”കാദീശ്”- ആത്മീയ മധുരിമ നിറച്ച് ഒരു ക്രിസ്തീയ ഭക്തിഗാന ആൽബം

ക്രിസ്തീയ ഭക്തിഗാന ശേഖരത്തിലേക്ക് ഒരു മ്യൂസിക്കൽ ആൽബം കൂടി – ”കാദീശ്”. ഫാ .ഡോ. ബാബു കെ മാത്യു രചിച്ച് ജോസി പുല്ലാട് സംഗീതമൊരുക്കിയ മനോഹരമായ ക്രിസ്തീയ ഭക്തിഗാന ശേഖരമാണ് ‘കാദീശ്’ . പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല ക്യാൻസർ സെന്ററിന് വേണ്ടിയുള്ള ”സഹോദരൻ” പ്രോജക്ടിന്റെ ധന ശേഖരണാർഥം 15 പ്രശസ്ത ഗായകർ പാടുന്ന ഈ ആൽബത്തിലെ ഓരോ ഗാനത്തിലും ഭക്തിയും വരികളും സംഗീതവും ആലാപനവും ഇഴചേർന്ന് അവാച്യമായ ആത്മീയ അനുഭൂതി പകരുന്നു. ആലാപനമാധുരിയും ഭാവചാരുതയും ഒരുമിക്കുന്ന വരികളും ശ്ളോമ്മോ ആർട്സ് അവതരിപ്പിക്കുന്ന ഈ ആൽബത്തിലെ ഓരോ ഗാനത്തെയും ശ്രദ്ധേയമാക്കുന്നു.

മലയാളത്തിലെ പ്രശസ്ത ഗായകരായ ശരത് (മ്യൂസിക് ഡയറക്റ്റർ), കെ ജി മാർക്കോസ്, ബിജു നാരായണൻ, എലിസബത്ത് രാജു, ശ്രേയ ജയദീപ്, അഫ്സൽ, രമേശ് മുരളി, ബിനു ആന്റണി, ജോയൽ ജോക്കുട്ടൻ, ചിത്ര അരുൺ, ചിപ്പി ജോയ്‌സ്, രഞ്ജിനി ജോസ്, എലിസബത്ത് ഐപ്പ് എന്നിവരാണ് ആൽബത്തിന് ആലാപന മധുരിമ പകരുന്നത്. പ്രശസ്ത സംഗീതജ്ഞരായ വേണു അഞ്ചൽ, യേശുദാസ് ജോർജ്, ലിജോ എബ്രഹാം, സ്റ്റുഡിയോ ഗീതം കൊച്ചി, പോപ്പ് മീഡിയ കൊച്ചി, കെ 7 കൊച്ചി, പാട്ടു പെട്ടി മിക്സ് & മാസ്റ്റർ ; അനിൽ അനുരാഗ്, സുരേഷ് വലിയവീടൻ എന്നിവർ പശ്ചാത്തല സംഗീതമൊരുക്കുന്നു.

ഫാ. ഡോ. ബാബു കെ മാത്യു

ജോൺ ജോഷ്വ, ജിനു തര്യൻ, ഫാ. മാത്യു തോമസ് & മേരി മാത്യു (കൊച്ചമ്മ) എന്നിവരാണ് ഗ്രാൻഡ് സ്‌പോൺസർമാർ . ‘കാദീശി’ലെ ഓരോ ഗാനവും അതിലെ വരികളും അത് അണിയിച്ചൊരുക്കിയ സംഗീതവുമെല്ലാം മികച്ചു നിൽക്കുന്നവയും ഭക്തിയിലേക്ക് നയിക്കുന്നതുമാണ്. ഓരോ വാക്കും വരികളും അർത്ഥസമ്പുഷ്ടവുമാണ് .

പരി. ബാവാ തിരുമേനിയുടെ ആമുഖത്തോടെ ആരംഭിക്കുന്ന ആൽബത്തിൽ സ്വർഗ്ഗ സനാതന (ശരത്-മ്യൂസിക് ഡയറക്ടർ ), അബ്ബാ പിതാവേ (കെ ജി മാർക്കോസ്), ആണിപഴുതുള്ള (ചിത്ര അരുൺ), പാവനനായിടുമെൻ (ബിജു നാരായണൻ), ആശ്വാസദായകൻ (എലിസബത്ത് ഐപ്പ്), ദേവാധി ദേവ (ബിനു ആന്റണി), നസ്രായനിൽ (ശ്രേയ ജയദീപ്), കാൽവരി ക്രൂശിലെ ( രമേശ് മുരളി), തകരുന്ന മനസ്സുകളിൽ (രഞ്ജിനി ജോസ്), കരുണാമയൻ (അഫ്സൽ), ദൈവമേ നിന്റെ (ചിപ്പി ജോയ്‌സ്), നിന്നോട് ചൊല്ലുന്നു (ജോയൽ ജോക്കുട്ടൻ), നിൻ രൂപം ദർശിക്കുവാൻ (എലിസബത്ത് ഐപ്പ്) നിൻ ദാനമേ (എലിസബത്ത് രാജു), വർണിച്ചിടാൻ (ബിനു ആന്റണി) എന്നീ ഭക്തി ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് .

