ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം അഭിനന്ദനങ്ങൾ അറിയിച്ചു

ഡാളസ്: ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറ് ആദ്യ സെമി മത്സരത്തിൽ ചരിത്ര നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം അഭിനന്ദനങ്ങൾ അറിയിച്ചു. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വിജയ സാധ്യതകൾ നിർണയിക്കുന്നതിനു വേണ്ടി പ്രത്യേകമായി രൂപീകരിക്കപ്പെട്ട കമ്മറ്റിയുടെ അധ്യക്ഷനായ ടോണി അലക്സാണ്ടർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി തയ്യാറാക്കിയ ആശംസ സന്ദേശം ഇമെയിൽ വഴി അറിയിച്ചു.

ന്യൂസിലാൻഡും ഇന്ത്യയുമായി നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ പുതിയ പല റെക്കോർഡുകളും എഴുതി ചേർക്കപ്പെട്ടിരുന്നു . ഇന്ത്യൻ ടീമിൻറെ ബാറ്റ്സ്മാനായ വിരാട് കോലി ഏകദിന മത്സരങ്ങളിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതി കരസ്ഥമാക്കി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ 49 സെഞ്ച്വറികൾ എന്ന റെക്കോർഡ് ആണ് കോലി മറികടന്നത്. ലോകകപ്പ് മത്സരങ്ങളിൽ 700 റൺസിന്‌ മുകളിൽ നേടുന്ന ആദ്യ താരമെന്ന റെക്കോഡും വിരാട് കോലിയുടെ പേരിൽ ചേർക്കപ്പെട്ടു. “റെക്കാർഡുകൾക്ക് ഉപരിയായി എൻറെ ടീമിനെ വിജയിപ്പിക്കുക എന്ന ലക്ഷ്യമാണ് എനിക്ക് ഉള്ളത് എന്ന്” മത്സരത്തിനുശേഷം വിരാട് കോലി ആരാധകരോട് ആയി പറഞ്ഞു.

ഇന്ത്യയുടെ ബൗളറായ മുഹമ്മദ് ഷമിയാണ് മറ്റൊരു റെക്കോർഡിന് ഉടമ. പകരക്കാരനായി ഇന്ത്യൻ ടീമിലേക്ക് കടന്നുവന്ന്, ആദ്യ 11 കളിക്കാരിൽ ഒരാളായി മാറിയ ഷമ്മി, ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കി. ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളിൽ 7 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർ എന്ന് ബഹുമതിയും മുഹമ്മദ് ഷമ്മി തൻറെ പേരിൽ എഴുതി ചേർത്തു.

ഡാളസ് / ഫോർട്ട് വർത്ത്‌ പട്ടണങ്ങളിലെ വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വിരാട് കോലിയും, മുഹമ്മദ് ഷാമിയും നേടിയ റെക്കാർഡുകൾ ഒരു പ്രചോദനം ആയിരിക്കുമെന്ന് കമ്മറ്റി അംഗങ്ങളായ റെനി മാത്യു, സ്റ്റാൻ സാം എന്നിവർ അഭിപ്രായപ്പെട്ടു. ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ടീം താരങ്ങൾക്കും, കുടുംബാംഗങ്ങൾക്കും വേണ്ടി ഞായറാഴ്ച ഇന്ത്യയുമായി നടക്കുന്ന ഫൈനൽ മത്സരം കാണുവാൻ പ്രത്യേക സൗകര്യവും ക്രമീകരിച്ചിട്ടുണ്ട് എന്ന് കമ്മിറ്റിയുടെ അധ്യക്ഷനായ ടോണി അലക്സാണ്ടർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment