കേന്ദ്ര വനമിത്ര പുരസ്ക്കാര ജേതാവ് പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു; എടത്വയിൽ അനുശോചന യോഗം നടന്നു

എടത്വ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. എടത്വയിൽ അനുശോചന യോഗം നടന്നു. പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുകയും പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുകയും ചെയത് വ്യക്തിയായിരുന്നു പ്രൊഫ. ശോഭീന്ദ്രന്‍ മാഷെന്നും പരിസ്ഥിതി പ്രവർത്തകർ അനുസ്മരിച്ചു.

‘മഴ മിത്ര ‘ത്തിൽ ചേർന്ന അനുശോചന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകർക്ക് ഒരു പാഠപുസ്തകമായിരുന്നു ശോഭീന്ദ്രൻ മാഷെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ എടത്വ ആൻ്റപ്പൻ അമ്പിയായം (39) അകാല ചരമം പ്രാപിച്ചതിനെ തുടർന്ന് ആൻ്റപ്പൻ അമ്പിയായം ബാക്കി വെച്ച സ്വപ്നം യുവതലമുറയിലേക്ക് എത്തിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നെന്നും ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന വ്യക്തിത്വവും ‘മഴമിത്ര ‘ത്തിൻ്റെ സാക്ഷാത്ക്കാരത്തിന് വേണ്ടി അങ്ങേയറ്റം പിന്തുണ നല്കിയ മനുഷ്യ സ്നേഹി കൂടിയായിരുന്നു പ്രൊഫ. ശോഭീന്ദ്രൻ മാഷെന്ന് യോഗം അനുസ്മരിച്ചു.

കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ്, പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ ജി.രാധാകൃഷ്ണൻ , വർഗ്ഗീസ്, ജേക്കബ് സെബാസ്റ്റ്യൻ, അനിൽ ജോർജ്ജ് അമ്പിയായം, എൻ.ജെ സജീവ്, റോബിൻ ടി. കളങ്ങര , ബാലകൃഷ്ണൻ എന്നിവർ അനുശോചിച്ചു.

ഇന്നലെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ ലക്ചററും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായിരുന്നു. ‘അമ്മ അറിയാന്‍’, ‘ഷട്ടര്‍’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിലവില്‍ വനമിത്ര അവാര്‍ഡ് ജൂറി കമ്മിറ്റി അംഗമാണ്. ഗ്രീന്‍ കമ്മ്യൂണിറ്റിയുടെയും പ്രകൃതി സംരക്ഷണ സമിതിയുടെയും സംസ്ഥാന കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രകൃതിയെ ജീവനു തുല്യം സ്‌നേഹിക്കുകയും പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുകയും ചെയത് വ്യക്തിയായിരുന്നു ശോഭീന്ദ്രന്‍. ഇതിനു ചേര്‍ന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രധാരണം. പച്ച നിറത്തിലുള്ള പാന്റ്‌സും ഷര്‍ട്ടും തൊപ്പിയുമായിരുന്നു അദ്ദേഹം സ്ഥിരമായി അണിഞ്ഞിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News