അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്

കരുണ,  സഹാനുഭൂതി,  ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില്‍ കൂടിയും  കേള്‍ക്കുന്ന പദങ്ങളാണ്. പക്ഷെ പ്രവ്യത്തിയിലേക്ക് കൊണ്ടു വരണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടും അതിലുമുപരി ഒരുപാട് വെല്ലു വിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ട്

ലാലി ജോസഫ്

ഡോ ഗോപിനാഥ് മുതുകാടിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ(DAC)ഭിന്നശേഷി  കുട്ടികള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒരു കൈത്താങ്ങായി മാറി എന്നുള്ളത് നേരിട്ട് കണ്ടു മനസിലാക്കിയതിന്റെ പശ്ചാത്തലം ആണ് ഈ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം. ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ (GIC)  വെബ്‌സൈറ്റ് ഒന്ന് നോക്കുവാന്‍ ഇടയായി. മലയാളികളെ മാത്രമല്ല വിദേശ ഇന്ത്യക്കാരെ ബന്ധപ്പെടുത്തിക്കൊണ്ട് രൂപം കൊടുത്ത ഒരു വലിയ നെറ്റ്‌വര്‍ക്ക് സംഘടന ആണെന്നും മനോഹരമായ പദ്ധതികള്‍ മുന്നില്‍ നിര്‍ത്തി കൊണ്ട് നല്ല വ്യക്തികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതാണെന്നും മനസിലായി. മഹാന്മാ ഗാന്ധിയെ മുന്‍ നിര്‍ത്തി എടുത്ത ഷോര്‍ട്ട് ഫിലിം  ( GIC’s debut film) ‘ ദി ഫൂട്ട് പ്രിന്റ്‌സ് ‘  ( The Foot Prints)  പല കാറ്റഗറിയിലായിട്ട് ആറ് അവാര്‍ഡുകള്‍ ബോംബെ ഇന്റര്‍നാഷണല്‍ ഫെസ്റ്റ്‌വെല്ലില്‍ കരസ്ഥമാക്കി.

ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഗ്ലോബല്‍ ചാരിറ്റി സെന്റര്‍ 2023 സെപ്റ്റംബര്‍ 11 ാം തീയതി ഗാര്‍ലാന്റ് കീയാ ഓഡിറ്റോറിയത്തില്‍ ഡിന്നര്‍ ഒരുക്കി ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിനെ ആദരിച്ചു. GIC  പ്രസിഡന്റ്  പി. സി മാത്യു  അവിടെ എത്തിചേര്‍ന്ന എല്ലാംവരേയും  സ്വഗതം ചെയ്തു. ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തന ശൈലിയെ പറ്റി സുധിര്‍ നബ്യാര്‍ പ്രസംഗിച്ചത്  ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ എന്താണെന്നും വീക്ഷണം എന്താണെന്നും സദസിനു വ്യക്തമായി.

സിറ്റി ഓഫ് കൊപ്പേല്‍ പ്രൊ ടെം മേയര്‍ ബിജു മാത്യുവിന്റെ മലയാളത്തിലുള്ള പ്രസംഗം വളരെ ലളിതവും ഹ്യദ്യവുമായിരുന്നു. ഈ ഡിന്നര്‍ ഏര്‍പ്പെടുത്തിയ ദിവസം സെപ്റ്റംബര്‍ പതിനൊന്ന് ആയതു കൊണ്ട് മേയര്‍ 2001 സെപ്റ്റംബര്‍ 11 ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിച്ച് സംസാരിച്ചു. അതു ശ്രദ്ധിച്ചുകൊണ്ടിരുന്ന മുതുകാടന്‍ സാര്‍ തൊട്ട് അടുത്ത കസേരയില്‍ ഇരിക്കുന്ന വ്യക്തിയുമായി സ്വരം താഴ്ത്തി പറയുന്നു ‘ ഓ അത് ഈ ദിവസമായിരുന്നു അല്ലേ?

ഗോപിനാഥ് മുതുകാടിന്റെ പ്രസംഗം തുടങ്ങിയത് ഒരു കഥ പറഞ്ഞു കൊണ്ടായിരുന്നു. ‘ഒരു പ്രായം ചെന്ന മനുഷ്യന്‍ ഒരു ദിവസം ഡോക്റ്ററെ കാണുവാന്‍ പോയി. ഒരുപാട് പേര്‍ അവിടെ ഡോക്റ്ററെ കാണുവാന്‍ കാത്തിരിപ്പുണ്ടായിരുന്നു. പ്രായം ചെന്ന മനുഷ്യന്‍ അവിടെ ഇരിക്കുന്ന ആളുകളോടു ചോദിക്കുന്നു. എന്നെ ഒന്നു അകത്തേക്ക് നേരത്തെ കടത്തി വിടാമോ?  കാരണം എനിക്ക് വീട്ടീല്‍ ചെന്ന് എന്റെ ഭാര്യയോടു കൂടി ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. ആദ്യം അവര്‍ ചിരിച്ചു പിന്നീട് അവര്‍ ആ പ്രായം ചെന്ന മനുഷ്യനെ ഡോക്റ്ററുടെ അടുക്കലേക്ക് കടത്തി വിട്ടു. ഡോക്റ്ററുടെ അടുക്കലും ഇതു തന്നെ പറഞ്ഞു എനിക്ക് ഭാര്യയുടെ അടുക്കല്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. എന്നെ ഒന്നു വേഗം പറഞ്ഞു വിടണം.

എന്റെ ഭാര്യക്ക് അള്‍ജീമേഴ്‌സ് എന്ന രോഗമാണ് അവള്‍ക്ക് ആരേയും തിരിച്ചറിയാന്‍ കഴിയുകയില്ല. എന്റെ ഭാര്യക്ക് എന്നെ പോലും തിരിച്ചറിയുവാന്‍ കഴിയുകയില്ല. ഡോക്റ്റര്‍ ചോദിച്ചു നിങ്ങളെ പോലും തിരിച്ചറിയാന്‍ പാടില്ലയെങ്കില്‍ പിന്നെ എന്തു കൊണ്ടാണ് നിങ്ങള്‍ പോകുവാന്‍ ധ്യതി കൂട്ടുന്നത്? എന്റെ ഭാര്യക്ക് എന്നെ അറിയില്ലയെങ്കിലും എനിക്ക് എന്റെ ഭാര്യയെ വര്‍ഷങ്ങളായി അറിയാം’  ഈ കഥ ഇവിടെ പറഞ്ഞതിന് ഒരു കാരണം ഉണ്ട്. ഓട്ടിസവും സെറിബ്രല്‍ പാഴ്‌സിയും ബാധിച്ച കുട്ടികള്‍ക്ക് ഡാളസ് എവിടെയെന്നോ, അമേരിക്ക എവിടെയെന്നോ, ഇവിടെ  ഇത്രയും മലയാളി ഉണ്ടെന്നോ, നിങ്ങള്‍ അവരെ ചേര്‍ത്തു പിടിക്കുന്നതോ ഒന്നും തന്നെ അറിയുന്നില്ല. പക്ഷെ ആ കുഞ്ഞുങ്ങളെ നിങ്ങള്‍ എന്നിലൂടെ അറിയുന്നു. ഇത്രയും ആളുകളെ വിളിച്ചു വരുത്തി എന്നെ അവതരിപ്പിക്കുവാന്‍ കാണിച്ച  GIC   സംഘാടകരുടെ വലിയ മനസിന് നന്ദി.

2011 ല്‍ അമേരിക്കയില്‍ ജാലവിദ്യക്കാരനായിട്ടായിരുന്നു വന്നിരുന്നത്. പക്ഷെ ഇപ്പോള്‍ വന്നിരിക്കുന്നത് കാസര്‍കോടില്‍ 1000 കുട്ടികള്‍ക്ക് വേണ്ടി തുടങ്ങാന്‍ പോകുന്ന ഒരു വലിയ പ്രൊജക്റ്റും അതുപോലെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായിട്ടുള്ള ഒരു ആശുപത്രിയും ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു യാത്രയുടെ ഭാഗമായിട്ടാണ്

കര്‍ഷകനായ അച്ചന്‍ കുട്ടികാലത്ത് തനിക്ക്  പറഞ്ഞു തന്ന കഥകള്‍ കേട്ടാണ് മാജിക്കിലേക്ക് കാല് എടുത്തു വച്ചത്. 7 വയസ് തൊട്ട് മാജിക്ക് പഠനം തുടങ്ങി 10ാം വയസില്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ തുടങ്ങി. 56 രാജ്യങ്ങളില്‍ മാജീക്ക് ‘ഷോ’നടത്തി. ജീവിതം എപ്പോഴാണ് അതിന്റെ ഗതി മാറി ഒഴുകുന്നത് എന്നു പറയാന്‍ പറ്റുകയില്ല. 2016 ല്‍ കാസര്‍കോടില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ ഒരു പ്രോഗ്രാമിന് പോയതായിരുന്നു. ഓഡിറ്റോറിയത്തില്‍ ഇരുന്നിരുന്ന കുട്ടികള്‍ മുഴുവന്‍ എന്‍ഡോസള്‍ഫാന്റെ ഇരയായ കുട്ടികളായിരുന്നു. ആ കുട്ടികളുടെ ദയനിയമായ  അവസ്ഥ കണ്ടപ്പോള്‍  ഉള്ളിലേക്ക് വന്ന ചോദ്യം ഇതായിരുന്നു.

