്രയോഗിച്ച് നാട്ടിലേക്ക് തിരിച്ചയച്ച രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥന കണ്‍ വീനറും കര്‍ഷക വേദി ചെയര്‍മാനുമായ റോജര്‍ സെബാസ്റ്റ്യന് കോട്ടയം റയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണ സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യന്‍ കണ്‍വീനര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍ ഉല്‍ഘാടനം ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News