ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

നോർത്ത് വാലി (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻറെ പ്രചരണാർത്ഥം കോൺഫറൻസ്‌ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങൾ ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. നവംബർ 19 ഞായറാഴ്ച വിശുദ്ധ കുർബാനയ്‌ക്കുശേഷം ഫാ. ജെറി വർഗീസ് (അസി. വികാരി) കമ്മിറ്റിയുടെ സന്ദർശന ലക്ഷ്യം വിശദീകരിച്ചു. ഷിബു തരകൻ (ഇടവക സെക്രട്ടറി & കോൺഫറൻസ് ജോയിന്റ് സെക്രട്ടറി) അതിഥികളെ പരിചയപ്പെടുത്തി.

ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഷോൺ എബ്രഹാം (ജോയിന്റ് ട്രഷറർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), ദീപ്തി മാത്യു (സുവനീർ ചീഫ് എഡിറ്റർ), മാത്യു വറുഗീസ് (റാഫിൾ മാനേജർ), ഷീല ജോസഫ്, ഷെറിൻ എബ്രഹാം, ഐറിൻ ജോർജ്ജ് , ലിസ് പോത്തൻ, അജിത് വട്ടശ്ശേരിൽ, ബിപിൻ മാത്യു, പ്രേംസി ജോൺ, രഘു നൈനാൻ, റെജി വർഗീസ് എന്നിവർ കോൺഫറൻസ് കമ്മിറ്റി പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

ചെറിയാൻ പെരുമാൾ തന്റെ ആമുഖ പ്രസംഗത്തിൽ കോൺഫറൻസിന്റെ പ്ലാനിങ്ങിന്റെ തുടക്കം മുതൽ ഫാ. ജെറി വർഗീസ് മീഡിയ കോർഡിനേറ്റർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നത് അനുസ്മരിച്ചു. തുടർന്ന് രജിസ്ട്രേഷൻ നടപടികൾ, സ്ഥലം, താമസം, പ്രസംഗകർ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

ഷോൺ എബ്രഹാം ഫാമിലി കോൺഫറൻസിലെ തൻറെ അനുഭവങ്ങളും വരുംവർഷത്തെ കോൺഫറൻസിൽ കണ്ടെത്താനും പഠിക്കാനും ആഗ്രഹിക്കുന്ന ആവേശകരമായ കാര്യങ്ങളും പങ്കുവെച്ചു. അടുത്ത വർഷത്തെ കോൺഫറൻസിനായി രജിസ്റ്റർ ചെയ്യാനുള്ള ക്ഷണം സ്വീകരിക്കാൻ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. കല, ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയിൽ ഊന്നൽ നൽകി ദീപ്തി മാത്യു സുവനീറിനെപ്പറ്റി സംസാരിച്ചു. 2024 മാർച്ച് അവസാനത്തോടെ സുവനീറിലേക്കുള്ള സർഗ്ഗാത്മക സൃഷ്ടികൾ അയച്ചുതരണമെന്ന് ഓർമിപ്പിച്ചു.

റാഫിൾ ടിക്കറ്റിൻറെ വിലയെക്കുറിച്ചും അതിന്റെ ആകർഷകമായ സമ്മാനങ്ങളെപ്പറ്റിയും റാഫിൾ മാനേജർ മാത്യു വറുഗീസ് സംസാരിച്ചു. ഐറിൻ ജോർജ്ജ് (എന്റർടൈൻമെന്റ് കോർഡിനേറ്റർ) കോൺഫറൻസിന്റെ രണ്ടാം സായാഹ്നത്തിൽ വിനോദ പരിപാടികൾ അവതരിപ്പിക്കുവാൻ ഓരോ ഇടവകയ്ക്കും ലഭിക്കുന്ന അവസരത്തെപ്പറ്റി വിശദീകരിച്ചു.

സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ കോൺഫറൻസിന്‌ പിന്തുണ നൽകാനുള്ള അവസരങ്ങളെപ്പറ്റി ജോൺ താമരവേലിൽ വിശദീകരിച്ചു. അതിഥേയ ഇടവകാംഗവും കോൺഫറൻസ് ഫിനാൻസ് കമ്മിറ്റി അംഗവുമായ രഘു നൈനാൻ, ഇടവക സന്ദർശനം വൻ വിജയമാക്കാൻ നേതൃത്വം നൽകിയ കോൺഫറൻസ് ഭാരവാഹികൾക്കു നന്ദി അറിയിച്ചു.

സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ ഉദാരമായ പിന്തുണ വാഗ്ദാനം ചെയ്ത വികാരിക്കും ഇടവകാംഗങ്ങൾക്കും മാത്യു ജോഷ്വ നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment