വാദപ്രതിവാദങ്ങള്‍ (കവിത): എ.സി. ജോര്‍ജ്

ഞങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം നിങ്ങള്‍ക്കു അന്ധവിശ്വാസങ്ങള്‍
നിങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം ഞങ്ങള്‍ക്ക്‌ അന്ധവിശ്വാസങ്ങള്‍
ഞങ്ങള്‍ തന്‍ ആചാരങ്ങളെല്ലാം നിങ്ങള്‍ക്ക്‌ അനാചാര ദുരാചാരങ്ങള്‍
നിങ്ങള്‍ തന്‍ ആചാരങ്ങളെല്ലാം ഞങ്ങള്‍ക്ക്‌ അനാചാര ദുരാചാരങ്ങള്‍
ഞങ്ങള്‍ തന്‍ ദൈവങ്ങളോട്‌ നിങ്ങള്‍ക്ക്‌ വെറുപ്പാണ്‌ പുച്ഛമാണ്‌
നിങ്ങള്‍ തന്‍ ദൈവങ്ങളോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്‌ പുച്ഛമാണ്‌
ഞങ്ങള്‍ തന്‍ ആരാധനാമൂര്‍ത്തിയോട്‌ നിങ്ങള്‍ക്ക്‌ വെറുപ്പാണ്‌ കലിപ്പാണ്‌
നിങ്ങള്‍ തന്നെ ആരാധനാമൂര്‍ത്തിയോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്‌ കലിപ്പാണ്‌
ഞങ്ങളുടെ മാര്‍ഗമാണ്‌ ശരിയെന്നു ഞങ്ങളും പാര്‍ശ്വവര്‍ത്തികളും..
നിങ്ങളുടെ മാര്‍ഗമാണ്‌ ശരിയെന്നു നിങ്ങളും പാര്‍ശ്വവര്‍ത്തികളും..
ഞങ്ങളുടെ സമരം, യുദ്ധം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയെന്ന്‌ ഞങ്ങള്‍
നിങ്ങള്‍ അക്രോശിക്കുന്നു ഞങ്ങളുടെ യുദ്ധം ഭീകരതയെന്ന്‌, ഞങ്ങള്‍ ഭീകരരെന്ന്‌
മറിച്ച്‌ അക്രോശിക്കുന്നു നിങ്ങളുടെ യുദ്ധമാര്‍ഗ്ഗമാണ്‌ ഭീകരത, നിങ്ങളാണ്‌ ഭീകരര്‍
ഞങ്ങള്‍ തന്‍ മത ഭൂരിപക്ഷ രാഷ്ട്രം ആ മത രാഷ്ട്രമായി പ്രഖ്യാപിക്കണം..
ഞങ്ങളുടെ മതം ഭൂരിപക്ഷം ഇല്ലാത്ത രാഷ്ട്രം എന്നും സെക്കുലര്‍ രാഷ്ട്രമായി തുടരണം
ഞങ്ങള്‍ തന്‍ മത ഭൂരിപക്ഷ രാഷ്ട്രം മത രാഷ്ട്രീയകാര്‍ കൈകോര്‍ത്ത്‌ ഭരിക്കും
ഞങ്ങള്‍ തന്‍ മത ഭൂരിപക്ഷമില്ലാ രാഷ്ട്രം സെപ്പറേഷന്‍ ഓഫ്‌ ചര്‍ച്ച്‌ ആന്‍ഡ്‌ സ്റ്റേറ്റ്‌…
കൈമോശം വരാതെ മതനിരപേക്ഷത എന്നെന്നും നിലനിര്‍ത്തണം പാലിക്കണം…
ഞങ്ങളുടെ ചെലവ്‌ ഡ്രീം പ്രോജക്ട്‌ പരിപാടികള്‍ രാഷ്ട്ര നിര്‍മ്മാണത്തിന്‌…
