പ്രശസ്ത മലയാള സിനിമാ സം‌വിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം ഉൾപ്പെടെ പതിനെട്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.

1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്.

മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്‌ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍ തുടങ്ങിയവയും ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഒരു സ്വകാര്യം, പുലി വരുന്നേ പുലി, ‌അയനം, ജാലകം, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകൻ, സ്വയംവര പന്തൽ, പുലർവെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങൾ, സദ്ഗമയ, ക്ലിന്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.

എം മുകുന്ദൻ തിരക്കഥയെഴുതി സുരാജ് വെഞ്ഞാറമൂടും ആനി അഗസ്റ്റിനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2022-ൽ പുറത്തിറങ്ങിയ ‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’ ആയിരുന്നു അവസാന ചിത്രം. 2005ലും 2008ലും ദേശീയ അവാർഡ് ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News