പ്രപഞ്ച നാഥനോടുള്ള അവാച്യമായ സ്നേഹവും ബന്ധവും ഓരോ വരികളിലും തുടിച്ചു നിൽക്കുകയാണ് ഈ ആൽബത്തിലെ ഓരോ ഗാനവും:

1
ആകാശ വിതാനങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ മഹത്വത്തെ വർണിക്കുന്ന ആദ്യ ഗാനത്തിലെ വരികൾ ദൈവത്തിന്റെ ആകാശത്തോളം വലിയ ദയയെയും നാഥന്റെ മഹത്വം ഘോഷിക്കുന്ന സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുമെല്ലാം ചൂണ്ടിക്കാട്ടുന്നു. പ്രത്യാശയുടെ ഗാനം , ലോകമുള്ളിടത്തോളം ഈ പാട്ട് മറന്നുപോകില്ല.
(വർണിച്ചിടാൻ)

2

ആണി പഴുതുള്ള കരങ്ങളെ നോക്കി യേശുവിന് മുൻപിൽ ഹൃദയം തുറക്കുന്നു, സ്ത്രോത്ര യാഗങ്ങൾ അർപ്പിക്കുന്നു. നിൻ സ്‍നേഹമെന്നെ നിൻ സ്വന്തമാക്കി തീർത്തിടുന്നു. നിൻ മുൾമുടി ശിരസും നിൻ നെഞ്ചും വാർന്നൊഴുകിയ നിണമെൻ പാപ ശാപങ്ങളെ ഇല്ലാതാക്കുന്നു. മനസ്സിൽ വിങ്ങൽ അനുഭവപ്പെടുന്ന അനുഭവം
(ആണിപ്പഴുതുള്ള കൈകളെ)

3
പാവനനായിടും എൻ ഇടയൻ
ആടുകളെ തേടും നാഥൻ മാർഗം തെളിച്ചിടുന്നു.
പേര് ചൊല്ലി നിത്യം ചേർത്തിടും താതൻ
ശ്രീ യേശു നായകാ പരിപാലകാ.
നിൻപാത വിട്ടകന്ന ഞാൻ നിൻ സ്നേഹധ്വനി കാതിലെത്തിയതേ എൻ പാപങ്ങൾ തൻ കണ്ണീർതാലവുമായി നിൻ പാദങ്ങളിൽ വന്നണയുന്നു. എല്ലാം നിന്റെ കൃപയാലാണ് എന്നെ എന്നും നടത്തുന്നത് എന്ന കണ്ണീർത്താലവുമായി വരുന്ന പാട്ട് .
(പാവനനായിടും എൻ ഇടയൻ)

4
അബ്ബാ പിതാവേ , എന്ന് വിളിക്കാൻ മർത്യരാം ഞങ്ങൾ അയോഗ്യരല്ലോ എന്ന് തുടങ്ങുന്ന ഗാനത്തിൽ ലോക സൃഷ്ടിയും മനുഷ്യ സൃഷ്ടിയും പാപങ്ങളാൽ മൃതിയേറ്റ മനുഷ്യനെ വീണ്ടെടുക്കാൻ യേശു ക്രൂശിൽ മരിച്ചതും ഇതിവൃത്തമാകുന്നു. ഹൃദയത്തെ സ്പർശിക്കുന്ന ഗാനം.
(അബ്ബാ പിതാവേ)

5

ശാപങ്ങൾ നീക്കിയ നാഥൻ എന്നെ ചേർത്ത് നിര്ത്തുന്നു. പുതുജീവനേകുന്നു, സൂര്യകാന്ത ശോഭയോടെ വിണ്ണിൽ ശോഭ പടർത്തി മേഘത്തേരിൽ വീണ്ടും വരുന്നു. അവന്റെ ദയ, കൃപ, വിനയം , എളിമ ഇതു പോലെയുള്ള മനുഷ്യൻ ഭാഗ്യവാൻ , അവന് എന്നും ദൈവത്തിന്റെ രക്ഷയുണ്ട് എന്ന അർഥം വരുന്നു.
(കരുണാമയനേശു മഹേശൻ)

