ഐസിസി ടൂർണമെന്റുകളിൽ ഇത് രണ്ടാം തവണയാണ് ഹെഡ് ഇന്ത്യയ്ക്ക് പരിക്കേല്പിക്കുന്നത്

“അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ പൊലിഞ്ഞിരിക്കുകയാണ്. അപരാജിത കുതിപ്പുമായി ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലേക്ക് എത്തിയ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയ തകര്‍ത്തത്. സെഞ്ചുറിയുമായി ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ വിജയശില്‍പി ആയത്.

ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസീസിന്‍റെ മുന്‍നിര പൊളിഞ്ഞതോടെ മൂന്നിന് 43 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് എത്തിയ മാര്‍നെസ്‌ ലബുഷെയ്‌നെ കൂട്ടുപിടിച്ച ട്രാവിസ് ഹെഡ് ടീമിനെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചാണ് മടങ്ങുന്നത്. ഇന്ത്യന്‍ ബോളര്‍മാരെ പതിഞ്ഞും തെളിഞ്ഞും കളിച്ച ട്രാവിസ് ഹെഡ് 120 പന്തുകളില്‍ നിന്നും 137 റണ്‍സടിച്ചാണ് തിരിച്ച് കയറിയത്. 15 ബൗണ്ടറികളും നാല് സിക്‌സറുകളുമാണ് താരം നേടിയത്. ഇതോടെ മത്സരത്തിലെ താരമായും ട്രാവിസ് ഹെഡ് തിരഞ്ഞെടുക്കപ്പെട്ടു.

ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇതു രണ്ടാം തവണയാണ് ഹെഡ് ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നത്. കഴിഞ്ഞ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 209 റൺസിന് തോൽപ്പിച്ച മത്സരത്തിന്‍റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ട്രാവിഡ് ഹെഡായിരുന്നു. ജൂണിൽ ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഹെഡ് നേടിയ സെഞ്ചുറിയായിരുന്നു ഓസീസിന്‍റെ വിജയത്തിന് അടിത്തറ ഒരുക്കിയത്. മറ്റ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ 174 പന്തുകളില്‍ നിന്നും 163 റണ്‍സായിരുന്നു ഹെഡ് അടിച്ച് കൂട്ടിയത്. രണ്ടാം ഇന്നിങ്‌സില്‍ താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ സ്‌റ്റീവ് സ്‌മിത്തിനൊപ്പം ചേര്‍ന്ന് ഹെഡ് നടത്തിയ മിന്നും പ്രകടനത്തിന്‍റെ ബലത്തില്‍ ഓസീസ് മത്സരം പിടിച്ചു. ഈ തോല്‍വിയുടെ നീറ്റല്‍ മാറും മുമ്പാണ് ഹെഡ് ഇന്ത്യയെ മറ്റൊരു പ്രധാന മത്സരത്തില്‍ തോല്‍വിയിലേക്ക് തള്ളിവിട്ടത്. അതും വെറും അഞ്ച് മാസങ്ങള്‍ക്കിപ്പുറം.

അഹമ്മദാബാദില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 240 റണ്‍സ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ലക്ഷ്യം നേടിയെടുത്തത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

Print Friendly, PDF & Email

Leave a Comment

More News