ഞങ്ങടെ സ്വപ്നങ്ങളെല്ലാം പങ്കുവയ്ക്കാം അതു നിങ്ങളുടേതാകും പൈങ്കിളിയെ..
നിങ്ങള്‍ അത്‌ ധൂര്‍ത്തായി വാദിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ വട്ട്‌, ഞങ്ങള്‍ക്കത്‌ പുല്ല്‌
നിങ്ങളും ഖജനാവിലെ കാശ്‌ എടുത്ത്‌ അന്തം കുന്തമില്ലാതെ ധൂര്‍ത്തടിച്ചിട്ടില്ലേ
ഞങ്ങള്‍ക്ക്‌ വോട്ട്‌ തന്നു ജയിപ്പിച്ച പൊതുജന കഴുതകളെ, കോവര്‍ കഴുതകളെ
നിങ്ങള്‍ തന്‍ പുറത്തൊന്നു കേറി സുഖമായൊരു സവാരിഗിരിഗിരി ആനകളിക്കട്ടെ
ആരുണ്ട്‌ ഇവിടെ ചോദിക്കാന്‍… അധികം കളിച്ചാല്‍ നിങ്ങളെ ഓഡിറ്റ്‌ ചെയ്യും
വകുപ്പ്‌ ഉണ്ടാക്കി കേസെടുത്ത്‌ നിങ്ങളെ ഉള്ളില്‍ തള്ളും ഉണ്ട തീറ്റിക്കും ദൃഡ…
ന്യൂനപക്ഷങ്ങളെ അന്യോന്യം തമ്മിലടിപ്പിക്കുന്ന ചാണക്യ തന്ത്രം കുതന്ത്രം.
ചാണക്യ തന്ത്രകുതന്ത്രങ്ങളില്‍ വീഴുന്ന ഭൂരിപക്ഷം ന്യൂനപക്ഷം
ഒഴുക്കിനനുകൂലമായി ചലിക്കുന്ന സാംസ്‌കാരിക ബുദ്ധിജീവികള്‍
ഭയചകിതരായി..ഒഴുക്കിന്‌ അനുകൂലമായി എഴുതുന്ന എഴുത്തുകാര്‍
സത്യ നീതിക്കു വേണ്ടി ഒഴുക്കിനെതിരെ ചലിക്കുന്നവര്‍ തുച്ചം.
തേനും പാലും ഒഴുക്കും ഞങ്ങള്‍ ഭരണത്തില്‍ ധൂര്‍ത്തുണ്ടെങ്കില്‍
അത്‌ ചുമക്കാന്‍ വോട്ടര്‍മാര്‍ പൊതുജന കഴുതകള്‍ ഉണ്ടിവിടെ
കടമെടുത്തു പുരോഗമിച്ച്‌ വീണ്ടും മാവേലി നാടാകും കേരളം
ഭരണം കൈവിട്ടാല്‍ വരും ഭരണകക്ഷിയുടെ മാറാപ്പായി ഈ കടം
വിദേശ മലയാളികളെ ഉദ്ധരിക്കാന്‍ എത്തുന്ന ഞങ്ങള്‍ക്ക്‌…
കുടപിടിക്കാനിവിടെ ചോട്ടാ ബഡാ മെഗാ സംഘടനകള്‍ ഉണ്ടിവിടെ
ഞങ്ങള്‍ എറിയും എല്ലിന്‍ കഷണത്തിനായി അവര്‍ കടിപിടി കൂടും
ഞങ്ങളെ പൊക്കിയെടുത്തവര്‍ വേദിയിലിരുത്തി പൂമാലയര്‍പ്പിക്കും
ഞങ്ങളെ പൊക്കി തൊള്ള തൊരപ്പന്‍ വാക്കുകളാല്‍ വാഴ്ത്തിപ്പാടും
വാദപ്രതിവാദങ്ങള്‍ക്കിനി വിധി കല്‍പ്പിക്കാന്‍ ആരുണ്ടിവിടെ..?
ആരാണ്‌ ശരി..ആരാണ്‌ തെറ്റ്‌.. ഏതാണ്‌ ശരി.. ഏതാണ്‌ തെറ്റ്‌.

Print Friendly, PDF & Email

Leave a Comment

More News