കനേഡിയൻ സായുധസേനയുടെ വെബ്‌സൈറ്റ് ‘ഇന്ത്യൻ സൈബർ ഫോഴ്‌സ്’ ഹാക്ക് ചെയ്തു

കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ബുധനാഴ്ച ‘ഇന്ത്യൻ സൈബർ ഫോഴ്‌സ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഹാക്കർമാർ ഹാക്ക് ചെയ്തതിനെത്തുടര്‍ന്ന് താത്ക്കാലികമായി തടസ്സം നേരിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുന്‍ ട്വിറ്റർ) സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ദേശീയ പ്രതിരോധ വകുപ്പിലെ മീഡിയ റിലേഷൻസ് മേധാവി ഡാനിയൽ ലെ ബൗത്തിലിയർ പറയുന്നതനുസരിച്ച്, തടസ്സം ഉച്ചയോടെ ആരംഭിച്ചെങ്കിലും പിന്നീട് പരിഹരിച്ചു. കനേഡിയൻ എയർഫോഴ്‌സ് വെബ്‌സൈറ്റ് തങ്ങൾ “എടുത്തു” എന്ന് ഇന്ത്യൻ സൈബർ ഫോഴ്‌സ് എക്‌സിൽ പോസ്റ്റ് ചെയ്യുകയും വെബ്‌സൈറ്റിൽ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കിടുകയും ചെയ്തു.

ചില ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് ഇപ്പോഴും സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമെങ്കിലും, പല മൊബൈൽ ഉപയോക്താക്കൾക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി ദി ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തു. ബാധിച്ച വെബ്‌സൈറ്റ് കാനഡ സർക്കാരിൽ നിന്നും ദേശീയ പ്രതിരോധ വകുപ്പിന്റെ പൊതു വെബ്‌സൈറ്റുകളിൽ നിന്നും ആന്തരിക നെറ്റ്‌വർക്കുകളിൽ നിന്നും വേറിട്ടതും ഒറ്റപ്പെട്ടതുമാണ്. തങ്ങളുടെ സംവിധാനങ്ങളിൽ വിശാലമായ സ്വാധീനം ചെലുത്തുന്ന സൂചനകളൊന്നും ഇല്ലെന്ന് ലെ ബൗത്തിലിയർ (Le Bouthilier) ഉറപ്പു നൽകി. നാവികസേന, പ്രത്യേക കമാൻഡ് ഗ്രൂപ്പുകൾ, വ്യോമ, ബഹിരാകാശ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ കാനഡയിലെ എല്ലാ സൈനിക പ്രവർത്തനങ്ങൾക്കും ഉത്തരവാദികളായ കനേഡിയൻ സായുധ സേന സൈബർ ആക്രമണത്തെക്കുറിച്ച് സജീവമായി അന്വേഷിക്കുന്നുണ്ട്.

കനേഡിയൻ സൈബർസ്‌പേസിൽ വരാനിരിക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പ് നൽകി ഇന്ത്യൻ സൈബർ ഫോഴ്‌സ് മുമ്പ് സെപ്റ്റംബർ 21 ന് കാനഡയ്ക്ക് ഭീഷണി നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

സെപ്തംബർ 22 ന്, കനേഡിയൻ സർക്കാരിന്റെ “ആരോപണങ്ങളിലും ഇന്ത്യാ വിരുദ്ധ രാഷ്ട്രീയത്തിലും” ഗ്രൂപ്പ് അതൃപ്തി പ്രകടിപ്പിച്ചു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടയിലാണ് ഈ സൈബർ ആക്രമണം നടന്നത്. ഈ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞ് അവയെ “അസംബന്ധം” എന്ന് മുദ്രകുത്തുകയും ചെയ്തു. കൂടാതെ, കാനഡയില്‍ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ സംഭവത്തെത്തുടര്‍ന്ന് കാനഡക്കാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തി വെച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News