6
നസ്രായനേശുവിൽ കണ്ടു ഞാൻ നിർവ്യാജ നിസ്തുല സ്നേഹം , കദനങ്ങളാൽ കരൾ തേങ്ങിടുന്നവർക്ക് സ്നേഹത്തിന് തണലൊരുക്കുന്ന നസ്രായൻ. വളരെ അർത്ഥമുള്ള പാട്ട് .
(നസ്രായനേശുവിൽ കണ്ടു)

7

തകരുന്ന മനസുകളിൽ തഴുകും കുളിർ കാറ്റും മുൾ ചെടിയിലെ പനിനീർ പൂവും ഫല വൃക്ഷങ്ങളും കര കവിയും നദിയുമെല്ലാം സകലാധിപന്റെ പരിപാലനത്താൽ വിസ്മയമാകുന്നു.
(തകരുന്ന മനസുകളിൽ തഴുകും)

8
അന്യോന്യം സ്നേഹിപ്പാൻ ശിഷ്യരോട് അരുളിയ നാഥൻ ശത്രുവിനോട് ക്ഷമിക്കാൻ പറഞ്ഞവൻ. പാപികൾക്ക് തിരു രക്തമേകി ശാപമോക്ഷമേകിയവൻ ദീപമ യെന്നരികിൽ വചനത്താൽ സാമീപ്യമേകുന്നു.
(ദേവാധിദേവാ നിൻ)

9

ആശ്വാസ ദായകൻ യേശുവില്ലാതെ ആശ്വസിക്കാൻ ഇഹത്തിൽ മറ്റൊന്നുമില്ല . നിൻ നിണത്താലെൻ ജീവനെ നേടി , മുൾ കിരീടത്താൽ എൻ പാപശരങ്ങൾ ഏറ്റുവാങ്ങി , കാൽ കരങ്ങളിൽ ആണികൾ ഏറ്റിടാൻ എൻ പാപങ്ങളല്ലോ കാരണം. എല്ലാവർക്കും സന്തോഷവും സമാധാനവും ആയുസും തന്ന് പരിപാലിക്കുന്ന ദൈവത്തിനായുള്ള ഗാനം.
(ആശ്വാസ ദായകൻ യേശുവില്ലാതെ)

10

നിൻ രൂപം ദർശിക്കുവാൻ, നിൻ കരം സ്പര്ശിക്കുവാൻ, നിൻ നാമം ധ്യാനിക്കുവാൻ അധരങ്ങളാൽ സ്തുതിയേകുവാൻ വന്നെന്നിൽ വസിക്കണെ , നിന്നാത്മാവിൽ പുതുക്കണേ , സദ് ഫലങ്ങളേകണേ എന്ന പ്രാർത്ഥനയാണീ ഗാനം. അതിരാവിലെ മനോഹരമായി പാടുവാൻ ഒരുക്കിയ ഗാനം.
(നിൻ രൂപം ദർശിക്കുവാൻ)

11

എനിക്ക് ജീവനെ നല്കാൻ ബലിയായവൻ, ബലിപീഠത്തിൽ ശരീരവും രക്തവുമായി സ്വയം പകർന്നേകി മനുഷ്യന് ജീവൻ നൽകിയവൻ , പാവനമായൊരു ഹൃദയത്താൽ അവനായി ഭവനം പണിയുക, വചനത്താൽ സാക്ഷികളാകുക. പാപികളായ നമ്മുടെ പാപങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ച ദൈവമേ, ഞങ്ങളെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ എന്ന് മനോഹരമായി പാടുന്ന ഗാനം.
(സർഗസനാതന )

12
ദൈവമേ നിൻ ദയയാൽ എന്നിൽ അനുഗ്രഹം ചൊരിയണമേ , നിൻ കരുണയിൽ എൻ പാപങ്ങൾ മായ്ക്കണമേ, നിൻ സോപ്പായാൽ എന്നെ കഴുകുക, നിൻ സ്തുതികളുയരുമ്പോൾ എൻ നാവുകൾ അശുദ്ധി വിട്ടൊഴിയട്ടെ , നിൻ മുന്നിൽ വീഴ്‌ത്തുന്ന കണ്ണീർ യാഗങ്ങളെക്കാൾ ശ്രേഷ്ടമല്ലോ. സങ്കീർത്തന വരികളാൽ മനോഹരമായ ഗാനം.
(ദൈവമേ നിൻ ദയയിൻ)

