തുടക്കത്തിലെ തടസ്സങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയ ലോക കപ്പ് ട്രോഫി ഉയര്‍ത്തി

അഹമ്മദാബാദ്: “വലിയ ജനക്കൂട്ടം നിശബ്ദരാകുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല” എന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മത്സരത്തിന് മുമ്പ് പറഞ്ഞിരുന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കി, അഭൂതപൂർവമായ ആറാമത് ലോക കപ്പ് ട്രോഫി ഉയർത്തിയപ്പോള്‍ പിൻ ഡ്രോപ്പ് നിശബ്ദതയായിരുന്നു അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍. ആറ് വിക്കറ്റുകള്‍ക്കാണ് ഓസീസ് വിജയക്കൊടി പാറിച്ചത്.

ഓസീസിന്റെ ആറാം ഏകദിന ലോകകപ്പ് കിരീടമാണിത്. ഇന്ത്യ ഉയർത്തിയ 240 റൺസിന് മറുപടിയായി ഓസ്‌ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (120 പന്തിൽ 137) ഓസീസ് വിജയത്തിന്റെ ശില്പിയായി. അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58) പിന്തുണയും നിര്‍ണായകമായി. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയ്‌ക്കായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് ജസ്‌പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറില്‍ 15 റണ്‍സ് നേടി. എന്നാല്‍, രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ (3 പന്തില്‍ 7) വിരാട് കോഹ്‌ലിയുടെ കൈയ്യിലെത്തിച്ച് മുഹമ്മദ് ഷമി ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തന്നെ മിച്ചല്‍ മാര്‍ഷിനേയും (15 പന്തില്‍ 15), സ്‌റ്റീവ് സ്‌മിത്തിനേയും (9 പന്തില്‍ 4) വീഴ്‌ത്താനായതോടെ ഇന്ത്യയ്‌ക്ക് പ്രതീക്ഷയായി.

ജസ്പ്രീത് ബുംറയാണ് ഇരുവരേയും തിരിച്ചുകൊണ്ടുവന്നത്. എന്നാൽ, പിന്നീട് ട്രാവിസ് ഹെഡും മാർനെസ് ലാബുഷെയ്നും ചേർന്ന് ഓസീസിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർക്കെതിരെ വളരെ കരുതലോടെയാണ് ഇരുവരും കളിച്ചത്. 60 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറിയിലെത്തിയ ഹെഡ്‌ പിന്നീട് ആക്രമണം കടുപ്പിച്ചപ്പോള്‍ ലബുഷെയ്‌ന്‍ പിന്തുണ നല്‍കി. പിന്നീട് 95 പന്തുകളില്‍ നിന്നും ഹെഡ്‌ സെഞ്ചുറിയിലേക്ക് എത്തി. വൈകാതെ 99 പന്തുകളില്‍ നിന്നും ലബുഷെയ്‌നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ സിറാജ് എറിഞ്ഞ 43-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഹെഡ് മടങ്ങുമ്പോള്‍ വിജയത്തിന് വെറും രണ്ട് റണ്‍സ് മാത്രം അകലെയായിരുന്നു ഓസീസ്. നാലാം വിക്കറ്റില്‍ 192 റണ്‍സാണ് ലബുഷെയ്‌ന്‍-ഹെഡ്‌ സഖ്യം ചേര്‍ത്തത്. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആദ്യ പന്തില്‍ തന്നെ ഡബിള്‍ കണ്ടെത്തിയതോടെ അന്തിമ ചിരി ഓസീസിന്‍റേതായി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തിലാണ് 240 റണ്‍സ് നേടിയത്. 107 പന്തില്‍ 66 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 63 പന്തുകളില്‍ 54 റണ്‍സെടുത്ത വിരാട് കോലിയും, 31 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് തിളങ്ങിയ മറ്റ് താരങ്ങള്‍.

Print Friendly, PDF & Email

Leave a Comment

More News