യു എസ് ടി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം

ജീവനക്കാരിൽ ആരോഗ്യം, സാംസ്കാരിക ബോധം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി ഉള്ള പരിശീലന പരിപാടി

തിരുവനന്തപുരം, സെപ്റ്റംബർ 28, 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ തിരുവനന്തപുരം കാമ്പസിലെ ജീവനക്കാർക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നു. കളരിപ്പയറ്റു പരിശീലനത്തിനായി ചേർന്ന 120-ലധികം ജീവനക്കാരിൽ 50 പേർ ഇതിനകം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു.

127 വർഷക്കാലത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയിൽ നിന്നുള്ള ഡോ എസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഈ പുരാതന ആയോധന കലയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും യു എസ് ടി യിലെ ജീവനക്കാരെ അഭ്യസിപ്പിക്കുക വഴി, ശാരീരിക ക്ഷമത, മാനസിക ആരോഗ്യം, വൈകാരിക സന്തുലനം തുടങ്ങിയവ പരിപോഷിപ്പിക്കാൻ സഹായകമാകും.

മാനസിക സമ്മർദമില്ലാതാക്കുക, സ്വയം പ്രതിരോധത്തിനായുള്ള കഴിവുകൾ വളർത്തിയെടുക്കുക എന്നിവയിലൂടെ ജീവനക്കാർക്ക് തങ്ങളുടെ വ്യക്തിഗത സുരക്ഷയും ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. അഗസ്ത്യം കളരി വിഭാവനം ചെയ്തിട്ടുള്ള ‘നല്ലുടൽ ആരോഗ്യ പരിപാടി’ എല്ലാ പ്രായത്തിലുള്ളവരിലും ആരോഗ്യവും ഫിറ്റ്നസ്സും ഉറപ്പു വരുത്തുന്ന രീതിയിൽ വാർത്തെടുത്തതാണ്.

“ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള പരിപാടികളിലൂടെ മികച്ച പാരമ്പര്യം കെട്ടിപ്പടുക്കുന്ന തരത്തിലുള്ള പരിപാടികൾക്ക് യു എസ് ടി യിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. അത്തരം സംരംഭങ്ങളിലൂടെ ജീവനക്കാർക്ക് ഫലപ്രദമായ പ്രവർത്തനങ്ങൾ ഞങ്ങൾ ഉറപ്പു വരുത്തുന്നു. ഇപ്പോൾ ഡോ. എസ്. മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കളരിപ്പയറ്റ് പരിശീലനം ഇതിന് ഉദാഹരണമാണ്. ജീവനക്കാരുടെ വിവിധ ബാച്ചുകൾക്ക് കളരിപ്പയറ്റു പരിശീലനം നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആരോഗ്യമുള്ള, സംസ്കാര സമ്പന്നമായ, ശാക്തീകരിക്കപ്പെട്ട ജീവനക്കാരെ വാർത്തെടുക്കുക എന്ന കർത്തവ്യമാണ് യു എസ് ടി സാധ്യമാക്കുന്നത്,” എന്ന് യു എസ് ടി ഹ്യൂമൻ റിസോഴ്സസ് സീനിയർ ഡയറക്ടർ ഷെഫി അൻവർ പറഞ്ഞു.

ടീം വർക്ക്, സൗഹാർദം, ഒത്തൊരുമ എന്നീ ഗുണങ്ങൾ യു എസ് ടി യിലെ ജീവനക്കാരിൽ കെട്ടിപ്പടുക്കാൻ കളരിപ്പയറ്റ് പരിശീലനത്തിലൂടെ സാധ്യമാകുന്നുണ്ട്. പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്ക് കളരിപ്പയറ്റ് സിദ്ധ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെൻറ്റർ നൽകുന്ന സെർട്ടിഫിക്കേഷനും ലഭ്യമാക്കിയിട്ടുണ്ട്. അഗസ്ത്യം കളരിയും ട്രിനിറ്റി കോളേജ് ഒഫ് എഞ്ചിനീറിംഗും ഒരുമിച്ചാണ് ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെൻറ്റർ നടത്തുന്നത്.

“സാങ്കേതിക മേഖലയിൽ സ്വയം അവബോധം സുപ്രധാനമാണ്. ഒരു കായികാഭ്യാസം എന്നതിലുപരി, വിവിധ വെല്ലുവിളികളെ നേരിടാൻ പോന്ന തരത്തിൽ മനസ്സിനെ പാകപ്പെടുത്തുന്ന കലയാണ് കളരിപ്പയറ്റ്. ഏറെ സമ്മർദ്ദമുള്ള ജോലി തിരക്കുകൾക്കിടയിൽ ശരിയായ ശ്വസനക്രിയ പോലും വിസ്മരിക്കപ്പെട്ടേക്കാം. ആന്തരിക ആരോഗ്യം ശക്തിപ്പെടുത്തി ശാരീരികവും മാനസികവുമായ വെല്ലുവിളികളെ തരണം ചെയ്യാൻ ‘നല്ലുടൽ’ പരിപാടിയിലൂടെ സാധ്യമാകും. പരിശീലനം സിദ്ധിക്കുന്ന യു എസ് ടി യിലെ ജീവനക്കാരുടെ പ്രതികരണങ്ങൾ വളരെ ഊർജ്ജം നൽകുന്നവയാണ്. കളരിപ്പയറ്റ് പോലുള്ള കേരളീയ പാരമ്പര്യങ്ങൾ നെഞ്ചോടു ചേർക്കാൻ യു എസ് ടി കാട്ടുന്ന ഔൽസുക്യം ഏറെ സന്തോഷം നൽകുന്നു,” എന്ന് ഡോ എസ് മഹേഷ് ഗുരുക്കൾ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News