13

യേശു ചൊല്ലുന്നു ശുദ്ധമാകുക, എന്റെ ആത്മാവിനെ സ്വന്തമാക്കി നിൻ മനം നിര്മലമാക്കുക, നിന്റെ അധരങ്ങൾ നല്ലത് പറയട്ടെ , ദുഷ് കർമങ്ങളിൽ നിന്ന് നീ അകന്നിരിക്കുക. മനമിടറും കണ്ണീർ തിരുമുൽകാഴ്ചകൾ പോലെ ഓരോ പ്രഭാതത്തിലും ഞാൻ അർപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയുന്ന അനുഭവം.
(നിന്നോട് ചൊല്ലുന്നു ശുദ്ധമാക)

14

ജീവനിന്നുറവയാൽ സ്വർഗ്ഗാധിനാഥൻ ദിവസവും നടത്തിടും , മനമേ നുറുങ്ങേണ്ട , നീ കർത്തനിൽ അലിഞ്ഞിടൂ കരുതിടുമവൻ സ്നേഹം നിറകൈകളാൽ . സ്വർഗീയ നൽവരങ്ങളുതിർപ്പാൻ നൂറുമേനി വിളവിനായി ഹൃദയ നിലങ്ങളൊരുക്കാം.
(നിൻ ദാനമേ)

15

കാൽവരി ക്രൂശിലെ സ്നേഹമതല്ലോ നിർവ്യാജ സ്നേഹം, കാരിരുമ്പാണിയിൽ ക്രൂശിതനായവൻ ഭൂമിയിലെ ദുരിതങ്ങളിൽ കലുഷിത നിമിഷങ്ങളിൽ കൃപാ വരങ്ങളേകും. മനസിനെ തൊടുന്ന പാട്ട് . വളരെ അർത്ഥമുള്ള ഗാനം .
(കാൽവരി ക്രൂശിലെ)

ഫാ. ഡോ. ബാബു കെ മാത്യു ‘കാദീശ്’ എന്ന ഭക്തി ഗാന ആൽബത്തെകുറിച്ച് മനസ് തുറക്കുന്നു :

‘കാദീശ്’ എന്ന ഭക്തിഗാന ആൽബത്തിൽ പതിനഞ്ചു ഗാനങ്ങളാണുള്ളത്, ‘കാദീശ്’ കൂടാതെ മൂന്ന് ആൽബങ്ങൾ കൂടി ഇതിന് മുൻപ് അച്ചന്റേതായി പുറത്തിറങ്ങിയിരുന്നു. ഏറെ ശ്രദ്ധേയമായ മറ്റ് ആൽബങ്ങൾ: അത്താണി, ആരാധ്യൻ , ആശിഷമാരി . ഈ ആൽബം ഒരുക്കിയിരിക്കുന്നത് പരുമല കാൻസർ സെൻററിന് വേണ്ടിയുള്ള പരിശുദ്ധ ബാവ തിരുമേനിയുടെ ‘സഹോദരൻ’ പ്രൊജക്റ്റിന്റെ ധനശേഖരണാർത്ഥമാണ് . പരുമല കാൻസർ സെൻററിൽ എത്തുന്ന കാൻസർ രോഗികൾക്കുള്ള കൈത്താങ്ങ് എന്ന നിലയിൽ ഈ ആൽബത്തിന്റെ എല്ലാ വരുമാനവും ഉപയോഗിക്കുവാൻ തുടക്കത്തിലേ തീരുമാനിച്ചു. ആ തീരുമാനത്തിൽ, സഹപാഠിയും ഉറ്റ സുഹൃത്തുമായ ബസേലിയോസ്സ് മാർത്തോമാ മാത്യൂസ് ത്രിതീയൻ ബാവ തിരുമേനിയുടെ ആശിർവാദത്തോടും താൽപ്പര്യത്തോടും കൂടിയാണ് ഈ ആൽബത്തിന്റെ പ്രവർത്തനങ്ങൾ .

