സിൽക്യാര ടണലിൽ ഡ്രില്ലിംഗ് താൽക്കാലികമായി നിർത്തി വെച്ചു

ഉത്തരകാശി: സിൽക്യാര തുരങ്കം തകർന്ന സ്ഥലത്ത് ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള പാത തയ്യാറാക്കുന്നതിനുള്ള ഡ്രില്ലിംഗ് ഞായറാഴ്ച താൽക്കാലികമായി നിർത്തിവച്ചു. അതേസമയം, തുരങ്കത്തില്‍ കുടുങ്ങിയിട്ടുള്ള തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കണമെന്ന് രക്ഷാപ്രവർത്തനം അവലോകനം ചെയ്ത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ തകർന്ന ഭാഗത്തെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രില്ലിംഗ് നടത്താന്‍ പകരമായി കൊണ്ടുവന്ന ഒരു അമേരിക്കൻ ആഗർ മെഷീൻ വെള്ളിയാഴ്ച ഉച്ചയോടെ കഠിനമായ പ്രതലത്തിൽ ഇടിച്ചതിനെത്തുടർന്ന് നിർത്തേണ്ടി വന്നു. ഇതിനെത്തുടർന്ന് ശനിയാഴ്ച ഉദ്യോഗസ്ഥർ കുന്നിൻ മുകളിൽ നിന്ന് ദ്വാരമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

എന്നാല്‍, തിരശ്ചീനമായി കുഴിക്കുന്നതാണ് “മികച്ച ഓപ്ഷൻ” എന്നും ഓഗർ മെഷീന് തടസ്സങ്ങളൊന്നും നേരിടുന്നില്ലെങ്കിൽ “രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അത് കുടുങ്ങിയ തൊഴിലാളികളുടെ അരികത്ത് എത്തിയേക്കാം” എന്നും ഗഡ്കരി പറഞ്ഞു.

തുരങ്കത്തിന്റെ ഒരു ഭാഗത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അവർക്ക് വൈദ്യുതി, തുറസ്സായ സ്ഥലം, ഭക്ഷണം, വെള്ളം, ഓക്സിജൻ എന്നിവയുണ്ട്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുകയും എത്രയും വേഗം അവരെ പുറത്തെടുക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ മുൻ‌ഗണന,” ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയോടൊപ്പമെത്തിയ മന്ത്രി വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സിൽക്യാരയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം വരെ സ്ഥലത്ത് ഡ്രില്ലിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കുന്നതിന് അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് വലിയ വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ ഇറക്കാന്‍ ആഗർ മെഷീൻ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“ആഗർ മെഷീൻ പുനരാരംഭിക്കുന്നതിനും തുരങ്കത്തിൽ ഡ്രില്ലിംഗും പൈപ്പ് ഇടുന്നതും പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്ന ഒരു പൈപ്പിന് പുറമെ മറ്റൊരു വലിയ വ്യാസമുള്ള പൈപ്പും 42 മീറ്ററിലേക്ക് തള്ളി മറ്റൊരു ലൈഫ് ലൈൻ ഉണ്ടാക്കിയിട്ടുണ്ട്, ”ദുരന്ത നിവാരണ സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ സിൽക്യാരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കും മേൽക്കൂരയ്ക്കുമിടയിൽ റോബോട്ടുകൾക്ക് പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന സ്ഥലമുണ്ടെന്നും അതിലൂടെ ലൈഫ് സപ്പോർട്ടിനുള്ള പൈപ്പ് തള്ളാൻ കഴിയുമോയെന്നറിയാൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡ്രില്ലിംഗ് ജോലികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ചത് വിശദീകരിച്ച ഗഡ്കരി, മൃദുവായ മണ്ണിലൂടെ ഇത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ ചില കഠിനമായ വസ്തുക്കളെ നേരിട്ടതിന് ശേഷം അത് തുരങ്കത്തിനുള്ളിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച് കൂടുതൽ സമ്മർദ്ദം ചെലുത്തുകയും രക്ഷാപ്രവർത്തകരുടെ ജീവന് അപകടമുണ്ടാക്കുകയും ചെയ്തു.

“ഹിമാലയൻ ഭൂപ്രദേശത്ത് മെക്കാനിക്കൽ പ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണ്, കാരണം അതിന്റെ ഭൂമിശാസ്ത്രപരമായ പാളികൾ ഏകീകൃതമല്ല,” അദ്ദേഹം പറഞ്ഞു.

