ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മറ്റത്തൂര്‍ ജി‌എല്‍‌പി സ്കൂളിന് പുത്തന്‍ രൂപം

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ആദ്യത്തെ മോഡല്‍ പ്രീ പ്രൈമറിയായി ഉയര്‍ത്തപ്പെട്ട അവിട്ടപ്പിള്ളി മറ്റത്തൂര്‍ ജി.എല്‍.പി.സ്‌കൂളിന് പുതിയ രൂപവും ഭാവവും നല്‍കി മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത്.

പുതിയ 5 ക്ലാസ് മുറികളുടെയും മോഡല്‍ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം ഒക്ടോബര്‍ 12-ന് നടക്കും. അടുക്കുകളായ പാറക്കെട്ടുകള്‍ അതില്‍ പച്ച നിറത്തിൽ വള്ളികള്‍ ഇരുവശങ്ങളിലും കാവലിന് ഒട്ടകപ്പക്ഷികള്‍. ജി.എല്‍.പി.സ്‌കൂള്‍ മറ്റത്തൂര്‍ അവിട്ടപ്പിള്ളിയുടെ കവാടം ഇങ്ങനെയാണ്. ഉള്ളിലേക്ക് എത്തിയാലോ ഗൊറില്ലയും ഗുഹയും ! എവിടേക്ക് നോക്കിയാലും ജിജ്ഞാസ ഉണര്‍ത്തുന്ന കാഴ്ചകള്‍. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു നാടിന്റെ വിദ്യാഭ്യാസ അടിത്തറയായി മാറിയ മറ്റത്തൂര്‍ ജി.എല്‍.പി.എസില്‍ പുതിയ 5 ക്ലാസ് മുറികളും രണ്ടാംഘട്ടം പൂര്‍ത്തീകരിച്ച മോഡല്‍ പ്രീ പ്രൈമറിയും ഉദ്ഘാടനത്തിന് ഒരുങ്ങി.

ഒരു കാലത്ത് അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന മറ്റത്തൂര്‍ ജി.എല്‍.പി.എസ് ഇന്ന് ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കുറച്ചു നാളുകള്‍ക്കു മുമ്പുവരെ വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രം ഉണ്ടായിരുന്ന സ്‌കൂളില്‍ ഇന്ന് പ്രീ പ്രൈമറിയിലും പ്രൈമറിയിലുമായി 261 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 102 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറി വിഭാഗത്തിലാണ്. അനവധി തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന മറ്റത്തൂര്‍ ജി.എല്‍.പി.എസ് തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു കൂടിയാണ്.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ 5 ക്ലാസ്സ് മുറികളും ചിത്രമൂലയുടെ രണ്ടാം ഘട്ടവും പൂര്‍ത്തീകരിച്ചത്. ഒക്ടോബര്‍ 12 ന് ക്ലാസ് മുറികളുടെയും മോഡല്‍ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബി അശ്വതി അദ്ധ്യക്ഷത വഹിക്കും.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News