സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട്‌ ഈ മാസം 30ന്‌ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കാന്‍ എന്‍ഡിഎ സംസ്ഥാന നേത്യയോഗം തീരുമാനിച്ചു.

എന്‍ഡിഎ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്കുള്ള ശില്‍പശാല നവംബര്‍ ആറിന്‌ ചേര്‍ത്തലയില്‍ നടക്കും. ബിഡിജെഎസ്‌ സംസ്ഥാന കമ്മിറ്റിയാണ്‌ ശില്‍പശാല നടത്തുന്നത്‌. ലോക്സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംസ്ഥാന പദയാത്രകള്‍, മുഴുവന്‍ പഞ്ചായത്തുകളിലും പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ ശില്‍പശാലയില്‍ ആസൂത്രണം ചെയ്യും.

ഘടകകക്ഷികളുടെ അനുബന്ധ സംഘടനകളുടെ സംസ്ഥാനതല ഏകോപന സംവിധാനം നടപ്പാക്കും. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ ഏകോപനത്തിനായുള്ള ആദ്യ യോഗം തിരുവനന്തപുരത്ത്‌ ചേരും.

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേന്ദ്രനും വൈസ്‌ ചെയര്‍മാനായി തുഷാര്‍ വെള്ളാപ്പള്ളിയുമാണ്. മറ്റ്‌ ഭാരവാഹികള്‍:

പി.കെ.കൃഷ്ണദാസ്, കെ. പത്മകുമാര്‍, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുരുവിള മാത്യൂസ്, വി.വി. രാജേന്ദ്രന്‍ (വൈസ്‌ ചെയര്‍മാന്‍മാര്‍), പി.എച്ച്‌. രാമചന്ദ്രന്‍, നിയാസ് വൈദ്യരകം (ജോയിന്റ്‌ കണ്‍വീനര്‍മാര്‍).

സംസ്ഥാന ചെയര്‍മാനും ബിജെപി അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പത്രസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി, പി.കെ.കൃഷ്ണദാസ്‌, എം.മെഹബൂബ്‌, രമാ ജോര്‍ജ്‌, അഡ്വ. സംഗീത വിശ്വനാഥ്‌ എന്നിവര്‍ പങ്കെടുത്തു.

ജാതി സെന്‍സസ്‌ നടത്തണമെന്ന്‌ ബിഡിജെഎസ്‌ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ജാതി സംവരണം ഉള്‍പ്പെടെ ഫലപ്രദമായി നടപ്പാക്കാന്‍ ജാതി സെന്‍സസ്‌ ആവശ്യമാണ്‌. ഇക്കാര്യത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതുതന്നെയാണ്‌ ബിഡിജെഎസിന്റെ നിലപാട്‌. ഇക്കാര്യം ബിജെപിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News