മണിപ്പൂർ അക്രമം: ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ തറവാട്ടുവീടിന് നേരെ ജനക്കൂട്ട ആക്രമണം

ഇംഫാല്‍: വ്യാഴാഴ്ച രാത്രി ഇംഫാല്‍ ഈസ്റ്റിലെ ഹീൻഗാംഗിലുള്ള മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ തറവാട്ടുവീടിനു നേരെ ജനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. മണിപ്പൂരിൽ മെയ്തേയ്, കുക്കി-സോമി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ അക്രമമാണ് മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ വസതിക്ക് സമീപം വരെ എത്താന്‍ കാരണമായത്.

500-600 പേർ, അവരിൽ ചിലർ വടികളുമായി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു. എന്നാ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തു.

മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഇംഫാൽ നഗരത്തിന് നടുവിൽ പ്രത്യേകം സുരക്ഷിതമായ ഒരു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുനത്. അതുകൊണ്ട് തറവാട്ടുവീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയുടെ വീടിന് നേരെ രണ്ട് സംഘങ്ങൾ വ്യത്യസ്ത ദിശകളിൽ നിന്നാണ് വന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം മെയ് മുതൽ മണിപ്പൂരിൽ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ ഗുരുതരമായ ക്രമസമാധാന തകർച്ചയുണ്ടായി. ഇതുവരെ, 170-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി.

കഴിഞ്ഞ ആഴ്ച വരെ, സംസ്ഥാനം സാവധാനം സാധാരണ നിലയിലേക്ക് നീങ്ങുന്നതായി കാണപ്പെട്ടു, ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിച്ചു. എന്നാല്‍, ജൂലൈയിൽ കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് അക്രമത്തിന് തിരികൊളുത്തി.

ഈ ആഴ്ച ആദ്യം, കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് വിദ്യാർത്ഥി യൂണിയനുകളിൽ നിന്നും മെയ്തേയ് ഗോത്ര അംഗങ്ങളിൽ നിന്നും വൻ പ്രതിഷേധത്തിന് കാരണമായി.

ഇംഫാലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി, തുടർന്ന് ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് എന്നീ രണ്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി സിംഗിനെ ഉടൻ പുറത്താക്കണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടു. അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.

“സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണമില്ല. ഇതിന്റെ വെളിച്ചത്തിൽ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ ഉടൻ പിരിച്ചുവിടണം. പ്രധാനമന്ത്രി മോദിയുടെ മുൻഗണനകൾ മറ്റെവിടെയോ ആണെന്ന് വ്യക്തമാണ്, അദ്ദേഹം തന്റെ പ്രതിച്ഛായയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നു, ”കോൺഗ്രസ് എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News