മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്

കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്ക് കോഴിക്കോട് നടക്കാവ് പോലീസ് നോട്ടീസ് അയച്ചു. ഒരു ചാനൽ റിപ്പോർട്ടറെ അപമാനിച്ചുവെന്നാരോപിച്ചാണ് നടനെതിരെ കേസ്. ഈ മാസം 19 ന് മുൻപ് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയുടെയും സാക്ഷികളായ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുത്തിരുന്നു. കൂടാതെ ആ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന ആളുകളുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു.

തന്റെ പ്രവൃത്തി മാധ്യമ പ്രവർത്തകയെ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു. എങ്കിലും താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. അതേസമയം, ഇടത് അനുഭാവമുള്ള മാധ്യമ പ്രവർത്തകർ പിന്തുടരുന്നതായി ആരോപണം ഉയർന്നപ്പോഴാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്.

ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മാധ്യമ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി മോശമായി പെരുമാറി എന്നാണ് പരാതി. തൃശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മീഡിയ വൺ ലേഖിക പരിഹസിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

ചോദ്യങ്ങൾക്ക് സൗഹൃദരൂപത്തിൽ മറുപടി പറയുന്നതിനിടെ യാദൃശ്ചികമായി ഉണ്ടായ സംഭവം വളച്ചൊടിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ നടനെതിരെ ആയുധമാക്കുകയുമായിരുന്നു. മീഡിയ വൺ ലേഖികയുടെ ശരീരത്തിൽ അനുവാദമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചുവെന്ന വകുപ്പാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ആദ്യം മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ച പരാതിക്കാരി പിന്നീട് വാക്കു മാറ്റി. എന്നാല്‍, സംഭവം നടന്നതിന്റെ പിറ്റേന്ന് തന്റെ പ്രവൃത്തിയിൽ ദുരുദ്ദേശ്യമില്ലായിരുന്നുവെന്നും വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും തെറ്റായി തോന്നിയെങ്കിൽ മാപ്പ് പറയുന്നുവെന്നും നടൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഇതിന് ശേഷവും അവര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു.

അടുത്തിടെയായി സുരേഷ് ഗോപിക്കെതിരെ അപവാദ പ്രചരണങ്ങളും സൈബർ ആക്രമണങ്ങളും വർധിച്ചുവരികയാണ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പദയാത്ര ജനശ്രദ്ധ നേടിയതിന് പിന്നാലെയാണ് നടനെതിരെ കേസുകൾ ഉയർന്നത് എന്നത് ശ്രദ്ധേയമാണ്. പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News