സുരേഷ് ഗോപി മാപ്പു പറഞ്ഞാൽ മാത്രം പോരാ; പരാതി ഗുരുതരമാണ്, കേസെടുക്കണം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ്‌ ഗോപി വനിതാ മാധ്യമ പ്രവര്‍ത്തകയോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കമ്മീഷന്‍ പോലീസിനോട്‌ റിപ്പോര്‍ട്ട് തേടിയതായി കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. വനിതാ മാധ്യമ പ്രവര്‍ത്തകയും വര്‍ക്കിംഗ്‌ ജേണലിസ്റ്റ്‌ യൂണിയനും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

“സമഗ്രമായ അന്വേഷണം നടത്താന്‍ പോലീസിന്‌ നിര്‍ദേശം നല്‍കും. ഒക്ടോബര്‍ 31ന്‌ കോട്ടയത്ത്‌ പബ്ലിക്‌ ഹിയറിംഗ്‌ നടത്തും. സുരേഷ്‌ ഗോപി മാപ്പ്‌ പറഞ്ഞതുകൊണ്ട്‌ പ്രശ്നം അവസാനിക്കില്ല. വനിതാ കമ്മീഷന്‍ ഇക്കാര്യം ഗാരവത്തോടെയാണ്‌ കാണുന്നത്‌. കമ്മീഷന്‍ സ്വമേധയാ അല്ല മാധ്യമ പ്രവര്‍ത്തക പരാതി നല്‍കുമെന്ന്‌ പറഞ്ഞതിനാലാണ്‌ ഇടപെടുന്നത്‌. പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്‍ ഇപ്പോള്‍ നടപടിയെടുത്തത്‌,” സതീദേവി പറഞ്ഞു.

സുരേഷ്‌ ഗോപിയെ പിന്തുണച്ച്‌ മാധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മുന്നറിയിപ്പ്‌ നല്‍കി.

അതേസമയം, വനിതാ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ്‌ ഗോപിക്കെതിരെ നടക്കാവ്‌ പൊലീസ്‌ കേസെടുത്തു. 354 എ വകുപ്പ്‌ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌. സുരേഷ്‌ ഗോപി സ്ത്രീത്വത്തെ അപമാനിച്ചെന്നും ദുരുദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.

 

Print Friendly, PDF & Email

Leave a Comment

More News