പരി. ബാവാ തിരുമേനിയുമായി അനേക വർഷങ്ങളുടെ ബന്ധം ഉണ്ട്. 1973 ൽ അദ്ദേഹം കോട്ടയം വൈദിക സെമിനാരിയിൽ വിദ്യാർത്ഥി ആയിരിക്കെ അതേ ക്ലാസ്സിൽ പഠനം തുടങ്ങി . എം. എ. മത്തായി (പരി. ബാവാ) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് . 1973-1977 വരെ നീണ്ട നാലു വർഷക്കാലം സഹപാഠികൾ ആയിരുന്നു. ചെടിക്ക് വെള്ളം ഒഴിക്കുക, ബാത് റൂം വൃത്തിയാക്കുക, വോളിബോൾ കളിക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അങ്ങനെ നീണ്ട നാലു വർഷക്കാലം ചിരിച്ചും കളിച്ചും ഒരുമിച്ച് പ്രാർത്ഥിച്ചും എഴുതിയും പാടിയും ഞങ്ങൾ ചിലവഴിച്ച മധുരിക്കുന്ന ഓർമ്മകൾ ഇന്നും മനസിലുണ്ട് .

അദ്ദേഹവുമായി ഒരുമിച്ചായിരുന്ന നാലു വർഷങ്ങൾ അസുലഭ ഭാഗ്യനിമിഷങ്ങളായി കരുതുകയാണ് .

ക്ലാസ്സിൽ പതിനഞ്ച് പേരുണ്ടായിരുന്നു. ആ പതിനഞ്ചു പേരിൽ ഏറ്റവും പഠിക്കുവാൻ സമർത്ഥൻ എം. എ. മത്തായി ആയിരുന്നു. എന്നാൽ പരീക്ഷ അടുക്കുമ്പോൾ ആറു പേർ ഒരുമിച്ചു കൂടിയിരുന്ന് പഠിക്കുന്നതായിരുന്നു രീതി. ഇങ്ങനെ ഗ്രൂപ്പ്‌ ആയി പഠിച്ച് എല്ലാവർക്കും നല്ല മാർക്ക് നേടാൻ കഴിഞ്ഞത് എം. എ. മത്തായിയുടെ ശ്രമഫലമായിട്ടാണ്. അദ്ദേഹം പഠിക്കുവാൻ സമർത്ഥനായതുകൊണ്ട് ആ ചെറിയ ഗ്രൂപ്പുമായി അദ്ദേഹത്തിന് അറിയാവുന്ന പുതിയ പുതിയ അറിവുകൾ പങ്കു വെക്കുമായിരുന്നു. അദ്ദേഹത്തിന്റെ വാത്സല്യമാതാവ് മറിയാമ്മ അന്ത്രയോസ് ശനിയാഴ്ചകളിൽ മകനെ കാണുവാൻ വാഴൂരിൽ നിന്ന് സെമിനാരിയിൽ വരുമ്പോൾ അച്ചപ്പം, കുഴലപ്പം തുടങ്ങി പലഹാരങ്ങൾ കൊണ്ട് വരുമായിരുന്നു. ആ പഴയ ഓർമ്മകൾ മറക്കുവാൻ സാധിക്കുന്നില്ല.

എം. എ. മത്തായിയുടെ പിതാവ് അകാലത്തിൽ മരിച്ചു പോയത് കൊണ്ട് അമ്മച്ചിയുടെ ദുഃഖങ്ങൾ മറക്കുന്നത് സെമിനാരിയിൽ വന്ന് ഞങ്ങളേ കാണുമ്പോൾ ആണ് എന്ന് പറയുമായിരുന്നു. ഈ പശ്ചാത്തലത്തിൽ എം. എ. മത്തായിയോട് പ്രത്യേക സ്നേഹവും വാത്സല്യവും തോന്നിയിട്ടുണ്ട്. അപ്രകാരം ഉള്ള ഒരു ആത്മബന്ധം ഞങ്ങൾക്കെല്ലാം ഉണ്ടായിട്ടുണ്ട് . ഇപ്പോഴും ആ ആത്മബന്ധം മറക്കാതെ ബാവ തിരുമേനിയും അമൂല്യമായി സൂക്ഷിക്കുന്നു.

ഈ മ്യൂസിക് ആൽബത്തിന്റെ റിലീസ് ഒക്ടോബർ 21, 4 മണിക്ക് പരി. കാതോലിക്കാ ബാവാ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ (497-Godwin Ave, Midland Park, NJ). ഡിന്നറും ക്രമീകരിച്ചിട്ടുണ്ട് .

വിവരങ്ങൾക്ക് : ഫാ. ഡോ. ബാബു കെ മാത്യു-(201) 562-6112).

Print Friendly, PDF & Email

Leave a Comment

More News