ആഗർ മെഷീൻ നന്നായി പ്രവർത്തിക്കുകയും വലിയ തടസ്സങ്ങളൊന്നും വരുത്താതിരിക്കുകയും ചെയ്താൽ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും വേഗമേറിയ മാർഗമാണ് അവശിഷ്ടങ്ങൾക്കിടയിലൂടെ തിരശ്ചീനമായി കുഴിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു.

“ഞാനൊരു സാങ്കേതിക വിദഗ്ധനല്ലെങ്കിലും, നൽകിയിരിക്കുന്ന സാഹചര്യങ്ങളിൽ തിരശ്ചീനമായി കുഴിക്കുന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ. ആഗർ യന്ത്രത്തിന് തടസ്സങ്ങളൊന്നും നേരിട്ടില്ലെങ്കിൽ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളിലേക്ക് അത് എത്തും, ”അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ലംബമായ, തിരശ്ചീനമായ, എന്‍ഡ് ടു എന്‍ഡ്, സൈഡ്-ടു-സൈഡ് ഡ്രില്ലിംഗ് ഓപ്ഷനുകൾ ഉൾപ്പെടെയുള്ള എല്ലാ ഓപ്ഷനുകളും പര്യവേക്ഷണം ചെയ്യുന്നുണ്ട്. കാരണം, കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും എത്രയും വേഗം പുറത്തെത്തിക്കുക എന്നതാണ് ഏറ്റവും വലിയ മുൻഗണന.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മനോവീര്യം നിലനിർത്തുന്നത് ഇപ്പോൾ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഓക്സിജൻ, വൈദ്യുതി, ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ നിരന്തരം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾക്ക് മൾട്ടിവിറ്റാമിനുകൾ, ആന്റിഡിപ്രസന്റ്‌സ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ നൽകുന്നുണ്ടെന്ന് റോഡ്, ട്രാൻസ്‌പോർട്ട്, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു.

“ഭാഗ്യവശാൽ, വൈദ്യുതി ഓണായതിനാൽ ഉള്ളിൽ വെളിച്ചമുണ്ട്. പൈപ്പ് ലൈൻ ഉണ്ട്, അങ്ങനെ വെള്ളം ലഭ്യമാണ്. ഒരു 4 ഇഞ്ച് പൈപ്പ് ഉണ്ട്, അത് കംപ്രഷനായി ഉപയോഗിച്ചു. അതിലൂടെ ഞങ്ങൾ ഒന്നാം ദിവസം മുതൽ ഭക്ഷണം അയയ്ക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഉത്തരകാശിയിലെ സിൽക്യാരയിൽ 4.531 കിലോമീറ്റർ ദൈർഘ്യമുള്ള ദ്വി-ദിശ തുരങ്കത്തിന്റെ പൂർത്തിയായ ഭാഗമായ തുരങ്കത്തിനുള്ളിലെ രണ്ട് കിലോമീറ്റർ ഭാഗത്ത് വെള്ളവും വൈദ്യുതിയും ഉണ്ടെന്ന് ജെയിൻ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള വീഡിയോ അപ്‌ഡേറ്റിൽ പറഞ്ഞു.

വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ സംയോജിപ്പിച്ച് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതവും നേരത്തെയുള്ളതുമായ ഒഴിപ്പിക്കൽ ഉറപ്പാക്കാൻ എന്ത് മാർഗങ്ങൾ പ്രയോഗിക്കാനാകുമെന്ന് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്, ഗഡ്കരി പറഞ്ഞു.

തുരങ്കത്തിന് മുകളിലുള്ള കുന്നിലൂടെ ലംബമായ ഡ്രില്ലിംഗ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്, അവരെ വേഗത്തിൽ ഒഴിപ്പിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും പരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാർ ഏകദേശം 2.75 ലക്ഷം കോടി രൂപ ചെലവിൽ തുരങ്കങ്ങൾ നിർമിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു. നിരവധി യന്ത്രങ്ങൾ സ്ഥലത്ത് എത്തിക്കുകയും വിവിധ സർക്കാർ, സർക്കാരിതര ഏജൻസികളിൽ നിന്നുള്ള വിദഗ്ധരെ രക്ഷാപ്രവർത്തനത്തിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

6 ഇഞ്ച് വ്യാസമുള്ള മറ്റൊരു വലിയ പൈപ്പ് ലൈൻ അവശിഷ്ടങ്ങൾക്കിടയിലൂടെ 42 മീറ്റർ വരെ തുരന്നതിനാൽ അവർക്ക് കൂടുതൽ ഭക്ഷണമായ റൊട്ടി, സബ്ജി, ചോറ് എന്നിവ എത്തിക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News