‘ഞാന്‍ ആരുടെ മുന്‍മ്പിലാണ് മാജിക്ക് കാണിക്കുന്നത്? ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ജീവിതം മാജിക്കല്ല അത് യാഥാര്‍ത്ഥ്യമാണ് മാജീക്ക് ഉപേക്ഷിച്ച് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അന്നു മുതല്‍ക്ക് തുടങ്ങിയതാണ്.’

അങ്ങിനെ 23 കുട്ടികളെ മാജിക്ക് പഠിപ്പിച്ചു തുടങ്ങി. ആ കുട്ടികളില്‍ കണ്ട മാറ്റം ആണ് ഇതിന്റെ തുടക്കം പിന്നീട് 100 കുട്ടികളായി 200 ലേക്ക് കടന്നു ഇപ്പോള്‍ 300 കുട്ടികളുടെ അച്ചനായി ഞാന്‍ മാറി കഴിഞ്ഞു. എന്റെ സ്വന്തം അച്ചന്‍ എനിക്ക് പറഞ്ഞു നല്‍കിയത് ‘ കുട്ടിയെ, സ്നേേഹം എന്ന് പറയുന്ന പ്രതിഭാസത്തിന് ലോകം ഇളക്കി മറിക്കാന്‍ സാധിക്കും’ അതുപോലെ മറ്റൊരു കാര്യവും അച്ചന്‍ പറഞ്ഞു കൊടുത്തത് സദസുമായി പങ്കുവച്ചു അതായത് ‘ഒരു വിത്തു പൊട്ടിച്ചാല്‍ അതിന്റെ ഉള്ളില്‍ മരം കാണില്ല, പക്ഷെ അതിനു വെള്ളവും സ്നേേഹവും സംരക്ഷണവും കൊടുത്തു വളര്‍ത്തിയാല്‍ മറ്റുള്ളവര്‍ക്ക് തണല്‍ കൊടുക്കുന്ന ഒരു വലിയ  മരം ആയി മാറും’.

ഈ വിത്തിന്റേയും മരത്തിന്റേയും കഥക്ക് സമാനമായ കാഴ്ചയാണ് ഡി.എ. സി യിലെ കുട്ടികള്‍ എന്ന് ഉറപ്പിച്ചു പറയുവാന്‍ സാധിക്കും. ആ കുട്ടികള്‍ക്ക് വേണ്ട വെള്ളവും സംരക്ഷണവും സ്നേഹവും കൊടുത്തു കഴിഞ്ഞപ്പോള്‍ അവിടുത്തെ ഓരോ കുട്ടികളും ഫലം പുറപ്പെടുവിക്കുന്ന  ഓരോ മരങ്ങളായി മാറി. മരം മറ്റുള്ളവര്‍ക്ക് തണലും മറ്റു ഫലങ്ങളും പുറപ്പെടുവിച്ചതുപോലെ തന്നെ ഇന്ന് ഡി.എ.സി യിലെ കുട്ടികള്‍ മാജിക്കിലും കലയിലും നൈപുണ്യം നേടി ശബളം മേടിക്കുന്ന കുട്ടികളായി മാറികഴിഞ്ഞു. അവരുടെ മാതാധിതാക്കള്‍ക്ക് ആശ്വസമായി DAC  മാറി

മൂന്നു വീഡിയോകള്‍  വേദിയില്‍ പ്രദര്‍ശിപ്പിച്ചു. 1. മുതുകാടന്‍ സാര്‍ മാജിക്കിന്റെ ലോകത്ത് സഞ്ചരിച്ചിരുന്ന വീഡിയോ 2. കാസര്‍കോടിന്റെ കണ്ണീര്‍കണങ്ങള്‍ 3. DAC യിലെ ഇപ്പോഴത്തെ  project .

ഒരു പ്രവശ്യം എങ്കിലും കണ്ടിരിക്കേണ്ട സ്ഥലം ആണ്  DAC. ആര്‍ട്ട് സെന്റര്‍, ഡെന്റല്‍ കെയര്‍ ടിം,  തെറാപ്പി സെന്റര്‍, സേ്‌പോട്‌സ് സെന്റര്‍, മാജിക്ക് ഓഫ് മിറാക്കിള്‍, മാജിക്ക് ഓഫ് ഡാര്‍ക്ക് അമ്മമാരുടെ കരകൗശല സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കരിസ്മാ അങ്ങിനെ ദിവസം മുഴുവനും കണ്ടാലും തീരാത്ത കഴ്ചകള്‍ ഡിഫറ്ന്റ് ആര്‍ട്ട് സെന്ററില്‍ കാണുവാന്‍ സാധിക്കും.  ഏറ്റവും ഒടുവില്‍ അദ്ദേഹം പറഞ്ഞതും അഭ്യര്‍ദ്ധിിച്ചതും നിങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ ഈ സ്ഥാപനം സന്ദര്‍ശിക്കണം എന്നുള്ളതായിരുന്നു.

കുട്ടികളുടെ കഴിവുകള്‍ നിങ്ങളുടെ മുന്‍മ്പില്‍ അവതരിപ്പിക്കുമ്പോള്‍ അവരെ അത് ഒരുപാട് സന്തോഷിപ്പിക്കും അതുപോലെ നിങ്ങള്‍ക്കും വളരെയധികം സന്തോഷം തരുന്ന ഒന്നായി മാറും. അവരുമായി നിങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം.  അവിടം സന്ദര്‍ശിക്കുന്നത് തന്നെ ഒരു പുണ്യപ്രവര്‍ത്തിക്ക് തുല്ല്യമായിട്ടാണ് ഞാന്‍ കാണുന്നത്.

ഗ്ലോബല്‍ കൗണ്‍സില്‍ ഒരുക്കിയ വിരുന്നില്‍ അവിടെ കൂടിയവരില്‍ 20 പേര്‍ കുട്ടികളെ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. മസ്‌ക്കീറ്റ് സെന്റ് മേരിസ് മലങ്കര കാത്തലിക്ക് പള്ളിയിലെ വികാരി ഫാ: അബ്രാഹം തോമസ്  സ്റ്റേജില്‍ വന്നു പറഞ്ഞു ഞാന്‍ എന്റെ പള്ളിയില്‍ ഈ വിവരം പറയുന്നതായിരിക്കും.  അച്ചന്റെ നല്ല മനസിന് അനുമോദിക്കുന്നു.

ഇതിന് വഴിയൊരുക്കിയ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍  അഭിനന്ദനം അര്‍ഹിക്കുന്നു. സെപ്റ്റംബര്‍ 24ാം തീയതി ലൈറ്റ് മീഡിയാ എന്റര്‍ടെയിന്‍മെന്റ് സംഘടിപ്പിച്ച ‘ സിനിസ്റ്റാര്‍ നൈറ്റ് 23’ ന്റെ വേദിയില്‍ ഗ്ലോബല്‍ കൗണ്‍സില്‍ പ്രസിഡന്റ് പി.സി. മാത്യു ഭിന്ന ശേഷി കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുകയും ‘കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് ‘ എന്ന പഴംഞ്ചൊല്ല് ആസ്പദമാക്കി അവിടെ കൂടിയിരിക്കുന്നവരോട് ഈ ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ലൈറ്റ് മീഡിയാ എന്റര്‍ടെയിന്‍മെന്റ്  ഒരു കുട്ടിയെ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു.

മജീഷ്യന്മാരുടെ രാജ്യാന്തര സംഘടനയായ അമേരിക്കയിലെ ഐ. എം. എസ്. 2011 ല്‍ മജീഷ്യന്‍ മുതുകാടിന് മാജീക്കിന്റെ ഏറ്റവും വലിയ അവാര്‍ഡായ മെര്‍ലിന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

ഓസ്‌ക്കാര്‍ അവാര്‍ഡിന് തുല്ല്യമായി ആണ് ഈ അവാര്‍ഡിനെ കാണുന്നത്. മാജിക്ക് എന്ന കലയുടെ ഉച്ചകൊടിയില്‍ നില്‍ക്കുന്ന ഒരു വ്യക്തി അതു മാറ്റിവച്ചിട്ട് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ മുതുകാടിന് എത്ര അനുമോദിച്ചാലും മതിയാവുകയില്ല അതുപോലെ തന്നെ അദ്ദേത്തിന്റെ കാരുണ്യ പ്രവര്‍ത്തിയുടെ വില തിരിച്ചറിഞ്ഞ് അതിന് മുന്‍കൈയ്യ് എടുത്ത്  ഡിന്നറും അതൊടൊപ്പം ചെറിയ കലാപരിപാടികളും സംഘടിപ്പിക്കുവാന്‍ കാണിച്ച ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഗ്ലോബല്‍ ചാരിറ്റി സെന്ററിനും ഭാവുകങ്ങള്‍.

Print Friendly, PDF & Email

Leave a Comment

More News